തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ നിയമ വിരുദ്ധ ഹര്‍ത്താലില്‍ സമര അനുകൂലികള്‍ തകര്‍ത്തത് 18 കെഎസ്ആര്‍ടിസി ബസുകള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ നടപപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇത് വകവെയ്‌ക്കാതെയാണ് ഈ ഹര്‍ത്താല്‍ ആചരിച്ചത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 18 കെഎസ്ആര്‍ടിസി ബസുകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ 2,16,000 രൂപയാണ് നഷ്ടം. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്. നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സര്‍വീസുകളെ ബാധിക്കുന്ന വിധത്തില്‍ കെഎസ്ആര്‍ടിസിയെ തകര്‍ത്തിരിക്കുന്നത്.
തകര്‍ക്കപ്പെട്ട 18 ബസുകളില്‍ 13 എണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചെലവാകും. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം വേറെയുമുണ്ട്.
പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് എസ്ഡിപിഐ, ബിഎസ്പി തുടങ്ങി മുപ്പതിലധികം സംഘടനകള്‍ ഉളള സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ നടത്തുന്നതിന് മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഉത്തരവുണ്ട്. എന്നാല്‍ സമരസമിതി ഇതൊന്നും പാലിക്കാതെയാണ് ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തിയത്.
















