തിരുവനന്തപുരം: മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജ്. ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കീരിക്കാടന്‍ ജോസിന് ഗുരുതരമായ അസുഖമുണ്ടെന്നും ഓര്മ നശിച്ചെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു മാസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയതെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രചാരണമുണ്ടായി. എന്നാല്‍, കാലില്‍ വെരിക്കോസ് വെയിനിന്റെ കടുത്ത അസുഖം മൂലമാണ് ജോസ് ചികിത്സയില്‍ ഉള്ളതെന്നാണ് യാഥാര്‍ഥ്യം. എന്നാല്‍, പരസഹായമില്ലെന്നും ഓര്മ നശിച്ചെന്നുമടക്കം കാര്യങ്ങള്‍ കീരിക്കാടന്‍ ജോസ് നിഷേധിച്ചു. ജനറല്‍ ആശുപത്രിയില്‍ തന്റെ അടുത്ത ബന്ധു ഡോക്റ്ററായി ജോലി നോക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയേക്കാള്‍ മികച്ച പേ വാര്‍ഡ് ജനറല്‍ ആശുപത്രിയില്‍ ആണെന്ന ഉപദേശം ലഭിച്ചതു കൊണ്ടാണ് ഇവിടെ ചികിത്സ തേടിയത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വിഷയത്തോട് പ്രതികരിച്ചു. ജോസിന് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ഭാര്യ വ്യക്തമാക്കിയെന്നും എല്ലാവിധ ഇന്‍ഷ്വറന്‍സുകളും ലഭ്യമാണെന്നും അറിയിച്ചതായി ഇടവേള ബാബു.
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായി അദ്ദേഹം തിളങ്ങി. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ വില്ലന്‍ എന്നാല്‍ കീരിക്കാടന്‍ ജോസ് തന്നെയായിരുന്നു. കെ.മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മോഹന്‍ രാജ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായിരുന്നു കിരീടം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: