ന്യൂദല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് യുപിഎ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാരിന്റെ പൗരത്വ രജിസ്‌ട്രേഷനേയും, പൗരത്വ ഭേദഗതി നിയമത്തേയും എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതു പ്രകാരം പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിനായി 2012ല്‍ തന്നെ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 2012 ആഗസ്റ്റ് 28ന് ലോക്സഭാംഗങ്ങളായിരുന്ന ഹരീന്‍ പാഠക്കും, യോഗി ആദിത്യനാഥും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര സഹമന്ത്രി ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
പൗരത്വ നിയമത്തിനു പിന്നാലെ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് എന്‍ആര്‍സി എന്നൊരു ആശയം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദഗതികളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. 2012ല്‍ തന്നെ എന്‍പിആര്‍ തയ്യാറാക്കുന്നത് എന്‍ആര്‍സിക്കു മുന്നോടിയായാണ് എന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച യുപിഎ മോദി സര്‍ക്കാര്‍ ഇത് നടപ്പാക്കിയപ്പോള്‍ എതിര്‍ക്കുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകളും. അതേസമയം എന്‍പിആര്‍ വെറെ ആശയമായിരുന്നെന്ന് കോണ്‍ഗ്രസ്സിനെ ന്യായീകരിച്ച് പി.ചിദംബരം രംഗത്ത് എത്തി. യുപിഎ സര്‍ക്കാര്‍ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങളാണ് തയ്യാറാക്കാന്‍ തീരുമാനിച്ചത്. അല്ലാതെ പൗരത്വം സംബന്ധിച്ചല്ലെന്നാണ് ചിദംബരം മറുപടി നല്‍കിയത്.
















