ന്യൂദല്‍ഹി: ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ അക്രമികളെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്. കേരള ഹൗസില്‍ ഇവരെ ഒളിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്ദേശമുണ്ടായിരുന്നെന്നാണ് അറിയുന്നത്. രണ്ട് സര്‍വകലാശാലകളില്‍ നിന്നുമുള്ള 86 വിദ്യാര്‍ഥികള്‍ക്ക് തമാസ സൗകര്യം വരെ ഏര്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി ഇതിന് വേണ്ട ഒത്താശ ചെയ്തത്. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചതോടെ വീടുകളിലേക്ക് മടങ്ങാതെ ദല്‍ഹിയില്‍ തന്നെ തങ്ങിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയാണ് കേരളാ ഹൗസില്‍ താമസിപ്പിച്ചത്.
ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ അക്രമം അഴിച്ചു വിട്ടത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള ഹൗസില്‍ അഭയം നല്‍കിയതെന്നാണ് അറിയുന്നത്. ഇവരെ സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്, അഖിലേന്ത്യ മഹിളാ അസോസിയേഷന് നേതാവ് മൈമുന മൊള്ള, സിപിഎം ദല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.ഐ. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ട്രാവന്‍കൂര്‍ ഹൗസില്‍ 27 പെണ്‍കുട്ടികള്‍ക്ക് താമസമൊരിക്കിയെന്നും ആണ്‍കുട്ടികളുടെ താമസം പഹാഢ്ഗഞ്ചിലെ ഹോട്ടലിലായിരുന്നെന്നുമാണ് അറിവെങ്കിലും 200 ഓളം വിദ്യാര്‍ത്ഥികള്‍ കേരള ഹൗസില്‍ ഉണ്ടായേക്കാമെന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നുണ്ട്.
















