ന്യൂദല്‍ഹി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തു നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതും പിന്നില്‍ പ്രവര്‍ത്തിച്ചതും പോപ്പുലര്‍ ഫ്രണ്ടാണെന്നു വിവിധ സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമഭേദഗതിക്കെതിരേ വ്യാപകമായി ദേശവിരുദ്ധ പ്രവര്‍ത്തനത്തിനാണ് പോപ്പുലര്‍ ഫ്രണ്ട് ഒത്താശ ചെയ്തത്. ഇതിനാല്‍, ഇത്തരത്തിലുള്ള എല്ലാ കേസുകളും എന്‍ഐഎ അന്വേഷിക്കാനാണ് നിര്‍ദേശം. സംഘടനയെ നിരോധിക്കും മുന്‍പ് കൃത്യമായ തെളിവുകള്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഇല്ലെങ്കില്‍ അതു കോടതിയില്‍ തിരിച്ചടിക്ക് കാരണമാകും.
അതേസമയം, ജാര്‍ഖണ്ഡിനു പിന്നാലെ യുപിയില്‍ പോപ്പുവര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയത്. സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിനിടെ 16 പേര്‍ യുപിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി. യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മീററ്റില്‍ അറസ്റ്റിലയാവരില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടക്കം ചില നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
കേരളത്തില്‍ ആണ് മുസ്ലിം ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം. അതുകൊണ്ടു തന്നെ വിഷയത്തില്‍ കേരളത്തിന്റെ നിലപാടും ഏറെ നിര്‍ണായകമാണ്.കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മാസങ്ങള്‍ക്കു മുന്‍പേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന രാജ്യത്തെ മുഴൂവന്‍ ഡജിപിമാരുടെയും യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ചര്‍ച്ചാവിഷയമായിരുന്നു. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഈ മുസ്ലിം ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്പാദിച്ച വിവരങ്ങളും അവതരിപ്പിച്ചു.
ഇതാദ്യമായാണ് ഡിജിപിമാരുടെ സമ്മേളനത്തില്‍ ഒരു സംഘടനയെക്കുറിച്ച് ചര്‍ച്ച നടക്കുന്നത്. ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഒട്ടേറെ ആക്രമണ സംഭവങ്ങളില്‍ നാല് കൊലപാതകങ്ങളില്‍ ആ സംഘടനയ്‌ക്കുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നറിയിച്ചു. ഇതു സംബന്ധിച്ച് അവസാന അന്വേഷണവും പരിശോധനയും നടത്തിയ ശേഷം നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
















