ഒരു മാധ്യമ പ്രവര്ത്തകന് ആക്രമിക്കപ്പെടുന്നത് യു-ട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടുവെങ്കില്‍ അതെന്താണ് സൂചിപ്പിക്കുന്നത്? കണ്ടവര്‍ വീണ്ടും വീണ്ടും ആ വിഡിയോ കാണുന്നുണ്ടെങ്കിലോ? ആനന്ദകരമായി ജനങ്ങള്‍ക്ക് അത് തോന്നുന്നു എന്നല്ലേ അതിനര്‍ത്ഥം? അത്രക്ക് ആ മാധ്യമ പ്രവര്‍ത്തകനെ സമൂഹം വെറുക്കുന്നു. ആരാണ് എന്താണ് എന്നൊന്നും വിശദീകരിക്കുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശത്തെ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. പൊതുനിരത്തില്‍ പരസ്യമായിട്ടാണ് അതു നടന്നത്. പ്രധാനമന്ത്രിക്കെതിരെ എന്തൊക്കെയോ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ഇടക്ക് ഈ മാധ്യമ സിംഹം തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും കാണാം. കോടിക്കണക്കിന് കാഴ്ച്ചക്കാരെയാണ് ആ വീഡിയോക്ക് ലഭിച്ചത്. വര്‍ഷമേറെയായെങ്കിലും ഇന്നും ആള്ക്കാര് അത് കണ്ട് ആസ്വദിക്കുന്നു.
ആ മാധ്യമ സുഹൃത്തിനോട് ജനങ്ങള്‍ക്ക് അത്രക്ക് വെറുപ്പായിരിക്കണം. അദ്ദേഹത്തെ തെരുവിലിട്ട് തല്ലുന്നത് കാണുന്നത് അവരുടെ സന്തോഷം പ്രദാനം ചെയ്യുന്നുമുണ്ടാവണം. ഇങ്ങനെയൊക്കെ ഒരാള്‍ ചിന്തിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇന്ത്യയില്‍ അതും സംഭവിക്കുന്നു. പൗരത്വ നിയമ ഭേദഗതി രാജ്യം ചര്‍ച്ചചെയ്യുന്ന കാലത്തെ നമ്മുടെ മാധ്യമങ്ങളുടെ റോള്‍ വിശകലനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് ഈ വീഡിയോയുടെ ചരിത്രമാണ്. എല്ലാ മാധ്യമ പ്രവര്‍ത്തകരും അങ്ങനെയാണ് എന്നല്ല. എന്നാല്‍ നമ്മുടെ മാധ്യമ സുഹൃത്തുക്കളില്‍ കുറച്ചുപേരെ എങ്കിലും ജനങ്ങള്‍ പലപ്പോഴും എങ്ങനെ മനസ്സില്‍ കാണുന്നു എന്നതിനൊരു ഉദാഹരണമായി അതിനെ കാണാം.
ഞാനും ഒരു മാധ്യമ പ്രവര്‍ത്തകനാണ്. അതുകൊണ്ട് ഒരു മാധ്യമ പ്രവര്ത്തകന് തെരുവില്‍ ആക്രമിക്കപ്പെടുന്നത് ചിന്തിക്കാനാവുന്ന കാര്യമല്ല. പക്ഷെ, മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സത്യത്തിന് നേരെ, ധര്മ്മത്തിന് നേരെ കൊഞ്ഞനം കാണിക്കുകയും വായില്‍ തോന്നിയത് പ്രചരിപ്പിക്കുകയും ചെയ്താലോ? ഞങ്ങള്‍ തോന്നിയതൊക്കെ ചെയ്യും, വേണമെങ്കില്‍ കണ്ടാല്‍ മതി, സൗകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന് പറഞ്ഞാലോ? അതാണ് പ്രശ്നം. പഴയകാലത്ത് രാവിലെ പത്രം വന്നാലേ നാട്ടില്‍ നടന്നത് അറിയാനാവുമായിരുന്നുള്ളു. പിന്നെ റേഡിയോ വാര്‍ത്തകളെ ആശ്രയിക്കാനായി. ഇന്നതല്ല അവസ്ഥ; ടിവി വാര്‍ത്തകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ മാത്രമല്ലല്ലോ; ഇന്നാട്ടിലെ ഓരോ പൗരനും റിപ്പോര്ട്ടര്മാരാവുന്ന കാലമല്ലേ? മൊബൈല്‍ ഫോണുമായി തെരുവില്‍ നില്ക്കുന്നവര് എന്തും ക്യാമറയില്‍ പകര്‍ത്തുന്ന. അത് സമൂഹ മാധ്യമങ്ങളിലൂടെ അപ്പപ്പോള്‍ പ്രചരിപ്പിക്കുന്നു. ടിവി വാര്‍ത്താ ചാനലുകളും പത്രങ്ങളുമൊക്കെ അറിയിക്കുന്നതിന് മുന്‍പേ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തുന്നു. മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യാത്ത കാര്യങ്ങളും ജനങ്ങള്‍ കാണുന്നു, കേള്‍ക്കുന്നു. അതുകൊണ്ട് എന്തെങ്കിലുമൊക്കെ സത്യത്തിന് വിരുദ്ധമായി മാധ്യമങ്ങള്‍ എഴുതിയാലോ സംപ്രേഷണം ചെയ്താലോ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ ഓരോ പൗരനും റിപ്പോര്‍ട്ടര്‍മാരാണ്. അപ്പോള്‍ വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചാലോ? അവരെ ജനങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുമെന്ന് തീര്‍ച്ച. അത്തരമൊരാളെ കയ്യില്‍ കിട്ടിയപ്പോള്‍ ജനങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ചരിത്രമാണ് മുകളില്‍ സൂചിപ്പിച്ചത്.
എന്നും എപ്പോഴും വസ്തുതകള്‍ പുറത്തുകൊണ്ടുവരാനുള്ള ചുമതലയും അധികാരവും മാധ്യമങ്ങള്‍ക്കുണ്ട്. അതുകൊണ്ട് എന്തെങ്കിലും കലാപമുണ്ടായാല്‍, അക്രമമുണ്ടായാല്‍, സമരം ഉണ്ടായാല്‍, മറ്റെന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഒക്കെ അത് റിപ്പോര്‍ട്ട് ചെയ്യണം. ജനമധ്യത്തിലെത്തിക്കണം. എന്നാല്‍ ആ റിപ്പോര്‍ട്ടിങ്, സംപ്രേഷണം നിഷ്പക്ഷമാവണം, സ്വതന്ത്രവുമാവണം. സത്യം തുറന്നു പറയണം, മുഖം നോക്കാതെ. പക്ഷെ, അതാണോ ഇന്നിപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്? അതാണോ കേരളത്തില്‍ സംഭവിക്കുന്നത്?. ഇത് സൂചിപ്പിച്ചത്, പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിലെ പക്ഷപാതിത്വത്തെക്കുറിച്ചാണ്. മാധ്യമ സുഹൃത്തുക്കളും, മാധ്യമങ്ങളും, ഒരു സ്വയം വിലയിരുത്തലിന് വിധേയരാകണം. പലയിടത്തും അക്രമം അരങ്ങേറുകയും പോലീസിന്റെ ഉള്‍പ്പെടെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കലാപമുണ്ടാക്കുകയും ചെയ്തപ്പോള്‍ അതിനെ പ്രതിഷേധം എന്ന മട്ടിലല്ലേ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടത്? അക്രമത്തെ അക്രമമായി കാണാന്‍ എന്താണിവര്‍ക്ക് കഴിയാതെ പോയത്? അത്തരത്തില്‍ അക്രമത്തെ സാധൂകരിക്കുന്നവര്ക്ക് സത്യത്തോട് നീതി പുലര്‍ത്താനാവുമോ? ഇവിടെയിപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരെപ്പോലെ തെരുവിലിറങ്ങുകയാണ്. രാജ്യത്തെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെക്കുറിച്ച് മിനിമം വിജ്ഞാനം ഉള്ളവരാണ് എങ്കില്‍ ഇങ്ങനെ പെരുമാറാനാവുമോ? വിദേശത്ത് തെരുവില്‍ ആക്രമിക്കപ്പെട്ട മാധ്യമ മഹാന്റേത് പോലെയാണ് ഇക്കൂട്ടരുടെയും മാനസികാവസ്ഥ. ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി ആട്ടിപ്പായിച്ചപ്പോള്‍ നാവനക്കാതിരുന്ന മാധ്യമ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് തലയില്‍ കയറിയ രാഷ്ട്രീയം കൊണ്ടുമാത്രമാണ്.
കേരളത്തിലെ മുസ്ലിം പ്രീണനം കാണാതെ പോകാനാവുമോ? ഇപ്പോള്‍ത്തന്നെ ഈ പൗരത്വ പ്രശ്നത്തില്‍ യഥാര്‍ഥത്തില്‍ ആര്‍ക്കെന്താണ് പ്രശ്നം? പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധ മതക്കാര്‍, പാഴ്സികള്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്കുന്നതല്ലേ വിഷയം. അവരിലേറെയും വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്നവരാണ്. 2014 വരെ ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം കൊടുക്കാനാണ് പാര്‍ലമെന്റ് തീരുമാനിച്ചത്. ശ്രീലങ്കയില്‍നിന്നും മറ്റും വന്നവര്‍ക്ക് നേരത്തെ നാം പൗരത്വം കൊടുത്തിട്ടുണ്ടല്ലോ. എത്രയോ മുസ്ലിങ്ങള്‍ക്ക് ഇന്ത്യക്കാരനാവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന മുസ്ലിങ്ങള്‍ക്ക് കണ്ണടച്ച് പൗരത്വം കൊടുക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. കാരണം ഈ രാജ്യങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാണ്. അതേസമയം അവിടെനിന്നുള്ള മുസ്ലിങ്ങള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍ ഇപ്പോഴും ഓരോരോ കേസും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും, വേണ്ടുന്ന നടപടിയെടുക്കും. അത്രയല്ലേ ഒരു രാജ്യത്ത് സാധിക്കൂ? ആരുടേയും കാര്യം അവഗണിക്കുന്ന, നിഷേധിക്കുന്ന നിലപാടല്ല ഭാരത സര്‍ക്കാരിന്റേത്.
കേരളത്തിലേക്ക് വിദേശികള്‍ കുറെയേറെ കടന്നുവന്നിട്ടുണ്ട്; അവര്‍ ഇവിടെ അനധികൃതമായി താമസിക്കുന്നു. അവരില്‍ പാക്കിസ്ഥാനികള്‍ കണ്ടേക്കാം; ബംഗ്ലാദേശികളുണ്ട്, റോഹിന്‍ഗ്യനുകള്‍ ഉണ്ടാവാം. ഇതൊക്കെ നിയന്ത്രിക്കപ്പെട്ടല്ലേ തീരു? അതല്ല ഇവര്‍ക്കൊക്കെ ഇവിടെ സ്ഥിരതാമസവും പൗരത്വവും കൊടുക്കണം എന്നതാണ് കോണ്‍ഗ്രസിന്റെയോ സിപിഎമ്മിന്റെയോ നിലപാടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചുകൊണ്ട് ആവശ്യമായ നടപടികളിലേക്ക് നീങ്ങട്ടെ. ഇന്നിപ്പോള്‍, നിലവിലെ നിയമപ്രകാരം, ഇത്തരക്കാരെ ഇവിടെ സ്ഥിരമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. അതുമാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോഴത്തെ നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി യാതൊന്നുമില്ലെന്ന് ദല്‍ഹി ഇമാമും അജ്മീര്‍ ദര്‍ഗയിലെ സൈനുല്‍ അബെദിന് ഖാനും ഒക്കെ പരസ്യമായി പറഞ്ഞതാണ്. അതാണ് യാഥാര്‍ഥ്യവും. അവരുടെ പ്രശ്നം എന്‍ആര്‍സി ആണ്. അത് ഇപ്പോള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുമില്ല. ഇപ്പോള്‍ത്തന്നെ എന്‍ആര്‍സിയുടെ കാര്യം പറഞ്ഞുകൊണ്ട് രാജ്യത്തെമ്പാടും അക്രമം അഴിച്ചുവിട്ടാലോ? അതിനെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പരസ്യമായി ന്യായീകരിച്ചാലോ? ഇത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒച്ചപ്പാടാണ് എന്നൊക്കെ തോന്നുമായിരിക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ പടനീക്കവും. എന്നാല്‍ അതിലുപരി ഇത് ഇന്ത്യയിലെ ഭൂരിപക്ഷ ജനതക്കെതിരായ പരസ്യമായ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഹിന്ദു സമൂഹം ഏറ്റെടുക്കുമെന്നാണ് കരുതേണ്ടത്.
മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ഒരു അഭിപ്രായ പ്രകടനം മനസിലെത്തുന്നു; അധികാരത്തിലുള്ള കോണ്‍ഗ്രസിനേക്കാള്‍ അപകടകാരികളാണ് അധികാരമില്ലാത്ത കോണ്‍ഗ്രസുകാര്‍ എന്ന്. നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോഴും ഇടക്കൊക്കെ അത് ഓര്‍ക്കുന്നത് നല്ലതാണ്. ഈ കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: