ധാക്ക: രോഹിങ്ക്യന്‍ കുടിയേറ്റം ഏഷ്യാ പസഫിക് മേഖലയുടെ സുരക്ഷയെ ആകമാനം ബാധിക്കുന്ന പ്രശ്‌നമാണെന്ന് തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇത് പരിഹരിക്കുന്നതിനായി അന്താരാഷ്‌ട്ര സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും ബംഗ്ലാദേശ് ഇസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിച്ച ധാക്ക ഗ്ലോബല്‍ ഡയലോഗ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഹസീനുടെ പരാമര്‍ശം.
ഇതിന് ഒരു ശാശ്വത പരിഹാരം ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനായി അന്താരാഷ്‌ട്ര സമൂഹം ഒത്തൊരുമിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ഹസീന അഭിപ്രായപ്പെട്ടു. ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം പട്ടിണിയാണ്, സാമൂഹിക സാമ്പത്തിക വളര്‍ച്ചക്കും മേഖലയുടെ സുരക്ഷക്കും സമാധാന അന്തരീക്ഷം നിലനിര്‍ത്തുവാനും രാജ്യങ്ങള്‍ പരസ്പര സഹകരണം ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 11 ലക്ഷം രോഹിങ്ക്യന്‍ വംശജരാണ് ബംഗ്ലാദേശില്‍ അധിവസിക്കുന്നത്. ഇതില്‍ എഴു ലക്ഷത്തില്‍ അധികംപേരും 2017 ലെ മ്യാന്‍മാര്‍ സൈനിക നടപടിയെ തുടര്‍ന്ന് അവിടുന്ന് പാലായനം ചെയ്തു വന്നവരാണ്. 2017 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നാല്‍പതിനായിരത്തിലധികം രോഹിങ്ക്യന്‍ വംശജരായിരുന്നു ഉണ്ടായിരുന്നത്.
















