ഹൈദരാബാദ്: ഏതുമതത്തില്‍പ്പെട്ടവരായാലും ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് രാഷ്‌ട്രീയ സ്വയം സേവക് സംഘ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നത്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌ക്കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്ന ഏതൊരാളും ഏതുമതത്തില്‍പ്പെട്ടവരായാലും അവര്‍ ഹിന്ദുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ആര്‍എസ്എസിന്റെ വിജയ സങ്കല്‍പ്പ ശിബിരത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 20000-ലധികം പ്രവര്‍ത്തകര്‍ പരുപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയുടെ മകന്‍ ഏത് ഭാഷ സംസാരിക്കുന്നവനായാലും ഏത് മതത്തില്‍പ്പെട്ടവനായാലും ഏത് ആരാധന രീതി പിന്തുടര്‍ന്നാലും ഇനി വിശ്വാസമില്ലാത്തവനായാലും അവന്‍ ഹിന്ദുവാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെയും ജലത്തെയും ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്‌നേഹിക്കുന്നവര്‍ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
















