തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നുള്ള ലോക്‌സഭ അംഗമായ ശശി തരൂരിന് എതിരെ അറസ്റ്റ് വാറന്റ്. നായര്‍ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിനെതിരെ സന്ധ്യാ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കവെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
തന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകത്തിലാണ് നായര്‍ സ്ത്രീകളെ വളരെ ഹീനമായ രീതിയില്‍ തരൂര്‍ ചിത്രീകരിച്ചിരിക്കുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഇതിനെതിരെ നടന്നിരുന്നു. താനും നായരാണ് എന്നാണ് തരൂര്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി പ്രതികരിച്ചത്. വിവാദമായെങ്കിലും തന്റെ നിലപാട് തിരുത്താന്‍ തരൂര്‍ ഇതുവരെ തയ്യാറായിട്ടില്ല.
















