കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഐഎ വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനപ്രതികളെ കാറില്‍ രക്ഷപ്പെടുത്തിയ 31-ാം പ്രതി ആലുവ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പേരിപ്പടി വീട്ടില്‍ കെ.എ. നജീബ് (36) ആണ് അറസ്റ്റിലായത്. കേസില്‍ നജീബിന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് നജീബിനെ വീണ്ടും എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കൈവെട്ടു കേസിലെ മുഖ്യപ്രതിയായ നജീബിനെ 2015 ഏപ്രിലില്‍ കോയമ്പത്തൂരില്‍ നടന്ന മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പിന്നീട് 2019 ജൂലൈ 23ന് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയിലാണ് നജീബിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2013 ജനുവരിയില്‍ ഇയാള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 37 പേരുള്‍പ്പെട്ട കുറ്റപത്രത്തില്‍ ഒന്നാംപ്രതി സവാദ്, മുഖ്യ ആസൂത്രകന്‍ എം.കെ. നാസര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭീകരവാദ വിരുദ്ധ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനി
യമത്തിലെയും വിവിധ വകുപ്പുകള്‍ നജീബിനെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയിലുള്‍പ്പെടെ നജീബ് പങ്കെടുത്തതായും കുറ്റപത്രത്തിലുണ്ട്. മതനിന്ദയുണ്ടാക്കുന്ന ചോദ്യപേപ്പര്‍ തയാറാക്കി എന്നാരോപിച്ച് പ്രൊഫ. ടി.ജെ. ജോസഫിന് നേരെ 2010ലാണ് ആക്രമണമുണ്ടായത്. വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അധ്യാപകനെ വലിച്ചിറക്കി കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. 2011ലാണ് എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്.














