ഇസ്ലാമാബാദ്: ഇന്ത്യയില്‍ പൗരത്വ നിയമം നടപ്പാക്കിയതില്‍ പാക്കിസ്ഥാന് അസഹിഷ്ണുത. വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജനീവയിലെ ആഗോള അഭയാര്‍ത്ഥി ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മാണം ദക്ഷിണേഷ്യന്‍ മേഖലയിലെ അഭയാര്‍ഥി പ്രതിസന്ധിക്ക് കാരണമാകുമെന്ന് മാത്രമല്ല, ആണവ ശക്തികളായ അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമായേക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയും ഇമ്രാന്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പൗരത്വ നിയമം കൊണ്ടു വന്നതിലും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിലും പാക്കിസ്ഥാന് അമര്‍ഷവും അസഹിഷിണുതയുമുണ്ടെന്ന് തെളിയിക്കുന്നതാണ് ജനീവയിലെ ഇമ്രാന്റെ പ്രസംഗം.
അതേസമയം, ഇമ്രാന്‍ ഖാന് ഇന്ത്യ ചുട്ട മറുപടി നല്‍കി. പാക്ക് പ്രധാനമന്ത്രിയുടേത് വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളാണെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വിമര്‍ശിച്ചു. പൗരത്വ നിയമവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും, ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുമെന്ന വാദം രവീഷ് കുമാര്‍ നിരസിച്ചു. തന്റെ ഇടുങ്ങിയ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് വയ്‌ക്കാനാണ് പാക് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് പാക്കിസ്ഥാന്‍. ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് ആഗോള ഫോറങ്ങള്‍ പോലുള്ള വേദികള്‍ പതിവായി ഇമ്രാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുന്നു, രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
മിക്ക അയല്‍രാജ്യങ്ങളും പാക്ക് നടപടികളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചവരാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സമയം കൊണ്ട് ഇമ്രാന്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കഴിഞ്ഞ 72 വര്‍ഷത്തിലേറെയായി, റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അവരില്‍ പലരും ഇന്ത്യയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നത്. ഇമ്രാന്‍ ആഗ്രഹിക്കുന്നത്, കിഴക്കന്‍ പാക്കിസ്ഥാനിലെ ജനതയോട് 1971ല്‍ തന്റെ സൈന്യം ചെയ്തതെല്ലാം ലോകം മറക്കണമെന്നാണ്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുമാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടതെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു.
















