ബെംഗളൂരു: ബെംഗളൂരുവില്‍ താമസിച്ച് ദക്ഷിണേന്ത്യയില്‍ വ്യാപക കലാപത്തിന്റെ ആസൂത്രണം ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട ഭീകരനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കൊല്‍ക്കത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.
നിരോധിത ഭീകര സംഘടനയായ ജമാ-അത്ത്- ഉല്‍ മുജാഹുദ്ദീന്‍ (ജെഎംബി) ഭീകരന്‍ പഞ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുസരഫ് ഹുസൈന്‍ (മൂസ-22) ആണ് പിടിയിലായത്. ഇന്നലെ കൊല്‍ക്കത്ത എന്‍ഐഎ കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് മുഖേന കസ്റ്റഡിയില്‍ വാങ്ങിയ മൂസയെ ഇന്ന് ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ബെംഗളൂരു ചിക്കബനാവരയിലെ ഒരു വീട്ടിലായിരുന്നു മൂസ ഉള്‍പ്പെട്ട ഭീകരസംഘം വാടകയ്‌ക്ക് താമസിച്ചിരുന്നത്. എന്‍ഐഎ ഈ വര്‍ഷം ജൂലൈയില്‍ ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഹാന്‍ഡ്ഗ്രനേഡ്, മൂന്ന് ഗ്രനേഡ്ക്യാപ്, മൂന്ന് ഐഇഡി സര്‍ക്യൂട്ടുകള്‍, 9എംഎം ബുള്ളറ്റ്, ഒരു എയര്‍ഗണ്‍, സ്‌ഫോടക വസ്തു നിര്‍മാണത്തിനുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
2018 മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് മൂസയും കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇക്ക്ബാലും ബെംഗളൂരുവില്‍ എത്തിയത്. നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ചിരുന്ന ജെഎംബി ഭീകരര്‍ക്കൊപ്പം ഇരുവരും ചിക്കബനാവരയില്‍ വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ചാണ് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരുന്നത്.
പ്രതികളെല്ലാവരും ബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടക കേസിലെ പ്രതികളായിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന എന്‍ഐഎ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു ബെംഗളുരുവില്‍ പരിശോധന.
സംഘത്തലവന്‍ മുഹമ്മദ് ജഹിദുള്‍ ഇസ്‌ലാമിനെ 2018 ആഗസ്റ്റില്‍ ബെംഗളൂരു രാമനഗറില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റു ചെയ്തിരുന്നു. ഈവര്‍ഷം ജൂലൈയില്‍ ജെഎംബി സംഘത്തിലെ ഹബിബുര്‍ റഹ്മാനെ ബെംഗളൂരു ദൊഡ്ഡബെല്ലാപ്പുരയില്‍ നിന്നും ആഗസ്റ്റില്‍ മറ്റൊരു പ്രതിയായ അഗര്‍ത്തല സ്വദേശി മുഹമ്മദ് നജീര്‍ ഷെയ്‌ക് (പട്ട്‌ലഅനസ്-25) നെ ത്രിപുര അഗര്‍ത്തലയില്‍ നിന്നും എന്‍ഐഎ സംഘം പിടികൂടിയിരുന്നു.
ഹബിബുര്‍ റഹ്മാനില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചിക്കബനാവരയിലെ വീട്ടില്‍ പരിശോധന നടത്തിയത്. ചിക്കബനാവരയിലെ ഒരു പാലത്തിന്റെ അടിയില്‍ നിന്നാണ് അഞ്ച് ഗ്രനേഡുകള്‍ കണ്ടെത്തിയത്.
അറസ്റ്റിലായവരെ കൂടാതെ നസറുള്‍ ഇസ്‌ലാം, ജാഹിദുള്‍ ഇസ്‌ലാം, ആസിഫ് ഇക്ക്ബാല്‍, ആരിഫ് എന്നിവരും ഇവിടെ താമസിച്ചിരുന്നു. ഈ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധനയ്‌ക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് നജീര്‍ ഉള്‍പ്പെടെയുള്ള സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപെട്ടിരുന്നു.
2018 മുതല്‍ ജെഎംബി ഭീകരര്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞ് തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതി തയാറാക്കി വരികയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് കവര്‍ച്ച ഉള്‍പ്പെടെയുള്ളയുള്ള പദ്ധതികള്‍ ഇവര്‍ തയാറാക്കിയിരുന്നു.
















