ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു.സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്കുപടിഞ്ഞാറ് 25 മൈല്‍ അകലെയുള്ള യൂട്ടയിലെ ടൂലെ റെമിംഗ്ടണ്‍ പാര്‍ക്ക് അപ്പാര്‍ട്ടുമെന്റ്സ് റിട്ടയര്‍മെന്റ് ഹോംസിലെ ഒരു വീട്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ക്ഷേമപരിശോധനയ്ക്കിടെ (വെല്‍ഫെയര്‍ ചെക്ക്) 75 കാരിയായ ജീന്‍ സൗരോണ്‍ മാത്തേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് കരുതപ്പെടുന്നതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് വീട്ടില്‍ ഉദ്യോഗസ്ഥന് നടത്തിയ വിശദപരിശോധനയിലാണ് 75കാരിയുടെ ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്സിന്റെ മൃതദേഹം ഫ്രീസറില്‍ കണ്ടെത്തിയത്. ഓറഞ്ചും കറുത്ത നിറവുമുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പോള്‍ മാത്തേഴ്സ് അവസാനമായി ആശുപത്രിയില്‍ ചെന്നത് 2009 ഫെബ്രുവരി 4നായിരുന്നു എന്ന് പോലീസ് പറയുന്നു. മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. 2009 ഫെബ്രുവരി 4നും മാര്‍ച്ച് 8 നും ഇടയിലായിരിക്കാം പോള്‍ മാത്തേഴ്സ് മരിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും, അന്നുമുതലായിരിക്കാം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ജീന്‍ മാത്തേഴ്സ് വീല്‍ചെയര്‍ ഉപയോഗിക്കുമായിരുന്നെങ്കിലും 10 വര്‍ഷം മുമ്പ് അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ആരോഗ്യവതിയായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ഫ്രീസറില്‍ വെക്കാന്‍ ശാരീരികമായി അവര്‍ക്ക് കഴിയുമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോളിന്റെ മൃതദേഹത്തില്‍ 2008 ഡിസംബറില്‍ എഴുതി നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ ഒരു കത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ‘ഭാര്യ തന്നെ കൊന്നിട്ടില്ലെന്ന്’ എഴുതി പോള്‍ തന്നെ ഒപ്പിട്ടതാണ് ആ കത്ത് എന്ന് ടൂള്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ സര്‍ജന്റ് ജെറമി ഹാന്സെന് പറഞ്ഞു.
ഒരുപക്ഷെ ദമ്പതികള്‍ ഈ പദ്ധതി നേരത്തേ ആസൂത്രണം ചെയ്തതായിരിക്കാമെന്നും പോലീസ് കരുതുന്നുണ്ട്. ഭര്‍ത്താവ് മരിച്ചാലും ആനുകൂല്യം ഭാര്യയ്ക്ക് കിട്ടാന്‍ വേണ്ടി ചെയ്ത കൃത്യമാകാം ഇതെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. അതിനാല്‍ അവരുടെ എല്ലാ സാമ്പത്തിക രേഖകളും മെഡിക്കല്‍ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 177,000 ഡോളറോളം ജീന്‍ മാത്തേഴ്സ് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം നരഹത്യയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: