തിരുവനന്തപുരം: ദുബായ്‌യില്‍ നിന്ന് രണ്ടു കിലോഗ്രാം സ്വര്‍ണം കടത്തിയ വഞ്ചിയൂര്‍ സ്റ്റേഷനിലെ ക്രൈം എസ്‌ഐ എ.എം.സഫീറും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയും അറസ്റ്റിലായ സംഭവത്തില്‍ അമ്പരന്ന് പോലീസ് സേന. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് എസ്‌ഐയെയും വനിത സുഹൃത്തിനെയും പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് കഴിഞ്ഞ പത്തിന് സഫീര്‍ ദുബായ്‌യില്‍ പോയത്.
സിമി ഇരുന്ന സീറ്റിന്റെ അടിയില്‍ നിന്നാണ് 20 കിലോസ്വര്‍ണമാണ് പിടിച്ചത്. പേഴ്‌സിനുള്ളില്‍ ബിസ്‌കറ്റ് രൂപത്തില്‍ പത്ത് കഷണങ്ങളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. തുടര്‍ന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന ഒമ്പത് പേരെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണ് ഇരുവരുമെന്ന് തെളിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി നേരത്തേ സ്വര്‍ണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ട്. എന്നാല്‍ സഫീര്‍ തുടര്‍ച്ചയായി ഗള്‍ഫില്‍ പോയതായി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഒരുവര്‍ഷം മുന്‍പാണ് ഒടുവില്‍ യുഎഇയില്‍ പോയത്. ആദ്യമൊന്നും കുറ്റമേറ്റില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ലാണ് സഫീര്‍ കുറ്റം സമ്മതിച്ചത്. കടത്തിയ സ്വര്‍ണത്തിന്റെ വില ഒരു കോടിയില്‍ കുറവായതിനാല്‍ ഓഫീസ് ജാമ്യത്തില്‍ വിട്ടു. സഫീറിനെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സീറ്റിനടയില്‍ ഒളിപ്പിച്ചതിനാല്‍ വിമാനത്താവള ജീവനക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സഫീറിന്റെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും അവ നടത്താനുള്ള പണത്തിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും സഫീറിനോട് അടുപ്പമുള്ളവര്‍ പറയുന്നു.
അതേസമയം സേനയിലെ എസ്‌ഐ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതില്‍ സേനയ്‌ക്കുള്ളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പോലീസില്‍ ക്രിമനല്‍കേസുള്ളവര്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് പുതിയ സംഭവം. ഏതെങ്കിലും പ്രതികളോ വാദികളോ നല്‍കുന്ന കേസിലാണ് ക്രിമില്‍ വകുപ്പുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഒരു എസ്‌ഐ നേരിട്ട് സ്വര്‍ണം കടത്തുക എന്നത് സേനയില്‍ തന്നെ ആദ്യമാണ്.
















