2019 ഡിസംബര്‍ 12-ാം തീയതിയിലെ അസാധരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു നടപ്പില്‍ വന്ന 2019 ലെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരായി പല പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുവരുകയാണ്. ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന പ്രചരണങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന ഒരു അന്വേഷണം ഭേദഗതി നിയമത്തില്‍ എന്തെങ്കിലും ഭരണഘടനാ വിരുദ്ധതയുണ്ടോ എന്നു വിലയിരുത്തുവാന്‍ നിഷ്പക്ഷമതികള്‍ക്കു സഹായകമാകും.
ഇന്ത്യന്‍ ഭരണഘടനയിലെ ഇന്ത്യന്‍ പൗരത്തെ സംബന്ധിച്ച വ്യവസ്ഥകളും ഭരണഘടന പാര്‍ലമെന്റിനു നല്‍കിയിട്ടുള്ള അധികാരത്താല്‍ ഉണ്ടാക്കിയിട്ടുള്ള 1955 ലെ പൗരത്വനിയമവുമാണ് ഇന്ത്യന്‍ പൗരത്വം നിശ്ചയിക്കുന്നതിനും, നേടുന്നതിനും, നഷ്ടപ്പെടുന്നതിനും, റദ്ദുചെയ്യുന്നതിനുമുള്ള അടിസ്ഥാന നിയമങ്ങള്‍. ഇന്ത്യന്‍ ഭരണത്തില്‍ പങ്കാളിയാകുവാനും തന്നെ ഭരിക്കപ്പെടുവാന്‍ പോകുന്നവനെ നിശ്ചയിക്കുന്നതിനും വോട്ടവകാശത്തിലൂടെ ഒരു ഇന്ത്യന്‍ പൗരനുമാത്രം അധികാരം സിദ്ധിക്കും എന്നതിനാല്‍ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണ് പൗരത്വനിയമങ്ങള്‍.
ഇന്ത്യന്‍ പൗരത്വവും ഭരണഘടനയും
ഇന്ത്യന്‍ ഭരണഘടനയുടെ രണ്ടാംഭാഗം 5 മുതല്‍ 11 വരെയുള്ള അനുഛോദങ്ങളാണ് ഇന്ത്യന്‍ഭരണഘടന നിലവില്‍ വന്ന സമയത്തും അതിനുശേഷവും ഇന്ത്യപൗരത്വത്തിന് ആര്‍ക്കൊക്കെ അര്‍ഹതയുണ്ടെന്നു വ്യവസ്ഥചെയ്യുന്നത്.
(1) ഇന്ത്യന്‍ഭരണഘടന നിലവില്‍ വരുമ്പോള്‍ (26/11/1949) ഇന്ത്യയില്‍ സ്ഥിരതാമസമുള്ള (domicile) വനും ഇന്ത്യന്‍ രാജ്യാര്‍ത്തിക്കുള്ളില്‍ ജനിച്ചവനോ, മാതാവോ, പിതാവോ ഇന്ത്യയില്‍ ജനിച്ചവരോ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് 5 വര്‍ഷം ഇന്ത്യയില്‍ സ്ഥിരം താമസിച്ചുവരുന്നവനോ ഇന്ത്യന്‍ പൗരനാണെന്ന് ഭരണഘടനയുടെ 5-ാം അനുഛേദം പറയുന്നു. 6-ാം അനുഛേദം പറയുന്നത് വിഭജനത്തോടെ പാക്കിസ്ഥാന്‍ ആയി മാറിയ ഭൂവിഭാഗത്തുനിന്നും എന്നാല്‍ 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം (originally eracted) വിഭജിക്കപ്പെടാത്ത ഇന്ത്യയില്‍ ഉള്‍പ്പെട്ടതുമായ ഭൂഭാഗത്തുനിന്നും വിഭജിത ഇന്ത്യയിലേക്കു കുടിയേറിയവരുടെ പൗരത്വത്തെ കുറിച്ചാണ്. അവരോ അവരുടെ മാതാപിതാക്കളോ പൂര്‍വിക പിതാക്കളോ (grand parents) അവരില്‍ ഒരാളെങ്കിലും ആവിഭജിത ഇന്ത്യയില്‍ ജനിച്ചിരിക്കുകയും അവര്‍ 1948 ജൂലൈ 19 നുമുമ്പായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കുടിയേറുകയും അതിനുശേഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്ഥിരതാമസമാവുകയോ 1948 ജൂലൈ 19 നും ശേഷമോ മുമ്പോ ഇന്ത്യയിലേയ്‌ക്കു കുടിയേറുകയും അയാളുടെ അപേക്ഷ പ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ (Govt. of Dominion of India) ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാല്‍ ഇന്ത്യന്‍ പൗരനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ ആയ ആളെ ഇന്ത്യന്‍ പൗരനായി കണക്കാക്കപ്പെടും. അയാള്‍ രജിസ്‌ട്രേഷന് അപേക്ഷ നല്‍കുന്നതിനു മുമ്പായി ആറു മാസം ഇന്ത്യയില്‍ സ്ഥിരതാമസ മായിരിക്കണം.
പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ പൗരത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് അനുഛേദം 7 ആണ്. 01/03/1947 ന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലേയ്‌ക്കു കുടിയേറിയിട്ടുള്ളവര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുകയില്ല. എന്നാല്‍ അപ്രകാരം പോയിട്ടുള്ള ആരെങ്കിലും ഒരു റീസെറ്റില്‍മെന്റു പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലോ സ്ഥിരമായി മടങ്ങിവരുവാന്‍ നിയമപ്രകാരം അംഗീകരിച്ചു മടങ്ങിവന്നാലോ അവരെ 19/07/1949 ന് മുമ്പ് മടങ്ങി വന്നവരായി കണക്കാക്കി അനുഛേദം 6 ന്റെ ഗുണഭോക്താവായി കണക്കാക്കും.
8-ാം അനുഛേദം ഇന്ത്യന്‍ വംശജര്‍ക്കു വിദേശത്തുജനിച്ച കുട്ടികള്‍ക്കു എംബസി രജിസ്‌ട്രേഷനിലൂടെ അര്‍ഹതപ്പെട്ട പൗരത്വത്തേക്കുറിച്ചു വിവക്ഷിക്കുന്നു. വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ പൗരത്വം സ്വയമേവ നഷ്ടമാകുമെന്ന് 9-ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നു. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യന്‍ പൗരനോ പൗരനായി കണകാക്കുന്നവര്‍ക്കോ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിനു വിധേയമായ ഇന്ത്യന്‍ പൗരത്വം തുടരാമെന്നാണ് 10-ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യന്‍ പൗരത്വ സംബന്ധമായി നിയമനിര്‍മ്മാണം നടത്തുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റിനു പരമാധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്യുന്നതാണ് 11-ാം അനുഛേദം. അതായത് ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൗരത്വം നല്‍കണമെന്ന് നിശ്ചയിക്കുവാനും അതിന് ആവശ്യമായ നിയമംനിര്‍മ്മിക്കുവാനുമുള്ള പരമാധികാരം ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പാര്‍ലമെന്റിനു മാത്രമാണ് നല്‍കിയിട്ടുള്ളത്. അപ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു പൗരത്വനിയമമോ ഭേദഗതിയോ പാസ്സാക്കിയാല്‍ ആയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുവാനുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം വളരെ പരിമിതമാണെന്ന് ഭരണഘടനയും മുന്‍കാലവിധികളും വിശദമാക്കുന്നു.
ഭരണഘടനയുടെ 11-ാം ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ സംബന്ധിച്ചു നിര്‍മ്മിച്ചിട്ടുള്ള നിയമമാണ് 1955 ലെ പൗരത്വനിയമം. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയാണ് 2009 ലെ പൗരത്വ ചട്ടങ്ങള്‍. ആസാം കരാര്‍ നടപ്പിലാക്കുന്നതിനുവേണ്ടി 1985 ലും വിദേശികളായ ഇന്ത്യക്കാര്‍ക്ക് ഛഇക, ജകഛ ഇമൃറ കള്‍ നല്‍കുന്നതിനായി 2004, 2005, 2015 വര്‍ഷങ്ങളിലും പൗരത്വ നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു.
2019 ലെ ഭേദഗതിയുടെ ചരിത്രവും പാശ്ചാത്തലവും
ഇന്ത്യ നേരിട്ട ചൈന, പാക്കിസ്ഥാന്‍ യുദ്ധങ്ങളില്‍, പ്രത്യേകിച്ച് ബംഗ്ലാദേശിനു ജന്മം നല്‍കിയ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ധാരാളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു വന്നു. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലത്ത് ഉദ്ദേശം 13 ശതമാനത്തോളെ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തിനുള്ളില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇന്ത്യയും പാകിസ്ഥാനും അവരുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന വരെ മതഭേദമന്യേ സംരക്ഷിക്കണമെന്ന് വിഭജനകരാര്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ പാകിസ്ഥാന്‍ (പിന്നീട് ബംഗ്ലാദേശ് ആയ പ്രദേശമുള്‍പ്പെടെ) നിലനിന്നിരുന്നതായി പറയുന്ന മതപരമായ വിവേചനവും പീഢനവും സഹിക്കവയ്യാതെയും മറ്റുപല കാരണങ്ങളാലും ഹിന്ദു, ജൈന,ബുദ്ധ, പാര്‍സി, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് കടന്നു കയറുവാന്‍ ഇടയായി. അപ്രകാരം ഹിന്ദു ജനസംഖ്യ ഇപ്പോഴത്തെ പാകിസ്ഥാനില്‍ 1.3% മായി ചുരുങ്ങി. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ശക്തി പ്രാപിച്ചതോടെ ഇതേ സ്ഥിതി അഫ്ഗാനിസ്ഥാനിലും സംഭവിച്ചു. ഇപ്രകാരം വന്നവരെ കൂടാതെ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മുസ്ലീം വംശജര്‍ പല കാര്യങ്ങളാല്‍ ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. മതിയായ യാത്രരേഖകളില്ലാതെ ഇന്ത്യയിലേക്കു കടന്നു കയറുന്ന ഇവര്‍ പൗരത്വനിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ (illegal migrant) എന്ന നിര്‍വചനത്തില്‍ വരും.
അവരെ 1955 ലെ പൗരത്വനിയമം, 1967 ലെ പാസ്‌പോര്‍ട്ട് നിയമം, 1920 ലെ പാസ്‌പോര്‍ട്ട് (എന്‍ട്രി ഇന്‍ടു ഇന്ത്യാ ആക്ട്) 1950 ലെ പാസ് പോര്‍ട്ട് (എന്‍ട്രി ഇന്‍ടു ഇന്ത്യാ) ചട്ടങ്ങള്‍, 1948 ലെ വിദേശി ഉത്തരവ് (Foreginers orders 1948) തുടങ്ങിയ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരായതിനാല്‍ നിയമനടപടികള്‍ക്കു വിധേയരാക്കി അവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയയ്‌ക്കണമെന്നാണ് നിയമം.
പക്ഷേ ഭൂതകാല ഭാരതത്തിന്റെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മൂലം ഈ അഭയാര്‍ത്ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും യഥാസമയം കണ്ടെത്തുവാനോ അവരെ തിരിച്ചയയ്‌ക്കുവാനോ ഭാരതസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല എന്നത് ഒരു വാസ്തമായി അവശേഷിക്കുന്നു. ബംഗ്ലാദേശുമായി 2000 ത്തിലധികം കിലോമീറ്ററുകള്‍ അതിര്‍ത്തി പങ്കിടുന്ന ബംഗാളിലേയ്‌ക്ക് നുഴഞ്ഞു കയറുക എന്നത് അനധികൃതകുടിയേറ്റക്കാര്‍ക്ക് താരതമ്യേന എളുപ്പമായിരുന്നു. ദീര്‍ഘകാലമായി അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ കടന്നുകൂടുകയും ഇവിടെ സ്ഥിരതാമസമാ വുകയും ചെയ്തിരുന്നത് ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആവാസ സാമൂഹ്യവ്യവസ്ഥ അപ്പാടെ അസന്തുലപ്പെടുത്തുകയും 1980 കളില്‍ ആസംപ്രക്ഷോഭം തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ആസാം സംസ്ഥാനത്തായിരുന്നു. ആള്‍ ആസാം സ്റ്റുഡന്‍സ് യൂണിയനന്റെ നേതൃത്വത്തില്‍ സമര പ്രക്ഷോഭങ്ങള്‍ നടന്നു. 1985-ല്‍ കേന്ദ്രത്തില്‍ നിലനിന്നിരുന്ന സര്‍ക്കാരും പ്രക്ഷോഭകരും തമ്മില്‍ ആസാം സമാധാനകരാര്‍ ഉണ്ടാക്കി. പൗരത്വനിയമം ആയതിന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ വേണ്ടി ഭേദഗതി ചെയ്തു.
പൗരത്വനിയമമനുസരിച്ച് ഇന്ത്യന്‍ പൗരത്വം സിദ്ധിക്കുന്നത് ജനനം, (by birth) പിന്‍തുടര്‍ച്ച, (by decent) രജിസ്‌ട്രേഷന്‍, സ്വാഭാവികവല്‍ക്കരണം (by naturalisation), ആസാം കരാര്‍, ഇന്ത്യയിലേക്ക് ഒരു ഭൂപ്രദേശം കൂട്ടിച്ചേര്‍ക്കല്‍ എന്നീ ആറുരീതികളിലാണ്. മേല്‍വിവരിച്ച സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരത്വം ആര്‍ക്കൊക്കെ ഏതു സാഹചര്യങ്ങളില്‍ നല്‍കാമെന്ന് പൗരത്വനിയമത്തിലെ 3 മുതല്‍ 6 വരെയുള്ള വകുപ്പുകള്‍ വിശദമാക്കുന്നു. ഇപ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും 2009 ലെ പൗരത്വനിയമചട്ടങ്ങള്‍ വിശദമാക്കുന്നു.
ഒരു ഇന്ത്യന്‍ പൗരന്‍ സ്വയം രേഖാമൂലം നിരാകരിക്കുമ്പോഴൊ, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വയം സ്വീകരിക്കുമ്പോഴോ, ഭാരതസര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ പൗരത്വം സ്വയം നിരാകരിക്കുമ്പോഴോ പൗരത്വനിയമമനുസരിച്ച് ഇന്ത്യന്‍ പൗരനായിരുന്ന ഒരാള്‍ ഇന്ത്യന്‍ പൗരനല്ലാതെയാകും. ഇന്ത്യന്‍ പൗരത്വമില്ലാതെ ഇന്ത്യയില്‍ കഴിയണമെങ്കില്‍ അയാള്‍ ഇന്ത്യ അംഗീകരിക്കുന്ന ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉള്ളവനും ഇന്ത്യയില്‍ കഴിയുന്നതിന് ഭാരതസര്‍ക്കാര്‍ രേഖാമൂലം അനുവദിച്ചിട്ടുള്ളതും ആയിരിക്കണം. ഇത് നിര്‍ദ്ദേശിക്കുന്ന നിയമമാണ് 1920 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്ക് പ്രവേശന അനുമതി) നിയമം. അതുപ്രകാരം സാധുവായ പാസ്‌പോര്‍ട്ടോ മറ്റു അംഗീകൃത പ്രവേശന രേഖയോ ഭാരതസര്‍ക്കാരിന്റെ പ്രവേശാനുമതിയോ ഇല്ലാതെ ഇന്ത്യയിലേക്കു വന്നിട്ടുള്ളവരും, പാസ്‌പോര്‍ട്ടും പ്രവേശനാനുമതിയുമായി ഇന്ത്യയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വരുകയും കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിക്കുകയും ചെയ്യുന്നവനും അനധികൃത കുടിയേറ്റക്കാരനാണ് എന്ന് പൗരത്വ നിയമവും, പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്ക് പ്രവേശനാനുമതി) നിയമവും, 1967 ലെ പാസ്‌പോര്‍ട്ട് നിയമവും വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യന്‍ ഭരണഘടനയും പൗരത്വനിയമവുമനുസരിച്ച് അനധികൃത കുടിയേറ്റക്കാരനും, ഇന്ത്യയുടെ ശത്രുരാജ്യത്തില്‍ ജനിച്ചിട്ടുള്ള ശത്രുരാജ്യപ്രജകളുടെ സന്തതികള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കുക സാദ്ധ്യമല്ല. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഇസ്ലാം മത രാഷ്‌ട്രങ്ങളില്‍ നിന്നും അവിടുത്തെ മതപരമായ വിവേചനവും പീഡനവും സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ടിവന്ന ഹിന്ദു, ജൈന, ബുദ്ധ, പാര്‍സി, സിക്ക്, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ സ്വതന്ത്ര ഇന്ത്യയിലേക്ക് അഭയം തേടി വന്നിട്ടുണ്ട്. അവര്‍ക്കു പോകുവാന്‍ മറ്റു രാജ്യങ്ങളോ പ്രദേശങ്ങളോ ഇല്ല. അവരുടെ പ്രശ്‌നം ഒരു ദേശീയ മാനുഷിക പ്രശ്‌നമായിട്ടാണ് വിവിധകാലയളവില്‍ ഭാരതസര്‍ക്കാരും സര്‍ക്കാരിനെ നയിച്ചിരുന്നവരും (ഇന്ന് ഭേദഗതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള രാഷ്‌ട്രീയ സാമുദായകക്ഷികള്‍ ഉള്‍പ്പെടെ) കരുതി പോന്നിരുന്നത്. അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി നിയമനടപടികള്‍ക്കു വിധേയമാക്കി തിരിച്ചയയ്‌ക്കുന്നതിന് പ്രായോഗികമായി സാധിക്കാത്തതുകൊണ്ട് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ ഇന്ത്യയില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരുകയായിരുന്നു. അവരുടെ ഇന്ത്യയിലെ താമസത്തിന് നിയമപരമായ സാധുതനല്‍കുന്നതിനായി അവരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത് എന്ന് ഇന്ന് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള ഇന്ത്യയിലെ രാഷ്‌ട്രീയ കക്ഷികള്‍ തീരുമാനിച്ചിരുന്നുവെന്ന് മുന്‍കാല രേഖകള്‍ വ്യക്തമാക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും NDA സഖ്യകക്ഷികളും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഇസ്ലാംമത രാജ്യങ്ങളില്‍ നിന്നും അവിടെ ന്യൂനപക്ഷമായിട്ടുള്ളവരും മതപരമായ പീഡനം സഹിക്കവയ്യാതെ ആ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയിട്ടുള്ള മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെവരുമായ അനധികൃതകുടിയേറ്റക്കാരുടെ പ്രശ്‌നം നിയമപരമായി പരിഹരിക്കും എന്ന് 2014 ലെയും 2019 ലെയും NDA പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചു. ഭാരതീയ ജനത 2014 ലും 2019 ലും NDA യ്‌ക്ക് ഇന്ത്യ ഭരിക്കുവാന്‍ അനുമതി നല്‍കിക്കൊണ്ട് ഭൂരിപക്ഷ സമ്മതിദാന അവകാശം രേഖപ്പെടുത്തി. അങ്ങനെ ഈ കാലഘട്ടത്തില്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
മേല്‍പ്പറഞ്ഞ വാഗ്ദാനം നിറവേറ്റുന്നതിനായി 2014 ലെ ചഉഅ സര്‍ക്കാര്‍ 2015 സെപ്റ്റംബര്‍ 8-ാം തീയതിയിലെ അസാധാരണ ഗസറ്റിലൂടെ 1950 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്ക് പ്രവേശനം) ചട്ടവും, 1948 ലെ വിദേശി ഉത്തരവും ((Foreigners Order, 1948) ഭേദഗതി ചെയ്യുകയും പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ”ന്യൂനപക്ഷ സമുദായക്കാരും”, അവിടെ ”മതപരമായ വിവേചനത്തിനും പീഡനത്തിനും” വിധേയരായി ഇന്ത്യയിലേക്ക് വന്ന മേല്‍പ്പറഞ്ഞ ആറു മതവിഭാഗത്തില്‍പ്പെട്ടവരെ അവര്‍ 2014 ഡിസംബര്‍ 31 മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവരാണെങ്കില്‍ മേല്‍പ്പറഞ്ഞ നിയമങ്ങളില്‍ അനധികൃതകുടിയേറ്റക്കാരായി കണക്കാക്കരുതെന്ന് ചട്ടം ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു നടപ്പിലാക്കി. 2016 ജൂലൈ 18 ലെ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഭേദഗതിയിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നിട്ടുള്ള മേല്‍പ്പറഞ്ഞ മതനൂന പക്ഷങ്ങള്‍ക്കും ഈ ആനുകൂല്യം നല്‍കി വ്യവസ്ഥ ചെയ്തു. ഒരു ഉത്തരവോ ചട്ടമോ ഭേദഗതിചെയ്യുമ്പോള്‍ ആയത് കുറഞ്ഞത് 30 ദിവസമെങ്കിലും പാര്‍ലമെന്റിന്റെ സഭകളില്‍ വയ്‌ക്കണം. ആയതിലെ വ്യവസ്ഥകളോട് വിയോജിപ്പുണ്ടെങ്കില്‍ ഏത് കക്ഷിക്കും പാര്‍ലമെന്റ് അംഗത്തിനും ആ ചട്ടത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി അതു ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കരുതെന്ന് ഇരുസഭകളിലും രേഖാമൂലം ആവശ്യപ്പെടാം. 2015 ല്‍ വിജ്ഞാപനം ചെയ്യുന്നതിനു മുന്‍പോ പിന്‍പോ ഇന്ത്യയിലെ ഒരു കക്ഷിയും മേല്‍പ്പറഞ്ഞ ഭേദഗതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടില്ല. മുസ്ലീം സമുദായമോ അവര്‍ക്കുമാത്രം പ്രാമുഖ്യമുള്ള രാഷ്‌ട്രീയകക്ഷികളോ ഒരു വിയോജനവും രേഖാമൂലം ഉന്നയിച്ചില്ല. ഒരു വിവേചനവും അതില്‍ ഉള്‍പ്പെട്ടതായി ആരോപിച്ചില്ല. 2015 ലെ വിജ്ഞാപന തീയതിമുതല്‍ അത് ഭാരതത്തിന്റെ നിയമമായി നിലകൊള്ളുന്നു.
മേല്‍പ്പറഞ്ഞ 2015, 2016 കളിലെ ചട്ടഭേദഗതികളിലൂടെ അനധികൃത കുടിയേറ്റക്കാരല്ലാതെ മാറിയ മേല്‍പ്പറഞ്ഞവിഭാഗത്തെ 1955 ലെ പൗരത്വ നിയമത്തിന്റെ കീഴിലും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കരുതെന്നു വ്യവസ്ഥ ചെയ്യുന്നതിനും, അവര്‍ക്കു പൗരത്വനിയമതത്തിനു വിധേയമായി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുവാന്‍ ഒരു വകുപ്പ് (6ആ വകുപ്പ്) പൗരത്വനിയമത്തില്‍ ഉള്‍പ്പെടുത്തുവാനും, അതിനു പൗരത്വനിയമചട്ടങ്ങളില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എഴുതിചേര്‍ക്കുവാന്‍ അധികാരം നല്‍കുന്നതിനുമായിരുന്നു 2019 ലെ പൗരത്വനിയമഭേദഗതി. ചുരുക്കി പറഞ്ഞാല്‍ 2015 ലെയും 2016 ലെയും മേല്‍പ്പറഞ്ഞ വിജ്ഞാപനപ്രകാരം അനധികൃത കുടിയേറ്റക്കാരല്ലാതെ യാവുകയും 2014 ഡിസംബര്‍ 31 നു മുമ്പായി ഇന്ത്യയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരുമായ ആളുകള്‍ക്ക് പൗരത്വ നിയമത്തില്‍ രജിസ്‌ട്രേഷന്‍, സ്വാഭാവികവല്‍ക്കരണം എന്നീ വകുപ്പുകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള അയോഗ്യത നീക്കുന്നതിനു മാത്രമാണ് ഭേദഗതി. പക്ഷെ, ഈ ഭേദഗതി നിയമം ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചപ്പോള്‍ മുന്‍പില്ലാതിരുന്ന എതിര്‍പ്പ് മുസ്ലീം സമുദായഭൂരിപക്ഷമുള്ള രാഷ്‌ട്രീയകക്ഷികള്‍ ഉയര്‍ത്തി. അവരോടൊപ്പം കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ ഭേദഗതിയെ ശക്തമായി എതിര്‍ത്തു. എന്ത് എതിര്‍പ്പുണ്ടായാലും നിയമം പാസ്സാകും എന്നു വന്നപ്പോള്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും ജനങ്ങളും പ്രക്ഷോഭം ഉണ്ടാക്കി. ഭരണഘടനാലംഘനമാണ് നിയമം എന്നും പ്രഖ്യാപിച്ചു. ഭേദഗതി നിയമം രാഷ്‌ട്രപതി ഒപ്പുവയക്കുന്നതിനു മുമ്പ് തന്നെ ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചു കിട്ടണമെന്ന് കേസ് നല്‍കുമെന്നും പ്രഖ്യാപിച്ചു. ഭേദഗതി രാഷ്‌ട്രപതി ഒപ്പുവച്ചതിനു പിറ്റേദിവസം മുതല്‍ തന്നെ സുപ്രീംകോടതിയില്‍ അറുപതോളം പേര്‍കേസ് ഫയല്‍ ചെയ്തു. ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരകാരിച്ചു. സര്‍ക്കാരിനു വിശദീകരണ മറുപടി നല്‍കുന്നതിനു കേസ് മാറ്റി. കേസിലെ വാദങ്ങളിലെ കഴമ്പില്ലായ്‌മ മനസ്സിലാക്കിയിതുകൊണ്ടോ തെരുവിലെ പ്രക്ഷോഭങ്ങള്‍ കോടതിയെ സ്വാധീനിക്കും എന്ന മിഥ്യാധാരണകൊണ്ടോ പ്രക്ഷോഭം ആളിക്കത്തിക്കുവാനും ശ്രമം തുടങ്ങി. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഒരിക്കല്‍പ്പോലും വിലകല്പിക്കാത്തവരും ഇന്ത്യന്‍ പതാകയെ സലൂട്ടു ചെയ്യുവാന്‍ വിമുഖത കാട്ടിയിട്ടുള്ളവരും പോലും ഭരണഘടനാ സംരക്ഷകരായി സമരരംഗത്തു വന്നു. അണികളും ആശയങ്ങളും നഷ്ടമായി അപ്രസക്തമായികൊണ്ടിരുന്ന പ്രതിപക്ഷകക്ഷികള്‍ തെരുവിലിറങ്ങിയ വിഭാഗത്തെ വോട്ടുബാങ്കാക്കാമെന്ന വ്യാമോഹത്താല്‍ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്രസമരമായി പ്രഖ്യാപിച്ച് പിന്തുണയേകി. ഭാരതസര്‍ക്കാര്‍ ഹിന്ദുരാഷ്‌ട്രനിര്‍മ്മാണത്തിനു തുടക്കം കുറിച്ചു എന്നും ഇന്ത്യന്‍ പൗരന്മാരായ മുസ്ലീം ജനവിഭാഗത്തിന് ഇന്ത്യവിട്ടു പോകുന്നതിനു ഭേദഗതി വഴിയൊരുക്കുമെന്നും അതുകൊണ്ടാണ് വിവേചനപരമായി അനധികൃതകുടിയേറ്റകാരായി ഇന്ത്യയിലേക്കു വന്നിട്ടുള്ള മുസ്ലീം വിഭാഗത്തെ ഭേദഗതിയില്‍ ഉള്‍പ്പെടുത്താത്തതെന്നും വ്യാഖ്യാനം ചെയ്തു പ്രചാരണനടത്തി നല്ലൊരുവിഭാഗം ജനത്തെ ഭിതിയിലാഴ്‌ത്തി. സത്യം പദയാത്രയ്‌ക്കു പാദരക്ഷ ധരിക്കുന്നതിനു മുമ്പായി അസത്യം മൂന്നു പ്രദിക്ഷിണം പറന്നു നടത്തം എന്ന പഴമൊഴി യാഥാര്‍ത്ഥ്യവല്‍ക്കരിച്ചപോലെ നല്ലൊരു വിഭാഗം മേല്‍പ്പറഞ്ഞ പ്രചരണം വിശ്വസിച്ചു. അക്രമകാരികളായ പ്രക്ഷോഭര്‍ക്കു പോലും മാധ്യമങ്ങള്‍ താരപരിവേഷവും വീരപരിവേഷവും നല്‍കി. പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും അവരെ മഹത്‌വല്‍ക്കരിക്കുവാനും ഇപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങിയില്ലെങ്കില്‍ ഭരണഘടന അട്ടിമറിക്കപ്പെടുമെന്നും ഭാരതം ഹിന്ദുരാഷ്‌ട്രമാക്കുമെന്നും മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ചു മുസ്ലീംങ്ങള്‍ക്ക് ഇന്ത്യയിലെ ജീവിതം ദുസഹകമാകുമെന്നും വ്യാപകപ്രചരണം നടത്തി.
ഇനിനമുക്ക് ഭേദഗതിയേയും, ജനിക്കാത്ത ദേശീയ പൗരത്വരജിസ്റ്ററിനെയും എതിര്‍ക്കുന്നവരുടെ വാദങ്ങളുടെ കഴമ്പ് പരിശോധിക്കാം. അവരുടെ പ്രധാനവാദങ്ങള്‍ ഭേദഗതി (1) ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന സെക്കുലാര്‍ സ്വഭാവത്തിനു വിരുദ്ധമാണ് എന്നും (2) ഈ നിയമം മുസ്ലീമിനെ വേര്‍തിരിച്ചു വിവേചനപരമായി കാണുകയാല്‍ അത് ഇന്ത്യന്‍ ഭരണഘടനയുടെ 14, 21 എന്നീ അനുഛേദങ്ങള്‍ക്ക് എതിരാണ് എന്നും അതിനാല്‍ ഭേദഗതി ഭരണഘടനാവിരുദ്ധമാണ് എന്നുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്നത് ഇന്ത്യന്‍ പൗരന്മാരെയാണ് ”We the citizen of India” എന്നാണ് അല്ലാതെ “We the people found in India” എന്നല്ല. മേല്‍പ്പറഞ്ഞ ആമുഖത്തിലെ ”സെക്കുലര്‍” ”സോഷ്യലിസ്റ്റ്” എന്നി പദങ്ങള്‍ ഭരണഘടനാശില്പികള്‍ നമ്മുക്കുതന്ന ഭരണഘടനയില്‍ ഉണ്ടായിരുന്നില്ല. 1977 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടതാണ്. പലവിധിന്യായങ്ങളിലും സുപ്രീംകോടതി ആമുഖത്തിന്റെയും ആയതിലെ ‘സെക്കുലര്‍’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങളുടെയും അര്‍ത്ഥമെന്താണെന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്. സെക്കുലാര്‍ എന്ന പദം ഇന്ത്യയുടെ രാഷ്‌ട്രീയസാമൂഹിക മേഖലയില്‍ വളരെയോറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും സങ്കുചിതതാല്പര്യങ്ങള്‍ സ്ഥാപിച്ച് എടുക്കുന്നതിന് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതുമാണ്. സെക്കുലാര്‍ രാഷ്‌ട്രം എന്നാല്‍ മതമില്ലായ്‌മ അല്ല. മതപോഷണവുമല്ല. മതം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലോ ഭരണത്തിലോ സ്വാധീനം ചെലുത്താത്ത അവസ്ഥയാണ്. ഇന്ത്യയിലെ പൗരന്മാരായ എല്ലാ മതവിഭാഗക്കാര്‍ക്കും പൗരത്വനിയമത്തിലുള്ള തുല്യത ഭേദഗതി കൊണ്ടു ഒരിക്കലും നഷ്ടമാകുന്നില്ല എന്നതാണു വാസ്തവം. ഒരു നിയമനിര്‍മ്മാണത്തില്‍ വിവേചനം നിശ്ചയിക്കുമ്പോഴും, 14, 21 എന്നീ അനുഛേദങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനത്തെ വ്യാഖ്യാനിക്കുമ്പോഴും പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങള്‍ വ്യത്യസ്ഥമാണെന്ന് കാണാം. അതായത് വിവേചനം പാടില്ല എന്നതല്ല. വിവേചനം സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ ആയതിനു മതിയായ അടിസ്ഥാനവും സാധൂകരണവും ഉണ്ടായിരിക്കണമെന്നു മാത്രമാണ് ഭരണഘടനാതത്വം. ഈ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്മാരായ മുസ്ലീംങ്ങള്‍ക്ക് ബാധകമല്ലാത്തതുകൊണ്ട് അവരുടെ പൗരത്വാവകാശത്തെ ഭേദഗതി ഒരുവിധത്തിലും ബാധിക്കുന്നില്ല. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍പോലും മറ്റൊരുരാജ്യത്തുനിന്നും അംഗീകൃതമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയില്‍ വന്നശേഷം ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാം. അപ്രകാരം അന്യരാജ്യപ്രജകളായിരുന്ന അനേകം മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കിയിട്ടുണ്ട്. പിന്നെ ആര്‍ക്കുവേണ്ടിയാണ് പ്രക്ഷോഭം? ആരുടെ താല്പര്യം സംരക്ഷിക്കുവാനുള്ളതാണ് പ്രക്ഷോഭം? പ്രക്ഷോഭകര്‍ ഇന്നുവരെ ഇതിനുത്തരം നല്‍കുവാന്‍ താല്പര്യം കാണിക്കുന്നില്ല. പ്രക്ഷോഭകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്ലീം രാഷ്‌ട്രങ്ങളില്‍ നിന്നം മതരാഷ്‌ട്രത്തിന്റെ എല്ലാ ലാളനകള്‍ അനുഭവിക്കുമ്പോഴും ഇന്ത്യയിലേക്ക് വിവിധങ്ങളായ ഉദ്ദേശങ്ങള്‍ ലക്ഷ്യം വച്ച് നുഴഞ്ഞു കയറി ഇന്ത്യയില്‍ വിധ്വംസകപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും വരെ നടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കും ഭേദഗതിയില്‍ പറയുന്ന ആനുകൂല്യം നല്‍കി ഇന്ത്യയില്‍ പൗരത്വം നല്‍കി അധിവസിക്കപ്പെടണമെന്നാണ്. അതായത് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്ലീം രാഷ്‌ട്രത്തിലെ ഭൂരിപക്ഷ സമുദായത്തിലെ പൗരന്മാര്‍ക്കും മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലും അവിടുത്തെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്കും മതപീഡനം മൂലം ഇന്ത്യയിലേക്ക് വന്ന ആ രാജ്യങ്ങളിലെ ന്യൂനപക്ഷസമുദായങ്ങള്‍ക്കു നല്‍കുന്ന തുല്യപരിഗണന നല്‍കണമെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇരയ്‌ക്കും വേട്ടക്കാരനും തുല്യ പരിഗണന നല്‍കണം എന്നര്‍ത്ഥം. ഇത് അംഗീകരിച്ചാല്‍ ഭേദഗതിയുടെ പ്രസക്തിയും അന്തസത്തയും നഷ്ടമാവുകയും ഭേദഗതി തന്നെ അപ്രസക്തവുമാകും. മതപീഡനകൊണ്ട് ഇന്ത്യയില്‍ അഭയം തേടിയ ഇതരമതക്കാരെ ഇന്ത്യയിലും വെറുതെ വിടാന്‍ മനസ്സില്ലെന്നുചുരുക്കം.
