ബെംഗളൂരു: പൗരത്വ നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് കലാപങ്ങള്‍ അഴിച്ചുവിടുന്ന എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കര്‍ണാടക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലും ജിഹാദി സംഘടനകളെ നിരോധിക്കാനൊരുങ്ങുന്നത്.
മംഗളൂരുവില്‍ ജിഹാദി സംഘടനകള്‍ നടത്തിയ കലാപങ്ങള്‍ക്ക് പിന്നാലെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ജിഹാദി സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി വ്യക്തമാക്കി. സമാനമായ അഭിപ്രായം തന്നെ കര്‍ണാടക മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും പങ്കുവച്ചു.
സമൂഹത്തില്‍ ഒരു അടിത്തറയുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് കാബിനറ്റിനുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇത്തരം സംഘടനകള്‍ നടത്തുന്നതെന്നും ഇവ നിരോധിക്കാനുള്ള ചര്‍ച്ചകള്‍ മന്ത്രിസഭയില്‍ നടന്നതായും പ്രൈമറി ആന്റ് സെക്കന്ററി എഡ്യൂക്കേഷന്‍ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
മുന്‍പ് ടൂറിസം മന്ത്രി സി ടി രവിയും ഈ സംഘടനകള്‍ക്കെതിരെ നിലവില്‍ വന്നിരുന്നു. അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫര്‍ഹാന്‍ പാഷയ്‌ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്നും തെളിവുകള്‍ ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
















