ന്യൂദല്‍ഹി: ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗത്തോടുള്ള സഹതാരങ്ങളുടെ വിവേചനപരമായ പെരുമാറ്റത്തെ കുറിച്ചുള്ള പാക് മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ പ്രതികരണത്തെ സാധൂകരിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്‍. ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ലെന്നും അക്തര്‍ വെളിപ്പെടുത്തിരുന്നു. പുറത്തു വന്നത് പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖമെന്നു ഗംഭീര്‍ പ്രതികരിച്ചു. പാക്കിസ്ഥാന്റെ സ്വഭാവമാണത്. എന്നാല്‍, തൊട്ടിപ്പുറത്തേക്ക് നോക്കൂ, മുഹമ്മദ് അസഹ്‌റുദ്ദീന്‍ എന്ന മുസ്ലിം വര്‍ഷങ്ങളോളം നായകനായ ടീമാണ് ഇന്ത്യയുടേത്. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും ഗംഭീര്‍.
ഗെയിം ഓണ്‍ ഹായ്’ എന്ന ക്രിക്കറ്റ് ഷോയിലാണ് പാക് ടീമില്‍ രണ്ടാമതായി എത്തിയ ഹിന്ദു മതവിശ്വാസിയായ ഡാനിഷ് കനേരിയയ്‌ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അക്തര്‍ തുറന്നു പറഞ്ഞത്. അക്തറിന്റെ വെളിപ്പെടുത്തില്‍ ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയുമായി. തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയയും വ്യക്തമാക്കി. ഒരു ഹിന്ദു ആയതിനാല്‍ തന്നോട് സംസാരിക്കാന്‍ പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതിന് തയ്യാറാണെന്നും കനേരിയ വ്യക്തമാക്കിയിരുന്നു.
















