രാഷ്ട്രീയത്തില്‍ വിഭിന്ന ആശയങ്ങളും അഭിപ്രായങ്ങളും പ്രത്യയശാസ്ത്രങ്ങളും സര്‍വസാധാരണമാണ്. അതില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭിന്നാഭിപ്രായങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുകയും ശക്തമായി എതിര്‍ക്കുകയും മാത്രമല്ല സമരരംഗത്തിറങ്ങുന്നതും സ്വാഭാവികമാണ്. ലോകത്തെമ്പാടും എത്രയോ സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സമുദായങ്ങളെ ഭീഷണിയിലാക്കി അക്രമ സമരങ്ങളിലേക്ക് തള്ളിവിടുന്ന നിലപാട് അപൂര്‍വമാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം രാജ്യദ്രോഹമാണ്. പോലീസിനെ ആക്രമിക്കുകയും പൊതു-സ്വകാര്യ സ്വത്തുക്കള്‍ ചാമ്പലാക്കുകയും അതില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നത് നെറികെട്ട രാഷ്ട്രീയമാണ്. പ്രതിപക്ഷകക്ഷികളില്‍ മിക്കതും ആ ഗണത്തില്‍പ്പെട്ടതാണെന്ന് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. എന്നും സമാധാനത്തിന്റെയും അഹിംസയുടെയും പെരുന്തച്ചനായ മഹാത്മജിയുടെ പേരുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് അതിന്റെ മുന്നണിയിലാണെന്നോര്‍ക്കണം. പൗരത്വഭേദഗതി നിയമത്തിനായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ഗാന്ധിജി മാത്രമല്ല, നെഹ്റുവും രാജീവുമൊക്കെ പൗരത്വനിയമത്തിനായി വാദിച്ചവരാണ്. ഇസ്ലാമികരാജ്യങ്ങളില്‍ നിന്നും പീഡനംമൂലം എത്തുന്ന അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയും പൗരത്വം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസും സിപിഎമ്മും മമതാ ബാനര്‍ജിയുമെല്ലാം അതിനായി നിയമം കൊണ്ടുവന്നപ്പോള്‍ നിലപാട് മാറ്റി. മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് തുരത്താനാണ് ഈ നിയമമെന്ന കള്ളപ്രചരണം അവര്‍ ആവര്‍ത്തിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ നിയമം ഒരു ഇന്ത്യന്‍ പൗരനേയും പ്രതികൂലമായി ബാധിക്കില്ലെന്ന് പലകുറി വ്യക്തമാക്കിയിട്ടും അക്രമ സമരത്തിനിറങ്ങിയവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് പ്രതിപക്ഷം. ഇത് അപകടകരമായ പോക്കാണ്.
രാജ്യത്തെ ജനങ്ങളെ നശിപ്പിക്കാനും രാജ്യം തന്നെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നവരാണിവര്‍. ജനങ്ങള്‍ ഇത് തിരിച്ചറിയുകതന്നെ ചെയ്യും. അതിന് മുന്നേ പറ്റാവുന്നിടത്തോളം രാജ്യത്തിന് അംഗഭംഗം വരുത്തുമെന്ന നിര്‍ബന്ധത്തിലാണ് ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ മുസ്ലീം തീവ്രവാദികളുടെ തീക്കളിക്ക് അവര്‍ എണ്ണയൊഴിക്കുകയാണ്. നരേന്ദ്രമോദി ഭരണത്തിലെത്തുമെന്ന് വ്യക്തമായതോടെ ആരംഭിച്ച അസഹിഷ്ണ രാഷ്ട്രീയത്തിന്റെ വികൃതമായ മുഖമാണ് പ്രതിപക്ഷംപ്രകടിപ്പിക്കുന്നത്.
നരേന്ദ്രമോദിയുടെ ഭരണം അഴിമതിരഹിതമാണ്. ചെയ്തതെല്ലാം പാവപ്പെട്ടവരും പട്ടിണിക്കാരുമായവരുടെ രക്ഷയ്ക്കുവേണ്ടിയാണ്. അരിയും പണിയും തുണിയും വെള്ളവും വെളിച്ചവും എന്തിന് പാചകവാതകം വരെ സൗജന്യമായി നല്കി. അതൊന്നും ജാതി നോക്കിയല്ല. മതം നോക്കിയല്ല. നിറംനോക്കിയല്ല. ഇങ്ങനെ പോയാല്‍ ഇനി അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ മതിയാക്കേണ്ടിവരുമെന്ന് പാര്‍ട്ടികള്‍ക്ക് ബോധ്യമായി. മാത്രമല്ല, മതഭീകരതയുടെ പാതയിലൂടെ പോകുന്നവര്‍ക്കെതിരെ നടപടിയും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു.
പാക്കിസ്ഥാന് നടത്തുന്ന ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതും നേരിടാന്‍ മോദി സര്‍ക്കാരിന് കഴിയുന്നു. രാജ്യത്തിന്റെ തലവേദനയായിരുന്നല്ലോ കശ്മീര്‍ പ്രശ്നം. അതും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹാരത്തിന്റെ പാതയിലെത്തിച്ചു. അയോധ്യാ പ്രശ്നം തീര്‍പ്പാക്കും മുന്‍പ് മുത്തലാഖും നിര്‍ത്തലാക്കി. ഇതെല്ലാം ബോധ്യമായപ്പോഴാണ് മോദിക്കെതിരായ വികാരം മതപരമായ പോരാട്ടമാക്കി മാറ്റാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും നിയമമാക്കാന്‍ സഹകരിക്കുകയും ചെയ്തവരാണ് പ്രതിപക്ഷം. നിയമമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ല. നിയമനിര്‍മാണത്തിന്റെ ഭാഗമാണല്ലോ വിയോജിപ്പും വോട്ടെടുപ്പും. വോട്ടെടുപ്പ് ആവശ്യപ്പെട്ട പ്രതിപക്ഷം സഭയില്‍ തോറ്റതിന് ശേഷമാണ് നിലപാട് മാറ്റിയത്. ഇത് ജനാധിപത്യവിരുദ്ധമാണ്. പാപ്പരായ രാഷ്ട്രീയമാണ്. അത്തരക്കാര്‍ക്ക് നിലനില്‍പ്പ് പോലും നഷ്ടപ്പെടുമെന്ന് നിസംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: