ന്യൂദല്‍ഹി: ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരാണ് പോലീസ് വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇതേറ്റുപിടിച്ച് മലയാള മാധ്യമങ്ങള്‍ രാത്രിയോടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു. മിക്ക പ്രതിഷേധങ്ങളും കലാപാഹ്വാനങ്ങളായി മാറി. എസ്ഡിപിഐക്ക് പുറമേ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം ഇവരുടെ പ്രചാരണം വിശ്വസിച്ച് അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തി. രാജ്ഭവനിലേക്കും മാര്‍ച്ചു നടത്തി. ഇതിന് പിന്നാലെ മലപ്പുറത്ത് ബിജെപിയുടെ ഓഫീസിനു നേരേ അക്രമമുണ്ടായി.
അഫ്സല് റഹ്മാന് സി. എ എന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകനാണ് പോലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഞായറാഴ്ച രാത്രി 7.40നാണ് ഇത്തരത്തിലൊരു സന്ദേശം മാധ്യമങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലെത്തിയത്. ഇതേപ്പറ്റി ആളുകള്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടന്നതാണെന്ന തരത്തിലാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ വ്യാജപ്രചാരണമാണ് ഇയാള്‍ നടത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ ഇന്നലെ രാവിലെ ചോദ്യം ചെയ്തെങ്കിലും പ്രതികരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകാലാശാല വൈസ് ചാന്‍സലറും വിദ്യാര്‍തിഥികള്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു.
ഇന്ത്യ റ്റുമോറോ ഇംഗ്ലീഷ് എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് എന്നാണ് അഫ്സല് റഹ്മാന് അവകാശപ്പെടുന്നത്. ഇയാള്‍ മാധ്യമം, പ്രബോധനം, ഏഷ്യാനെറ്റ്, മീഡിയാവണ്‍, മനോരമ എന്നീ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നയാളെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ പറയുന്നു. ജാമിയയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൈചൂണ്ടി പ്രതിഷേധിക്കുന്ന അയ്ഷ റെന്ന എന്ന കൊണ്ടോട്ടി സ്വദേശിനിയുടെ ഭര്‍ത്താവ് കൂടിയാണ് അഫ്സല്. കഴിഞ്ഞ മൂന്നു ദിവസമായി ഭാര്യയായ അയ്ഷ റെന്ന പങ്കെടുത്ത പോലീസിനെതിരായ പ്രതിഷേധ പരിപാടികളുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ക്കെത്തിച്ചു നല്കിയതും അഫ്സലാണ്. ഇവരുടെ രണ്ടുപേരുടേയും ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെതിരായി നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇരുവര്‍ക്കും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായി ശക്തമായ ബന്ധമാണുള്ളത്. ഇസ്ലാമിന് വേണ്ടിയാണ് പ്രതിഷേധമെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: