കൊച്ചി: പൗരത്വ ബില്ലിനെതിരായ പ്രചാരണങ്ങള്‍ക്കെതിരെ ബിജെപി ഗൃഹ സമ്പര്‍ക്കവും ജനജാഗ്രതാ സദസ്സുകളും നടത്തും. 23 മുതല്‍ 31 വരെ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് സന്ദേശം എത്തിക്കും. 24 മുതല്‍ 26 വരെ ജില്ലാ കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രീകരിച്ചും ജനജാഗ്രതാ സദസ്സുകള്‍ നടത്തും. പരിപാടികളില്‍ സാംസ്‌കാരിക നായകരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ ബില്‍ വിഷയത്തില്‍ പാര്‍ട്ടി നടത്തിയ സംസ്ഥാന പഠന ശിബിരത്തിനും യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയിലെ മുസ്ലീങ്ങളോടല്ല, അന്യ രാജ്യങ്ങളില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരോടാണ് താല്‍പ്പര്യമെന്ന് രമേശ് പറഞ്ഞു. ആസൂത്രിതമായ നുണപ്രചാരണമാണ് ബില്ലിനെതിരെ. ഇതില്‍നിന്ന് സിപിഎമ്മും കോണ്‍ഗ്രസും പിന്തിരിയണം. അല്ലെങ്കില്‍ അവര്‍ മുമ്പ് ഈ ആവശ്യം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കണം. മുസ്ലീങ്ങള്‍ക്കിടയില്‍ ആസൂത്രിതമായ അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമം മുസ്ലീങ്ങള്‍ തന്നെ തിരിച്ചറിയണമെന്നും രമേശ് പറഞ്ഞു.
ഈ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെന്നല്ല, ഇന്ത്യയില്‍ ആര്‍ക്കും ബാധകമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ബില്ലിലെ ഏത് വ്യവസ്ഥ ആര്‍ക്കാണ് എതിര്. നിയമം കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തിയ പാര്‍ട്ടിയാണ് സിപിഎം. തെറ്റിദ്ധരിപ്പിക്കലാണിത്. ഈ നിയമത്തെ എതിര്‍ക്കാന്‍ ചില സാംസ്‌കാരിക നായകരും ചില ചലച്ചിത്ര പ്രവര്‍ത്തകരും തയാറായത് നിര്‍ഭാഗ്യകരമാണ്. അവര്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന് വിധേയരാകുകയായിരുന്നു. എന്തിന് നുണ പറയുന്നു. സാമാന്യ ബോധം വേണം, തീവ്രാവാദ സ്വഭാവമുള്ളവരെ സംസ്ഥാനത്ത് കയറൂരി വിട്ട് അവരാണ് കലാപത്തിന് അന്തരീക്ഷം ഉണ്ടാക്കുന്നത്. കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരേ ജനപ്രതിരോധം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്, രമേശ് പറഞ്ഞു. വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനുംജില്ലാ പ്രസിഡന്റ് വി.എന്‍. വിജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















