ന്യൂദല്‍ഹി : ദേശീയ പൗരത്വ രജിസ്റ്ററിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ഏഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. തെറ്റായി വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കാനും അവര്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി.
ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അവര്‍ ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്. നാം ഒരുമിച്ച് ഈ തീരുമാനത്തെ ചെറുക്കണം. എന്‍പിആര്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ നമ്മുടെ ഫോണ്‍ നമ്പര്‍, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ അവര്‍ ചോദിക്കും. ഇതിനെല്ലാം തെറ്റായ വിവരങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തില്‍ അരുന്ധതി റോയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. ജനങ്ങളെ പ്രകോപിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വളര്‍ത്തി തെരുവിലേക്ക് ഇറക്കാനാണ് അവരുടെ ഈ ആഹ്വാനം. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അരുന്ധതി റോയിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹത്തിന് അപകടകാരിയാണ് അരുന്ധതി റോയി എന്നും, ദേശീയ സുരക്ഷയെ തന്നെ വെല്ലുവിളിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ അവരെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ മറുപടിയിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
















