മലപ്പുറം: രാജ്യത്ത് ഇത്രത്തോളം അധഃപതിച്ച ജുഡിഷ്യറി വേറെ ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതിയെ അധിക്ഷേപിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്‌ക്കുമെതിരെ നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഭരണഘടന എന്താണെന്നുപോലും വായിച്ചുമനസിലാക്കാനുള്ള ബോധമില്ലാത്തവരാണ് ബില്‍ ഉണ്ടാക്കുന്നതെന്നും അദേഹം വിമര്‍ശിച്ചു. കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി, എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതി ജഡ്ജി, കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി, തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി, കേരള ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള കെമാല്‍ പാഷയാണ് ഇത്തരമൊരു ആക്ഷേപം കോടതിക്കുനേരെ പറഞ്ഞിരിക്കുന്നത്.