ആസാം കരാര്‍ ഒപ്പുവച്ചത് ഇന്നു പ്രക്ഷോഭം നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആസാമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുവാന്‍ വിധിച്ചതും അതിനു മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിച്ചതും ഇന്ത്യന്‍സുപ്രീം കോടതിയാണ്. അതിന്റെ പിന്‍ബലത്തില്‍ ദേശവ്യാപകമായി പൗരത്വരജിസ്റ്റര്‍ നടപ്പിലാക്കുവാന്‍ 2003 ല്‍ ചട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.
ഭേദഗതിയില്‍ അനധികൃതകുടിയേറ്റക്കാരല്ലാതെ കണക്കാക്കണം എന്നു വിവക്ഷിച്ച ആറുമതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു എന്ന പ്രചാരണവും വാസ്തവമല്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന തടസ്സംമാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. ആയതിനും രണ്ടുവ്യവസ്ഥകള്‍ പാലിച്ചിരിക്കണം (1) അവര്‍ മേല്‍പറഞ്ഞ ഇസ്ലാം മതരാഷ്‌ട്രങ്ങളില്‍ ന്യൂനപക്ഷമായിരിക്കണം (2) അവര്‍ മതപരമായ വിവേചനത്താലും മതപീഡനത്താലും ഇന്ത്യയിലേക്കു കടന്നുകയറിയവരായിരിക്കണം. ഇത് ഏതിന്റെയൊക്കെ അടിസ്താനത്തില്‍ തീരുമാനിക്കുമെന്നും, ഏത് അധികാരി തീരുമാനിക്കുമെന്നും ഇനി ചട്ടങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ അറിയുവാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കുവാന്‍ പോലും സാധിക്കുകയുള്ളൂ. ഇനി പ്രക്ഷോഭകര്‍ ആവശ്യപ്പടുംപോലെ മുസ്ലീം മതസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാലും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ അവര്‍ക്ക് ഒരിക്കലും ബാധകമല്ലാത്തതിനാല്‍ ഒരു കാരണവശാലും ഭേദഗതിയുടെ ആനുകൂല്യം അവര്‍ക്ക് ലഭിക്കില്ല. നോട്ടുനിരോധനം, മുത്തലാഖ് ക്രിമിനല്‍വല്‍ക്കരണം, കാശ്മീര്‍വിഭജനം, ഭരണഘടനയിലെ അനുഛേദം 370, 35 അ എന്നിവ നീക്കം ചെയ്യല്‍ തുടങ്ങിയവയും അവസാനമായി അയോദ്ധ്യവിധിയും ഇന്ത്യയിലെ സമാധാനപ്രിയരായ സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് തല്പരകക്ഷികള്‍ ദുരുപയോഗം ചെയ്‌തോ എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലീമിനെ ബാധിക്കാത്ത ഈ ഭേദഗതിക്കെതിരെയും പൗരത്വരജിസ്റ്ററിന് എതിരെയും മുംസ്ലീംങ്ങളെ പ്രത്യേകിച്ച് യുവതീയുവാക്കളെ സമരമുഖത്ത് എത്തിക്കുവാന്‍ കഴിയുമായിരുന്നില്ല.
2015 ല്‍ തത്വത്തിന്‍ നടപ്പിലാക്കിയ ആനുകൂല്യത്തിന് ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നത് എന്തിന് എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരമില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2005 ല്‍ ആസാം പൗരത്വരജിസ്റ്റര്‍ നിര്‍മ്മാണനടപടികള്‍ക്ക് എതിരെയും ഇപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലാത്ത ദേശീയപൗരത്വ രജിസ്റ്റര്‍ നിര്‍മ്മാണത്തിനെതിരെയും പ്രക്ഷോഭമെന്തിന്? ഇന്ന് ഇന്ത്യന്‍ പൗരന്മാരായി കഴിയുന്നവര്‍ ദേശീയ പൗരത്വരജിസ്റ്ററിനെ എതിര്‍ക്കുന്നതെന്തിന് ? ഭരണഘടന വിഭാവനം ചെയ്യുന്ന കോമണ്‍ സിവില്‍ക്കോഡിനെപ്പറ്റി ആലോചിക്കുവാന്‍ പോലും സമ്മതിക്കാത്തവര്‍ ഭരണഘടന നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രേരകശക്തികള്‍ ആരാണെന്ന് ഓരോ ഇന്ത്യന്‍ പൗരനും ചിന്തിക്കുവാന്‍ സമയമായി. ഇല്ലെങ്കില്‍ കാലിക്കൂട്ടം പോലെ പ്രക്ഷോഭകര്‍ നയിക്കുന്ന വഴിയെ നിങ്ങള്‍ക്കു വഴിതെറ്റി അലയേണ്ടിവരും ഒരിക്കലും നേരറിയാതെ.
















