ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഏതൊരു പ്രകോപനത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദല്‍ഹിയില്‍ നടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സാഹചര്യത്തെ നേരിടാന്‍ സൈന്യം വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി.
നേരത്തെ, 2019ലെ പ്രതിഭകള്‍ക്കുള്ള രക്ഷാ മന്ത്രി അവാര്‍ഡുകള്‍ പ്രതിരോധ മന്ത്രി ചടങ്ങില്‍ സമ്മാനിച്ചിരുന്നു. കന്റോണ്‍മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, വ്യത്യസ്ത കഴിവുള്ള കുട്ടികള്‍ക്കുള്ള കേന്ദ്രങ്ങള്‍ പരിപാലിക്കുക, സ്വച്ഛ് ചവാനി- സ്വസ്ത് ചവാനി എന്നിവ ഉള്‍പ്പെട്ട എട്ട് വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
















