സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ബുദ്ധന് ആചാരപദ്ധതി നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ സമൂഹത്തെ ഉപേക്ഷിക്കാനും സംഘത്തില്‍ അണിചേരുന്ന പ്രക്രിയ (ഉപസംപദാ) നടത്താനും ആഹ്വാനം ചെയ്തു. ഈ സംന്യാസിസംഘത്തിന്റെ സ്വകാര്യസ്വത്തില്ലായ്മ, സമത്വം, ജനാധിപത്യം എന്നീ ആശയങ്ങള്‍ ഗോത്രജീവിതത്തിന്റെ മാതൃകയില്‍ നിന്നുമെടുത്തതാണ്. വര്‍ഗസമൂഹത്തിന്റെ മടിത്തട്ടില്‍് വര്ഗരഹിതസമൂഹങ്ങള്, ഹൃദയമില്ലാത്ത ലോകത്തിന് ഹൃദയം, അനാത്മാവസ്ഥയുടെ ആത്മാവ് എന്ന നിലക്കാണ് ഈ സംഘങ്ങള്‍ രൂ
പീകൃതമായത്. ബൗദ്ധം വൈദികത്തിനെതിരായ പടയൊരുക്കവുമായിരുന്നു എന്ന ദുര്‍വ്യാഖ്യാനവും ജൈനസമ്പ്രദായത്തെ വിശദീകരിക്കവേ നാം കണ്ടു. ചുരുക്കത്തില്‍ ചാര്‍വാകന്റെയും ഗൗതമബുദ്ധന്റെയും ദര്‍ശനങ്ങള്‍, ദേബീപ്രസാദിന്റെയും കൂട്ടുരുടെയും വ്യാഖ്യാനമനുസരിച്ച്, മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റ്സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പ്രാകൃതരൂപമായിരുന്നു. മനുഷ്യചരിത്രം അധീശത്വത്തിനു വേണ്ടി രാജവംശങ്ങള്‍ തമ്മില്‍ നടത്തിയ സംഘട്ടനമാണെന്നാണ് പാശ്ചാത്യപക്ഷം. ഇത്തരത്തില്‍ ഈ രണ്ടുപക്ഷങ്ങളുടേയും കണ്ണടയിലൂടെ ഭാരതീയതയുടെ അന്തസ്സത്തയെ തെറ്റായി, വികലമായി, അയഥാര്‍ത്ഥമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍, ബ്രിട്ടീഷുകാര്‍ പോയതിനു ശേഷവും, ഇന്നും ഇവിടെ തുടരുന്നു. പാശ്ചാത്യതത്വചിന്തയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയദര്‍ശനങ്ങള്‍ എന്ന ദാസ്ഗുപ്തയുടെ അഭിപ്രായം ഈ പരമ്പരയുടെ തുടക്കത്തില്‍ നാം വായിച്ചു. ഇവിടുത്തെ ദര്‍ശനങ്ങളുടെ മൗലികപ്രമേയം ഭൗതികേതരമായ ആത്മാവിന്റെ ആത്യന്തികദുഃഖനിവൃത്തി അഥവാ ആത്യന്തികസുഖലബ്ധി ആയിരുന്നു. പ്രപഞ്ചപ്രക്രിയയെക്കുറിച്ച് അതാതിന്റെ വീക്ഷണം മുന്നോട്ടു വെയ്ക്കുന്നതോടൊപ്പം ആ പ്രമേയം കൈവരിക്കാനുള്ള അതാതിന്റെ അനുഷ്ഠാനപദ്ധതിയും അവ മുന്നോട്ടു വെച്ചു. കേവലം ഭൗതികമായ പരിഹാരങ്ങള്‍ ആയിരുന്നില്ല അവ നിര്‍ദ്ദേശിച്ചതും. ജീവിതപ്രശ്നങ്ങളോടുള്ള ഭാരതീയസമീപനങ്ങള് വൈദേശികങ്ങളായ സെമിറ്റിക്ക് മതങ്ങള്‍, ഇസങ്ങള്‍ എന്നിവയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായിരുന്നു എന്ന് ഹജിമെനക്കാമുറ തുടങ്ങിയ പണ്ഡിതന്മാരുടെ ആധുനികപഠനങ്ങളും വ്യക്തമാക്കുന്നു.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: