കട്ടപ്പന : കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കൂട്ടായ്‌മ രൂപീകരിക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഹിന്ദി സംസാരിക്കുന്നവരാണ് തൊഴിലാളി സംഘടന രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹിന്ദിക്കാര്‍ വര്‍ക്കേഴ്സ് എന്ന പേരില്‍ ഇവര്‍ യോഗം ചേരുകയും ചെയ്തു.
അസം സ്വദേശിയായ ഡേവിഡിന്റെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്‌മ ഒരുങ്ങുന്നത്. 13 വര്‍ഷമായി വണ്ടന്‍മേട് രാജാക്കണ്ടത്ത് എസ്റ്റേറ്റ് തൊഴിലാളിയാണ് ഡേവിഡ്. സംസ്ഥാനത്തിന്റെ വിവിധ എസ്റ്റേറ്റുകള്‍ ഉള്‍പ്പടെയുള്ള പണിസ്ഥലങ്ങളില്‍ കയറി ഇറങ്ങിയാണ് ഇയാള്‍ ആളുകളെ ചേര്‍ത്തിരിക്കുന്നത്. നന്നായി മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഇയാള്‍ കട്ടപ്പന നഗരസഭയുടേയും പോലീസിന്റേയും അനുമതി തേടിയ ശേഷം കൂട്ടായ്‌മയുടെ ആദ്യ യോഗവും ചേര്‍ന്നു.
ഹിന്ദികാരി വര്‍ക്കേഴ്സ് മീറ്റിങ് എന്ന പേരിലാണ് പരിപാടി നടന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒത്തുകൂടാന്‍ ഒരു വേദി എന്നതാണ് ലക്ഷ്യം. ആദ്യ യോഗത്തില്‍ തന്നെ നിരവധി തൊഴിലാളികള്‍ പങ്കെടുക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്ത റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് സദസിലുള്ളവര്‍ക്ക് മനസിലാക്കി കൊടുത്തത്. വരും ദിവസങ്ങളില്‍ മറ്റ് സ്ഥലങ്ങളിലും യോഗം വിളിച്ചു ചേര്‍ക്കാനാണ് ഹിന്ദിക്കാര്‍ വര്‍ക്കേഴ്സിന്റെ തീരുമാനം.
സംസ്ഥാനത്തെ തൊഴിലാളി സമരങ്ങള്‍ നിരവധിയായതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഇവരും സംഘടനയുണ്ടാക്കിയതോടെ ഭാവിയില്‍ എന്താകുമെന്ന് കണ്ടറിയണം.
അതേസമയം ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുചേരുന്നത് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. അടുത്ത കാലത്തായി കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികളില്‍ പലരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ മലയാളികള്‍ ഇവരെ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്.
















