തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിച്ച തുഗ്ലക് ഭരണം നടത്തിയ ഗതാഗത സെക്രട്ടറിയെ മാറ്റാന്‍ ഒരുങ്ങുന്നു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന തരത്തിലുള്ള സംവിധാനത്തെ ഇനി കൊണ്ടു പോകാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയത് സെക്രട്ടറിയെ മാറ്റുന്നതിന്റെ സൂചനയാണ്.
മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍ ഗതാഗത വകുപ്പ് ശശീന്ദ്രനില്‍ നിന്നും എടുത്തുമാറ്റുന്ന ഉള്‍പ്പെടെയുള്ള നടപടിക്കും സാധ്യതയുണ്ട്. കെഎസ്ആര്‍ടിസിയുടെ ചുമതല വീണ്ടും ടോമിന്‍ തച്ചങ്കരിക്ക് നല്‍കണമെന്ന നിര്‍ദേശം ശശീന്ദ്രന്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ട്.
എംഡിയായിരുന്നപ്പോള്‍ കോര്‍പ്പറേഷന്റെ നഷ്ടം നികത്താനുള്ള മാര്‍ഗ രേഖ തച്ചങ്കരി തയാറാക്കിയിരുന്നു. എന്നാല്‍ സിഐടിയു നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നും സര്‍ക്കാരിന് നീക്കേണ്ടി വന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.പി. ദിനേശിനാണ് പകരം ചുമതല കൊടുത്തത്.
കെഎസ്ആര്‍ടിസി ബസ്സുകളുടെ മുമ്പിലും പിന്നിലും ക്യാമറ ഘടിപ്പിച്ച് നിയമ ലംഘകരെ കണ്ടെത്തി പിഴ തുക ഈടാക്കാനുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നോട്ടീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
ശമ്പളം ലഭിക്കാത്തതില്‍ കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. എന്നാല്‍ 18-ാം തീയതി വൈകി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് തന്റെ മേന്മയാണെന്ന തരത്തില്‍ ഗതാഗത സെക്രട്ടറി കുറിപ്പ് ഇറക്കിയിരുന്നു. ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ട്.
തച്ചങ്കരിയെ തിരിച്ചുകൊണ്ടു വരുന്നതില്‍ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനാണ് വിയോജിപ്പ്. ഈ സാഹചര്യത്തില്‍ ജ്യോതിലാലിനെ ചുമതലയില്‍ നിന്ന് മാറ്റി തച്ചങ്കരിയെ കാര്യങ്ങള്‍ ഏല്‍പ്പിക്കാനാണ് നീക്കം. പുറത്താകുമെന്ന് ഏകദേശം ഉറപ്പായതോടെ കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനെ കൂട്ടുപിടിച്ച് ജ്യോതിലാല്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. തച്ചങ്കരി വീണ്ടും കെഎസ്ആര്‍ടിസിയുടെ തലപ്പത്തു വരാന്‍പോകുന്നു എന്ന തരത്തില്‍ പ്രചാരണം നടത്തിയാണ് യൂണിയന്‍ നേതാക്കളെ ജ്യോതിലാല്‍ കൂടെ നിര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: