ന്യൂദല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചപ്പോള്‍, കല്ലെറിയുന്നത് പോലീസ് കണ്ടു നില്‍ക്കണോ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തിരികെ ചോദിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഒന്നായി കണ്ടു നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്കുള്ള ആവലാതികളും പരാതികളും ഹൈക്കോടതിയെ അറിയിക്കൂ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വേണ്ടതു ചെയ്‌തോളും. അതിലും തൃപ്തി ഇല്ലെങ്കില്‍ ഇവിടെ വീണ്ടും വരൂ എന്നും ചീഫ് ജസ്റ്റിസ്.
വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസുകള്‍ എടുക്കുമ്പോള്‍ എങ്ങനെ സമാധാനം വരുമെന്ന് ഇന്ദിര ജയ്‌സിങ് വാദിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സഹായം ലഭിച്ചിട്ടില്ല. തെലങ്കാന വെടിവയ്‌പ്പ് കേസില്‍ എന്ന പോലെ ഒരു കമ്മിഷനെ സുപ്രീം കോടതി നിയമിക്കണമെന്നും ഇന്ദിര. എന്നാല്‍, തെലങ്കാന സംഭവുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്നും അത്തരം ഒരു കമ്മിഷനേയും ഇപ്പോള്‍ നിയമിക്കില്ലെന്നും സുപ്രീം കോടതി. ജാമിയ മിലിയയില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും എന്നാല്‍, അലിഗഡ് സര്‍വകലാശാല ഇപ്പോഴും പ്രശ്‌നബാധിതമാണെന്നും റിട്ട. ജഡ്ജിയെ അങ്ങോട്ടേക്ക് അയക്കണമെന്നും കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. എന്നാല്‍, അതൊന്നും ഇപ്പോള്‍ ഉറപ്പു നല്‍കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ത്ഥിയേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു വിദ്യാര്‍ഥി പോലും ജയിലില്‍ ഇല്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിക്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പരുക്കേറ്റ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദഗ്ധ ചികിത്സ തന്നെയാണ് നല്‍കിയത്. എല്ലാം ചെലവുകളും സര്‍ക്കാര്‍ സംവിധാനങ്ങളാണ് വഹിച്ചതെന്നും തുഷാര്‍. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അക്രമകാരികളെ പിരിച്ചു വിടാന്‍ പോലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൊട്ടാത്തവ എടുത്ത് പോലീസിനു നേരേ എറിയുന്നതിനിടെ പൊട്ടിത്തെറിച്ചാണ് ചില വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്.
വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ബഹളം വെയ്‌ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിശദീകരിച്ചു.
















