ആഗ്ര: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വിദ്യാര്‍ഥികളെ ഒരു പ്രകോപനവുമില്ലതെ പോലീസ് തല്ലിയെന്ന ജിഹാദി മാധ്യമങ്ങളുടെ വാദം പൊളിച്ച് വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വിദ്യാര്‍ഥികള്‍ ഗേറ്റ് തകര്‍ക്കുന്നതിന്റെയും പോലീസിനെ കല്ലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ഇന്നാണ് പോലീസ് പുറത്തുവിട്ടത്. പോലീസ് എന്തെങ്കിലും ചെയ്യും മുന്‍പു തന്നെ കല്ലേറ് തുടങ്ങിയെന്ന് പത്തു മിനിറ്റ് നീളുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. പ്രധാന കവാടം വിദ്യാര്‍ഥികള്‍ ബലമായി കുലുക്കി തകര്‍ ക്കുന്നത് കാണാം. പോലീസിന്റെ വലയവും ബാരിക്കേഡുകളും ഭേദിച്ച അവര്‍ പോലീസിനെ കല്ലെറിയുന്നു. സ്വയരക്ഷയ്‌ക്ക് പോലീസ് ജലപീരങ്കിയടക്കമുള്ളവയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു, വീഡിയോ പുറത്തുവിട്ട് എസ്എസ്പി ആകാശ് കുലഹരി പറഞ്ഞു.
അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ സിമിയുടെ സാന്നിധ്യമുണ്ടെന്നും പോപ്പുലര്‍ഫ്രണ്ടിന് ഇതുമായി ബന്ധമുണ്ടെന്നും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഡിജിപി ഒ.പി. സിങ്ങും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മാസങ്ങളോളം തങ്ങിയവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും യുപി പോലീസ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളത്തിലെ ഡിജിപിയ്‌ക്ക് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.
സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ പെട്ടെന്ന് വലിയ അക്രമങ്ങളിലും വെടിവയ്‌പ്പുകളിലുമെത്തിയതില്‍ പല പ്രമുഖരും സംശയം പ്രകടിപ്പിച്ചിരുന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ന്യൂനപക്ഷങ്ങളെ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കലാപത്തിനിറക്കിയതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ദല്‍ഹി പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചിരുന്നു. ഈ വാക്കുകള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ബിഎസ്പി നേതാവ് മായാവതിയുടെ ഇന്നലത്തെ വാക്കുകളും. നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രം ശ്രമിക്കണമെന്നു പറഞ്ഞ മായാവതി പ്രക്ഷോഭത്തിനിടയ്‌ക്ക് ആരെങ്കിലും തങ്ങളെ രാഷ്‌ട്രീയമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചോയെന്ന് മുസ്ലീങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
















