കൊച്ചി: കേരളത്തിന്റെ ആഭ്യന്തരസുരക്ഷയെ പോലും ബാധിക്കുന്ന തരത്തില്‍ ഇവിടെ അനധികൃതമായി കുടിയേറിയ 30 ലക്ഷം പേരെ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. 2012-ല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. അത് കൂടിയോ കുറഞ്ഞോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയട്ടെ എന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, എ.ബി. ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ പൗരത്വ ബില്‍ ഇന്ത്യയിലെ ആര്‍ക്കും എതിരല്ല. മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണത്തിന് പിന്നില്‍ ചില മതതീവ്ര സംഘടനകളാണ്. അവര്‍ വര്‍ഗീയ കലാപത്തിന് ആസൂത്രണം നടത്തുകയാണ്. ഇവര്‍ക്ക് ഇടത്-വലത് മുന്നണികള്‍ നേതൃത്വം കൊടുക്കുകയാണ്. ഈ മുന്നണികള്‍ സംയുക്തമായി നടത്തിയ സത്യഗ്രഹം വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണ്. വോട്ടുബാങ്ക് ലക്ഷ്യംവച്ച് മുസ്ലീങ്ങളെ ആയുധമാക്കി രാജ്യത്തിനെതിരായ യുദ്ധമാണ് അവര്‍ നടത്തുന്നത്.
തലസ്ഥാനത്ത് ജാമിയ മിലിയയില്‍ നടത്തിയ അക്രമസമരത്തിന് കേരളത്തില്‍നിന്നുള്ളവരാണ് നേതൃത്വം കൊടുത്തത്. മയ്യത്ത് നമസ്‌കാരംവരെ എസ്ഡിപിഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ േകരളത്തില്‍ നടത്തി. 1921ലെ കലാപത്തിന്റെ വാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നാണ് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പ്രസംഗിച്ചത്. സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന ഇത്തരം നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്, നേതാക്കള്‍ വിശദീകരിച്ചു.
പൗരത്വ ബില്‍ വിരുദ്ധ സമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബില്ലിനെക്കുറിച്ച് ജനങ്ങളെ സത്യം അറിയിക്കാന്‍ ജനുവരി ഒന്നിന് പൊതു സ്ഥലങ്ങളില്‍ ലഘുലേഖ വിതരണം നടത്തും. ഒന്നു മുതല്‍ 10 വരെ താലൂക്ക് തലത്തില്‍ ഹിന്ദു ഐക്യവേദി വിശദീകരണ യോഗങ്ങള്‍ നടത്തും.














