പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചിട്ടുള്ളവര്‍ എത്ര മാത്രം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാണ് പെരുമാറുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് തൃശൂര്‍ കേരളവര്‍മ കോളജില്‍ നടമാടിയ എസ്എഫ്ഐ ഫാസിസം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു സെമിനാര്‍ നടത്താന്‍ അനുവാദം നിഷേധിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിതവും ഏകപക്ഷീയവുമായ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐ ഫാസിസത്തിന്റെ പരീക്ഷണശാലകളിലൊന്നായ കേരളവര്‍മ കോളജ് കാമ്പസിലെ അക്രമത്തിനെതിരെ എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും പോലീസ് അതിക്രൂരമായി അടിച്ചമര്‍ത്തി.
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്. ബില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയുകയും ചെയ്തതാണ്. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബില്‍ നിയമമാവുകയും ചെയ്തു. ഇതിനുശേഷമാണ് ജനാധിപത്യ മര്യാദ പാലിക്കാതെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. വിഘടനവാദത്തിന്റെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളുടെ മതവികാരം കുത്തിയിളക്കി സമരത്തിനിറക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാഹ്യശക്തികളെ ഉപയോഗിച്ച് വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം അവസാനിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളാണെന്നതുകൊണ്ട് അക്രമം നടത്താന്‍ അവകാശമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെ പറഞ്ഞിട്ടും അനുസരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.
സത്യം ജനങ്ങള്‍ അറിയരുത് എന്ന ദുഷ്ടലാക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കുള്ളത്. അത്യന്തം സുതാര്യമായ ഈ നിയമത്തിനെതിരെ നുണകളുടെ വന്മതില് പടുത്തുയര്‍ത്താനാണ് സമരക്കാരുടെ ശ്രമം. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പീഡനങ്ങള്‍ സഹിക്കാനാകാതെ വരുന്ന ഹിന്ദുക്കള്‍, ക്രൈസ്തവര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, പാഴ്സികള്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന്റെ കാലാവധി കുറയ്ക്കുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തിയിട്ടുള്ളത്. നേരത്തെ 11 വര്‍ഷമായിരുന്നത് അഞ്ച് വര്‍ഷമായി കുറച്ചിരിക്കുന്നു. ഭാരതത്തിനകത്തോ പുറത്തോ ഉള്ള മുസ്ലിങ്ങളെ ഇത് ബാധിക്കുന്നില്ല. എന്നിട്ടും നിയമം മുസ്ലിങ്ങള്‍ക്കെതിരാണെന്ന കള്ളം പ്രചരിപ്പിക്കുകയാണ്. ഒരുതരത്തിലുമുള്ള ഭരണഘടനാ ലംഘനവും ഈ വിഷയത്തിലില്ല. പൗരത്വനിയമം ഭാരതത്തിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് ദല്‍ഹി ഷാഹി ഇമാംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എന്നിട്ടും അക്രമം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രക്ഷോഭകര്‍ ശ്രമിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് ഇറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുകയും ചെയ്യുന്നതിന്റെ അമര്‍ഷവും നിരാശയവുമാണ് പ്രതിപക്ഷത്തിന്. ഇതിനാലാണ് മതത്തിന്റെ പേരില്‍ ജനങ്ങളെ ചേരിതിരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഈ ജിഹാദിന് ചുക്കാന്‍ പിടിക്കുന്നു. മതമൗലികവാദികളെയും തീവ്രവാദികളെയും അവര്‍ രംഗത്തിറക്കിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍ നടത്തിയത് ചില മുസ്ലിം സംഘടനകളാണെങ്കിലും ഭരണത്തിന്റെ തണലില്‍ അതിന് കളമൊരുക്കിയതും ഒത്താശ ചെയ്തതും ഇടതുവലതു മുന്നണികളാണ്. നിയമത്തിനെതിരെ സംയുക്ത സമരത്തിന് ഇരുമുന്നണികളും തീരുമാനിച്ചതാണ് തീവ്രവാദികള്‍ക്ക് കരുത്തുപകര്‍ന്നത്. ഹര്‍ത്താലില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണകളായിരുന്നു. ഈ നുണക്കോട്ടകള്‍ തകരാന്‍ പാടില്ല എന്നു കരുതുന്നവരാണ് കേരള വര്‍മ കോളജില്‍ അക്രമം നടത്തിയത്. സത്യത്തോടുള്ള അസഹിഷ്ണുത വച്ചുപൊറുപ്പിക്കാനാവില്ല. ഗീബല്സിന്റെയും സ്റ്റാലിന്റെയും ഖൊമേനിയുടെയും ഈ പേരക്കിടാങ്ങളെ ചെറുത്തുതോല്‍പ്പിച്ചേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: