കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്റെ പേര് നടന്‍ ദിലീപ് കൈമാറി. ഈ മാസം 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തിലാകും പരിശോധന.
ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക വിചാരണ കോടതി മുമ്പാകെയാണ് വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദേശിച്ചത്. ഇദ്ദേഹമാണ് പ്രതിഭാഗത്തിനായി പോലീസ് ശേഖരിച്ച ഡിജിറ്റല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുക. ദൃശ്യങ്ങളുടെ പകര്‍പ്പിന് ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീംകോടതി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അനുമതി നല്‍കിയിരുന്നു. മൂന്നു വിദഗ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍, ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ധനെക്കൂടി അനുവദിക്കാനാണ് നിര്‍ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഒരു സാങ്കേതിക വിദഗ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിനായി 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനാണ് അനുമതി. ഈ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിമുറിയില്‍ പരിശോധിക്കും. ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയില്‍ നിന്നുള്ള തെളിവുകളാണിവ.
















