ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യോശു ക്രിസ്തുവിന്റെ പ്രതിമ ഇനി കര്‍ണാടകയില്‍ ഉയരും. കോണ്‍ഗ്രസ് എംഎല്‍എ ഡി.കെ. ശിവകുമാറാണ് പ്രതിമയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
ക്രിസ്മസ് ദിനമായ ഇന്നലെയാണ് 114 അടി ഉയരമുള്ള ക്രൈസ്തവ തിരുരൂപത്തിന്റെ ശിലാസ്ഥാപനം എംഎല്‍എ നിര്‍വഹിച്ചത്. ഗ്രാനൈറ്റിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. രാംനഗരയിലെ കനകപുര താലൂക്കിലെ ഹറോബെല്ലെ ഗ്രാമത്തിലെ കപാലിബേട്ടയിലായിരുന്നു ചടങ്ങ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ഏക്കര്‍ സ്ഥലത്താണ് ക്രിസ്തുവിന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇന്നലെ ക്രിസ്മസ് ദിനത്തില്‍ പ്രതിമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രതിമയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന ട്രസ്റ്റിന് ശിവ കുമാര്‍ കൈമാറി.
114 അടി ഉയരമുള്ള പ്രതിമയുടെ 13 അടി സ്റ്റെപ്പുകളാണ്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്റെ പ്രതിമയ്‌ക്ക് അടിത്തറയുള്‍പ്പടെ 98 അടിയാണ് ഉയരം. അടിത്തറക്ക് മാത്രം 26 അടി ഉയരമുണ്ട്.
















