ശഹിബ്ഗഞ്ച്: പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശിതമായ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വിഷയങ്ങളില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നു മോദി വെല്ലുവിളിച്ചു. ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മുത്തലാഖ് തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറുണ്ടോ, കശ്മീരില്‍ 370ാം വകുപ്പ് പുന: സ്ഥാപിക്കാന്‍ തയാറുണ്ടോ, പൗരത്വനിയമത്തെ വെല്ലുവിളിക്കുന്ന കോണ്‍ഗ്രസ് തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കുമോ എന്നും മോദി. ഝാര്‍ഖണ്ഡിലെ ശഹിബ്ഗഞ്ചില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഈ വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം. അല്ലെങ്കില്‍ രാജ്യത്ത് ഭീതി പടര്‍ത്തുന്ന പ്രചാരണങ്ങള്‍ പടര്‍ത്തിയുള്ള ഒളിപ്പോര് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.രാജ്യത്തെ ഉജ്വല ഭാവിക്കു വേണ്ടിയുള്ളതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍. പാവങ്ങളായ രക്ഷിതാക്കള്‍ കഷ്ടപ്പെട്ട് പഠിക്കാന്‍ അയക്കുന്ന യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണം. പൗരത്വ ബില്ലിനെ നേരിട്ട് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനു പകരം മറ്റു ചില കാര്യങ്ങളുടെ മറ പറ്റി രാജ്യത്ത് അരാജകത്വത്തിനു ശ്രമിക്കുകയാണ്. ബിജെപിക്കും എന്‍ഡിഎയ്‌ക്കും ഒരൊറ്റ വിശുദ്ധ ഗ്രന്ഥമേ ഉള്ളൂ, അത് അംബേദ്കറുടെ ഇന്ത്യന്‍ ഭരണഘടനയാണ്. ഞങ്ങള്‍ ഒരു മന്ത്രം മാത്രം മനസില്‍ സൂക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അത് ഭാരത് മാതാ കീ ജയ് എന്നാണെന്നും മോദി.
















