വിത്തേനേത്യേവ ഹി ശ്രുതിഃ
ബ്രവീതി കര്‍മ്മണോ മുക്തേഃ
അഹേതുത്വം സ്ഫുടം യതഃ
വിത്തം അഥവാ ധനം കൊണ്ട് അമൃതത്വം നേടാമെന്ന് ആശിക്കേണ്ടെന്ന് ശ്രുതി പ്രഖ്യാപിക്കുന്നു. കര്‍മ്മങ്ങളെ കൊണ്ടല്ല മുക്തി ഉണ്ടാകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.അമൃതത്വമെന്നാല് മരണമില്ലാത്ത അവസ്ഥ അഥവാ മോക്ഷം. ധനം ഉപയോഗിച്ച് ഇതിനെ നേടാമെന്ന് കരുതുന്നത് മണ്ടത്തരമാണ്.
മരണത്തിന് ശേഷം നേടാവുന്ന ഒന്നാണ് മോക്ഷം എന്ന തെറ്റിദ്ധാരണയും ആളുകള്‍ക്കിടയിലുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമൃതത്വാവസ്ഥ കൈവരിക്കാനാവും. പക്ഷേ അതിനെ ധനം, കര്‍മം എന്നിവയാലൊന്നും നേടിയെടുക്കാനുമാവില്ല. ശ്രുതി വാഗ്ദാനം ചെയ്യുന്ന അമൃതത്വത്തെ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടാവുന്ന പൂര്ണാവസ്ഥയെന്ന് പറയാം. കാലദേശങ്ങള്‍ക്കതീതമായി ഒരു പരിമിതികളുമില്ലാതെ ശുദ്ധവും നിരന്തരവുമായ ‘സത്’ ഭാവത്തെയാണ് ഋഷിമാര്‍ അമൃതത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.
ധനം, കര്‍മ്മം എന്നിവ കൊണ്ട് എന്തൊക്കെ നേടിയെടുക്കാനാവും. ഭൗതികമായ പല കാര്യങ്ങള്‍ പോലും ഇവയാല്‍ കൈപ്പിടിയിലാക്കാന്‍ പ്രയാസമാണ്. ധനികനായ ഒരാള്‍ക്ക് തന്റെ സമ്പത്ത് കൊണ്ട് സുഖഭോഗങ്ങളെ അനുഭവിക്കാം. പക്ഷേ എത്ര കാലം സമ്പത്ത് തീരും വരെ മാത്രം. സമ്പത്ത് എത് സമയത്തും നശിക്കാനും ഇടയുണ്ട്. ഭൗതിക കാര്യങ്ങളേക്കാള്‍ വളരെയേറെ സൂക്ഷ്മമായ ആദ്ധ്യാത്മിക രംഗത്ത് സാധാരണ ധനം എത്ര പ്രയോജനപ്പെട്ടിട്ടുണ്ടാകും. പണം കൊണ്ട് പലതും വാങ്ങാം എന്നാല്‍ മനശ്ശാന്തിയും ഉത്കൃഷ്ട ചിന്തയും ശാന്തിയും സമാധാനവും സ്വസ്ഥതയാമൊന്നും കൈവരിക്കാനാവില്ല.
വിത്തം എന്നാല്‍ വിഷയവസ്തുക്കളിലൂടെ നേടുന്ന അനുഭവസമ്പത്ത് എന്നും അര്‍ത്ഥം. പുറം ലോകത്തെ അറിയുന്നത് ഇന്ദ്രിയ വിഷയങ്ങളിലൂടെയാണ്. എന്നാല്‍ ഇവയെ കൊണ്ട് ആന്തരികമായ അ ദ്വിതീയമായ ഒന്നിനെ അനുഭവമാക്കിത്തരാന്‍ കഴിയില്ല. പുറമെയ്ക്ക് നമ്മള് ചെയ്യുന്ന ഒന്നും ആന്തരികമായതിനെ നേടിത്തരില്ല. അതുകൊണ്ട് തന്നെയാണ് മുമ്പ് പൂജാ, യജ്ഞം, ശസ്ത്രപഠനം മുതലായവയ്ക്ക് പരിമിതിയുണ്ടെന്ന് പറഞ്ഞത്. അവയ്ക്ക് അമൃതാവസ്ഥയെ നേടിത്തരാനാകില്ല.
കര്‍മ്മം എത്ര തന്നെ മഹത്തായതായാലും അവയ്ക്ക് പരമപദത്തിലേക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കുകയില്ല. കര്‍മ്മത്തെ കൊണ്ട് ഉളളം ശുദ്ധമാക്കാനാകും. ആദ്ധ്യാത്മികമായ ധനമാണ് നാം നേടിയെടുക്കേണ്ടത്. അത് അകത്താണ് പുറത്തല്ല. അത് പുറമെ കാട്ടിക്കൂട്ടുന്ന കര്‍മ്മ കലാപങ്ങളെ കൊണ്ടോ ധന ധൂര്ത്തുകൊണ്ടോ ഉണ്ടാവുകയുമില്ല.
ഉപനിഷത്തില്‍ യാജ്ഞവല്ക്യന് മൈത്രേയിയ്ക്ക് നല്കുന്ന മറുപടിയില്‍ ധനത്തിന്റെ നിസ്സാരതയെ പറയുന്നുണ്ട്. നശ്വരങ്ങളായ വിത്തം, കര്‍മ്മം ഇവ കൊണ്ടൊന്നും അനശ്വരമായ അമൃതത്വത്തെ നേടാനാകില്ല.ശ്രുതി പറയുന്നു ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശു:’കര്‍മ്മം, സന്താനം, ധനം എന്നിവയൊന്നും മോക്ഷമുണ്ടാകില്ല. ത്യാഗം ഒന്നുകൊണ്ട് മാത്രമേ മോക്ഷം നേടാനാകൂ എന്ന് .ഈ പ്രസ്താവന നമ്മുടെ ഓരോരുത്തരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭൗതിക വസ്തുക്കള്‍ക്കുള്ള പുറകെയുള്ള ഓട്ടം നിര്‍ത്തി ഉള്ളിലുള്ള ആത്മ വസ്തുവിനെ തേടണം അമരരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: