തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ തീവ്രമുസ്ലിം വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഹര്‍ത്താലിലൂടെ അഴിഞ്ഞ് വീണത് ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും മതേതര മുഖം. എസ്ഡിപിഐയോടൊപ്പം ചേര്‍ന്ന് തീവ്രവാദ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന് പലയിടത്തും ചുക്കാന്‍ പിടിച്ചത് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ഡിവൈഎഫ്‌ഐയിലേയും യൂത്ത് കോണ്‍ഗ്രസിലെയും രാത്രികാല എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ‘ഒപ്പോസ് സിഒബി’ എന്ന പ്രചരണത്തിന് ആരംഭം കുറിച്ചതും ഇതേ തീവ്രസ്വഭാവമുള്ളവരുടെ കൂട്ടായ്‌മയാണ്. അതിന് പിന്നാലെയാണ് ഇന്നലെ നടന്ന ഹര്‍ത്താലിനും തിങ്കളാഴ്ച രാത്രിയിലെ മുന്നൊരുക്കങ്ങള്‍ക്കും കുട്ടിസഖാക്കളും ഖദര്‍ധാരികളും പരസ്യമായി രംഗത്ത് എത്തിയത്.
ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തന്നെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംഘടനകളില്‍ മുസ്ലിം തീവ്രവാദ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറുന്നു എന്നതിനെ ശക്തിപ്പെടുത്തുന്നതു കൂടിയാണ് വീഡിയോ.
കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധ സമരത്തിലും സജീവമായി നിന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച് ഞായറാഴ്ച രാത്രിയില്‍ രാജ്ഭവന്‍ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചു. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസും എത്തിയിരുന്നു. കൂടാതെ എസ്ഡിപിഐ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മയ്യത്ത് നമസ്‌കാരത്തിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബില്ലിനെതിരെ പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈകോര്‍ത്ത് നടത്തിയ പ്രതിഷേധ സമരത്തിലും നേതാക്കളുടെ പ്രസംഗത്തിന് കൈയടിച്ചവരും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറിങ്ങി.
ദല്‍ഹിയിലടക്കം നടക്കുന്ന വിദ്യാര്‍ത്ഥി അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളായ എസ്എഫ്‌ഐ, എഐഎസ്എഫ് പ്രവര്‍ത്തകരും അനുഭാവികളുമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
















