തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കലാപം നടത്തുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരി പരിസരത്തുനിന്ന് സെക്രട്ടറിയേറ്റ് സമരഗേറ്റിലേക്കായിരുന്നു പ്രകടനം. ധര്‍ണ കേസരി മുന്‍ ചീഫ് എഡിറ്റര്‍ ആര്‍ സജ്ഞയന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പേരില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വര്‍ഗ്ഗീയതയും ഇളക്കിവിടുന്നു. രാഷ്‌ട്രീയ താല്‍പര്യത്തിനായി രാജ്യത്തിന്റെ ഭാവിയോട് ഗുരുതര തെറ്റു ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ പക്ഷം പിടിച്ച് അസത്യം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സജ്ഞയന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ ആക്ടിവിസ്റ്റുകള്‍ ആകരുതെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരല്ല മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും എന്ന തെളിയിച്ചുകൊണ്ടു നടത്തുന്ന ധര്‍ണ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജിഹാദികള്‍ക്കും ഇടതുപക്ഷത്തിനും അടിയറവ് വെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് പ്രതിഷേധ ധര്‍ണ്ണയെന്ന് ജനം ടി വി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീലാ പിള്ള, ജില്ലാ കമ്മറ്റി അംഗം എന്‍ ജുഗ്‌നുകുമാര്‍, പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന ആര്‍ പ്രദീപ്, അജി ബുധനൂര്‍, പി എം.ബിജുകുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഹരി എസ് കര്‍ത്ത, പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുത്തു.
















