ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ മൂന്നര കോടി രൂപയുടെ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍. ശബരിമലയുടെയും കാനന പാതയുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പ്ലാപ്പള്ളിയിലും നിലയ്‌ക്കലിലും ട്രോളി മിറര്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ പരിശോധിച്ച് കടത്തിവിടുന്നത്. നിലയ്‌ക്കല്‍, പമ്പ, സന്നിധാനം തുടങ്ങി തീര്‍ഥാടന പാതയിലെങ്ങും പ്രത്യേക പരിശീലനം നേടിയ പോലീസിന്റെ സുരക്ഷാ ഭടന്മാരെ മണ്ഡലകാലാരംഭത്തില്‍ തന്നെ വിന്യസിച്ചിരുന്നു.
പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാന്‍ തുടങ്ങുന്നിടത്ത് തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്. നടപ്പന്തലിലെത്തിയാല്‍ അവിടെയും പരിശോധനകളുണ്ട്. പുല്ലുമേട് വഴിവരുന്നവരെ പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനയ്‌ക്ക് വിധേയരാക്കും.
ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷീന്‍, തെര്‍മല്‍ ഇമേജിങ് ക്യാമറ, എക്‌സ് റേ ബാഗേജ് സ്‌കാനര്‍, നോണ്‍ ലീനിയര്‍ ജങ്ഷന്‍ ഡിറ്റക്ടര്‍, ബോംബ് സ്യൂട്ട്, എക്സ്റ്റഷന്‍ മിറര്‍, റിയല്‍ ടൈം വ്യൂയിങ് സിസ്റ്റം, ഒരു കിലോമീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാന്‍ഡോ ടോര്‍ച്ചുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് പോലീസ് വകുപ്പ് ശബരിമലയുടെ സുരക്ഷിതത്വത്തിന് മാത്രമായി ഉപയോഗിക്കുന്നത്.
മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം കഴിഞ്ഞാലും ഈ ഉപകരണങ്ങള്‍ വരും കാലങ്ങളിലും ശബരിമലയുടെ സുരക്ഷയ്‌ക്കായി ഉപയോഗിക്കുവാനാണ് തീരുമാനമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















