കേരളത്തിലെ ജ്യോതിശാസ്ത്ര പ്രമുഖരുടെ കേന്ദ്ര സ്ഥാനങ്ങളിലൊന്നായ പയ്യന്നൂര്‍ പരിസരങ്ങള്‍ക്ക് അപൂര്‍വമായ ഒരു മഹാമേള അടുത്തുവരികയാണല്ലോ. മറ്റു കേന്ദ്രങ്ങളായ തിരുന്നാവായ, ഇരിങ്ങാലക്കുട, ചെങ്ങന്നൂര്‍ മുതലായ സ്ഥലങ്ങള്‍ക്ക് ആ ഭാഗ്യം കിട്ടാതെ പോയി. ഡിസംബര്‍ 26-ന് വലയ സൂര്യഗ്രഹണം ഭംഗിയായി കാണാന്‍ കഴിയുന്ന ലോകത്തെ ഏക സ്ഥാനം പയ്യന്നൂര്‍ പരിസരങ്ങളാണത്രേ. അതിനായി ഏതാനും കിലോമീറ്റര്‍ വടക്ക് ചെറുവത്തൂരിനടുത്ത് കടമത്ത് ഹൈസ്കൂളും പരിസരങ്ങളും തയ്യാറെടുത്തുവരികയാണ്. അവിടേക്കു ചുറ്റും ഏതാണ്ടു നൂറു ച.കി.മീ. ചുറ്റുവട്ടത്തില്‍ വലയഗ്രഹണം കാണാന്‍ സാധിക്കുമെന്നാണ് വിവരം. തലശേരിക്കും കാഞ്ഞങ്ങാടിനും ഇടയ്ക്കു തെക്ക് വടക്കും കിഴക്ക് മാനന്തവാടി കല്പറ്റ വരെ വയനാട്ടിലും അതു ദൃശ്യമാവും. മറ്റു സ്ഥലങ്ങളില്‍ ഭാഗികമായിരിക്കും. ഭാരതത്തിന്റെ നാവിക അക്കാദമി സ്ഥിതിചെയ്യുന്ന ഏഴിമലയും വലയപരിധിയില്ത്തന്നെയാണ്. അവിടെയും ഗ്രഹണ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. ചുരുക്കത്തില്‍ ആ മേഖല ചുരുങ്ങിയ കാലത്തേക്കെങ്കിലും ലോക കേന്ദ്രമായിത്തീരും.
മുമ്പു രണ്ടു തവണ ഭാരതം സമ്പൂര്‍ണ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചതായി ഓര്‍മയില്‍ വരുന്നു. ഒരിക്കല്‍ പാക്കിസ്ഥാന് മുതല്‍ കൊല്‍ക്കത്ത വരെ നീണ്ടതായിരുന്നു അതിന്റെ പാത. അതു കാണിക്കാന്‍ ദൂരദര്ശന് പ്രത്യേക സംപ്രേഷണമൊരുക്കിയിരുന്നു. ഭാരതത്തിലെ പ്രമുഖ വാനനിരീക്ഷണ വിദഗ്ദ്ധരും ജ്യോതിശാസ്ത്രജ്ഞരും തത്സമയ വിവരണങ്ങള്‍ നല്കിക്കൊണ്ടിരുന്നു. അന്നും ലോകമെങ്ങും നിന്നുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണപാതയിലെ പ്രധാന സ്ഥാനങ്ങളില്‍ തങ്ങളുടെ ഉപകരണങ്ങളുമായി പഠനത്തിലേര്പ്പെട്ടിരുന്നതായി ഓര്‍മിക്കുന്നു. കേരളത്തില്‍ ഗ്രഹണം ഏതാണ്ട് 90 ശതമാനമായിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞത് ഞങ്ങള്‍ ‘ജന്മഭൂമി’യുടെ മുകളിലെ ടെറസ്സില്‍ കയറി നിന്ന് കണ്ടതോര്‍ക്കുന്നു. ആ സമയത്ത് റോഡുകളിലും ചുറ്റുമുള്ള വളപ്പുകളിലും പക്ഷിമൃഗാദികള്‍ തികച്ചും പരിഭ്രാന്തരായി നിശ്ശബ്ദമായി കഴിഞ്ഞു. ഒരു കാക്കയുടെ കരച്ചില് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. വായു ചലനമറ്റു നിന്നു. ടിവിയില്‍ ഗ്രഹണം പൂര്‍ണമാകുന്നതിന് മുന്‍പും മോചനാരംഭത്തിലും ‘വജ്രമോതിരം’ എന്ന പ്രതിഭാസവും കാണാന്‍ കഴിഞ്ഞു. ഇത്തവണ ഉത്തര കേരളീയര്‍ക്ക് വലയ സൂര്യഗ്രഹണമെന്ന പ്രതിഭാസം കാണാന്‍ അവസരമുണ്ടാകുന്നു. മറ്റു ഭാഗക്കാര്‍ക്ക് ടിവിയിലൂടെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പയ്യന്നൂരിന്റെയും കുട്ടമത്തിന്റെയും പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. ഏറ്റവും കൂടുതല്‍ ജോതിഷക്കാര്‍ ഉള്ള പ്രദേശമാണത്. ഉത്തര കേരളത്തിലെ മിക്ക പഞ്ചാംഗങ്ങളും തയാറാക്കപ്പെടുന്നത് അവിടത്തുകാരുടെ നേതൃത്വത്തിലാണ്. പയ്യന്നൂര്‍ക്കാരായ ജ്യോതിഷപണ്ഡിതന്മാര്‍ക്ക് അഖിലഭാരത പ്രശസ്തിയുണ്ടായിരുന്നു. അത്തരം ഒരാളെപ്പറ്റി രസകരമായ കഥ കേട്ടിട്ടുണ്ട്. ഒന്നുരണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ്. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനും കൊട്ടാരങ്ങള്‍ക്കും മൈസൂര്‍ ഹൈദര്‍ വാറന്റ് ഭീഷണി വന്നപ്പോള്‍ കോട്ട കെട്ടി സംരക്ഷിക്കാന്‍ രാജകല്പനയുണ്ടായി. അവിടെ കോട്ടയുടെ ഭാഗങ്ങള്‍ ഇന്നുമുണ്ട്. കിഴക്കേക്കോട്ട തലസ്ഥാനത്തെ പ്രധാനമാണല്ലോ. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നേരേ മുന്പില് കാണപ്പെടുന്ന ഗംഭീരമായ കവാടത്തിനാണ് ആ പേരുള്ളത്. രാജാവ് ക്ഷേത്ര ദര്‍ശനത്തിനും മറ്റാവശ്യങ്ങള്‍ക്കും പുറത്തുപോയിരുന്നത് ആ വഴിക്കാണ്. ഒരിക്കല്‍ ഒരു ജോതിഷ പണ്ഡിതന് ഭട്ടതിരി മുഖം കാണിക്കാന്‍ എത്തി. കുശല പ്രശ്നങ്ങള്‍ക്കുശേഷം ഭട്ടതിരിയെ പരീക്ഷിക്കാനായി താന്‍ പിറ്റേന്നു ദര്‍ശനത്തിന് ഏതുവഴി പോകുമെന്നു പറയാമോ എന്ന് രാജാവ് ചോദിച്ചു. അറിയാം, അത് യഥാസമയം അറിയിക്കാം എന്ന് മറുപടി കൊടുത്തു. പിറ്റേന്നു രാവിലെ രാജാവ് കിഴക്കേക്കോട്ടയില്‍നിന്ന് അല്പം തെക്കു മാറി കോട്ട വെട്ടിത്തുറക്കാന്‍ കല്പന നല്കി. പണിക്കാര് അവിടം പൊളിക്കുന്ന സമയത്തു ഒരോലക്കഷണം കണ്ടത് രാജാവ് വാങ്ങി പരിശോധിച്ചപ്പോള്‍ ‘ഇതിലെ എഴുന്നെള്ളും’ എന്നതില്‍ എഴുതിയതായി കണ്ടു. അവിടെ പുതിയ കവാടം നിര്‍മിക്കപ്പെട്ടു. വെട്ടിമുറിച്ച കോട്ട എന്നറിയപ്പെടുന്ന പ്രസിദ്ധമായ കവാടം അതാണത്രേ.
പയ്യന്നൂര്‍ക്കാരനായ മറ്റൊരു ജ്യോതിശാസ്ത്ര പണ്ഡിതന് ശങ്കരപൊതുവാള് പഞ്ചാബ് കേസരി (ഷേര്‍ എ. പഞ്ചാബ്) എന്ന് പ്രസിദ്ധിപെറ്റ മഹാരാജ് രണ്‍ജിത് സിംഹന്റെ പ്രധാനമന്ത്രിയായി. പണ്ഡിത് ശങ്കരനാഥ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അന്നത്തെ സിഖ് സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭ ഭരണാധികാരിയായി. ലാഹോര്‍ ആസ്ഥാനമാക്കി അദ്ദേഹം പ്രശസ്തമായ വിധത്തില്‍ പഞ്ചാബ് ഭരിച്ചു. സംസ്കൃതത്തിനു പുറമേ പഞ്ചാബിയും ഉറുദുവും പേര്‍ഷ്യനും അനായാസമായി കൈകാര്യം ചെയ്യാന്‍ ശങ്കരനാഥിനു കഴിയുമായിരുന്നു. അദ്ദേഹം കേരളത്തില്‍ വേണ്ടവിധം അറിയപ്പെടാതെയും അനുസ്മരിക്കപ്പെടാതെയും പോയത് പരിതാപകരമായിപ്പോയി.
കുട്ടമത്ത് സ്കൂളിലാണല്ലോ വലയഗ്രഹണം നിരീക്ഷിക്കാനുള്ള വ്യവസ്ഥ ചെയ്യുന്നത്. കുട്ടമത്തിന്റെ പേരും മലയാളത്തിനു മറക്കാനാവാത്തതാണ്. സ്വാതന്ത്ര്യസമരകാലത്തെ ഏറ്റവും പ്രശസ്തരായ രണ്ടു കവികള്‍ കുട്ടമത്തുകാരായി ഉണ്ടായിരുന്നു. കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പും കരുണാകരക്കുറുപ്പും. ഒരാളെ കു.കു.കു.കുക്കു എന്നും മറ്റെയാളെ കുകുകുകു എന്നു നര്‍മത്തോടെ വിളിച്ചിരുന്നു. അവരുടെ കുടുംബമിരിക്കുന്ന ഗ്രാമം മലബാറിലല്ല തെക്കന്‍ കര്‍ണാടകത്തിലാണ് അന്നത്തെ ബ്രിട്ടീഷ് ഭരണം ഉള്‍പ്പെടുത്തിയത് എന്നതുകൊണ്ടും, സ്വയം പ്രശസ്തി പിടിച്ചെടുക്കാന്‍ ഉത്സാഹിക്കാത്തതുകൊണ്ടുമായിരിക്കണം അവര്‍ അറിയപ്പെടാതെ പോയത്. അവരില്‍ ഇളമുറക്കാരനായ കരുണാകരക്കുറുപ്പിനെ പരിചയപ്പെടാനും കുട്ടമത്തെ വീട്ടില്‍ പോയി താമസിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സമീപത്തെ പീലിക്കോട് ഗ്രാമത്തിലെ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യന് തിരുമുമ്പ് എന്ന ആദ്യകാല കമ്യൂണിസ്റ്റും പില്ക്കാല ഭക്തകവിയും മഹാപണ്ഡിതനുമാണ് അവിടെ കൊണ്ടുപോയത്. കുറുപ്പ് വിരചിച്ച ഊര്‍മിള എന്ന കാവ്യഗ്രന്ഥത്തെപ്പറ്റിയായി, പരിചയപ്പെടലിനും മറ്റും ശേഷം സംഭാഷണം. മൈഥിലീകരണ് ഗുപ്തയുടെ അതേ പേരിലുള്ള ഹിന്ദി കാവ്യവവും സംഭാഷണ വിഷയമായി. ഊര്‍മിള പ്രസിദ്ധീകരിച്ചോ എന്നറിയില്ല. ഏതായാലും ഉത്തര കേരളീയരുടെ കാവ്യാഭിരുചിക്കനുസരിച്ചായില്ല ആ പഴഞ്ചന്‍ ഇതിവൃത്തമെന്ന് അദ്ദേഹത്തിനുതന്നെ തോന്നിയെന്നും സംഭാഷണത്തില്‍നിന്നു വ്യക്തമായി.
കുട്ടമത്തെ ഡോ. കെ.കെ.എന്‍. കുറുപ്പ് കാലടി സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു. അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനായിട്ടാണ് അറിയപ്പെടുന്നത്.
കുട്ടമത്തു കവികളുടെ പാരമ്പര്യം നിലനിര്‍ത്തിവന്ന മുന്‍ പയ്യന്നൂര്‍ സംഘജില്ലാ സംഘചാലക് ശ്രീധര്‍ മാസ്റ്ററും അനുസ്മരിക്കപ്പെടണം. കണ്ണൂരിലെ സര്‍വമംഗള പുരസ്കാരത്തിന് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും ‘കേസരി’ വാരികയെ ധന്യമാക്കിയിരുന്നു.
നമ്മുടെ പുരാണ കര്‍ത്താക്കള്‍ ഏതു പ്രതിഭാസത്തെയും ഒരു കഥ കൊണ്ട് സമ്പന്നമാക്കുമായിരുന്നു. ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോള്‍ ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ വീശുന്ന ഭാഗത്ത് സൂര്യഗ്രഹണവും, സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി കടക്കുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന ഭൂമിയുടെ നിഴല്‍ ചന്ദ്രഗ്രഹണവും സൃഷ്ടിക്കുന്നുവെന്നറിയാത്തവരായിരുന്നില്ല പൂര്‍വിക ജോതിശാസ്ത്രജ്ഞര്‍. അവര്‍ ഓരോ ഗ്രഹണത്തിന്റെയും സമയവും കാലവും കൃത്യമായി മുന്‍കൂട്ടിത്തന്നെ ഗണിച്ചെടുത്തിരുന്നു. എവിടെയൊക്കെ അതു ദൃശ്യമാണെന്നും, ഗ്രഹണ ശതമാനം അതതിടങ്ങളില്‍ എത്രയാണെന്നും അവര്‍ കണക്കുകൂട്ടി അതു പഞ്ചാംഗങ്ങളില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. ഗ്രഹണകാലത്ത് ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകളും വിധിനിഷേധങ്ങളും അനുഷ്ഠിക്കേണ്ട പഥ്യങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. അവയൊക്കെ ശാസ്ത്രാധിഷ്ഠിതമായിരുന്നുതാനും.
എന്നാലും പുരാണകര്‍ത്താക്കള്‍ പഴയകാലത്തെ കഥാ പ്രവചനക്കാരായ സൂതന്മാരെക്കൊണ്ട് അവയൊക്കെ കഥാരൂപത്തില്‍ രസകരമായി വിവരിക്കുന്ന രീതി അവലംബിച്ചു വന്നു. സൂര്യന് സഞ്ചരിക്കുന്നതായി നമുക്ക് പ്രതീതമാകുന്ന പഥത്തെ ക്രാന്തി വൃത്തമെന്നും, അതിലൂടെ ചന്ദ്രന് കടക്കുന്നതിന്റെ ദിശയനുസരിച്ച് രാഹുകേതുക്കളെന്നും പേര് നല്കി. അങ്ങനെ സൂര്യന് മറയ്ക്കപ്പെടുന്നതിനെ കേതു ഗ്രസിക്കുന്നതായി പറയുന്നു. പാലാഴി മഥനവും, അമൃത് പൊങ്ങി വന്നപ്പോള്‍ അതു കൈക്കലാക്കാന്‍ ദേവാസുരന്മാര് നടത്തിയ വേലത്തരങ്ങളും, ദേവന്മാര് കരസ്ഥമാക്കിയ അമൃത് ഭക്ഷിക്കാന്‍ വന്ന അസുരനെ വിഷ്ണു ചട്ടുകംകൊണ്ട് രണ്ടാക്കിയപ്പോള്‍, അമൃതകത്തു ചെന്നതുമൂലം തലയും ഉടലും ചാകാതെ അനശ്വരത നേടിയ രാഹുകേതുക്കളായതുമൊക്കെ കേള്‍ക്കാന്‍ രസമുള്ള കഥകളായി. പുരാണങ്ങള്‍ എല്ലാംതന്നെ നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്ന സംവത്സരയജ്ഞത്തിലെ നേരംപോക്കു കഥകള്‍ സൂതന്‍ വിവരിക്കുന്ന തരത്തിലാണല്ലോ. കൂട്ടത്തില്‍ പറയട്ടെ, ഇക്കുറി ഞാന്‍ നോക്കിയ ഒരു പഞ്ചാംഗത്തിലും ഈ ഗ്രഹണത്തെ പരാമര്‍ശിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: