കൊട്ടാരക്കര (കൊല്ലം): കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്‌നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന അനില്‍കുമാറിന് എട്ടിന് രാത്രിയിലാണ് ക്രൂര മര്‍ദനമേറ്റത്. അനില്‍കുമാറിന് പ്രദേശവാസിയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇത് ആരോപണവിധേയായ യുവതിയുടെ ഭര്‍ത്താവിന്റെ ചെവിയിലുമെത്തി. തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം ഒരുസംഘം അനില്‍കുമാറിനെ പിടിക്കാന്‍ കാത്തിരുന്നു. ഇതറിയാതെ പ്രദേശത്തെത്തിയ അനില്‍കുമാറിനെ പിടികൂടി ഇവര്‍ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ അനില്‍കുമാര്‍ ആരോടും പറയാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാണക്കേട് ഭയന്ന് പോലീസിലും പരാതി നല്‍കിയില്ല.
പ്രാഥമിക ചികിത്സയ്‌ക്കുശേഷം വീട്ടില്‍ മടങ്ങിയത്തിയ അനില്‍കുമാറിന് പിന്നീട് തലയ്‌ക്ക് പെരുപ്പും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തുടര്‍ന്ന് ശനിയാഴ്ച അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഉള്ളില്‍ ക്ഷതമേറ്റിരുന്നെന്ന് കണ്ടെത്തിയതിനാല്‍ ഞായറാഴ്ച രാത്രിയില്‍ തലയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. അനില്‍കുമാറില്‍ നിന്ന് വിവരം മനസ്സിലാക്കിയ ഭാര്യ ഞായറാഴ്ച കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. റൂറല്‍ എസ്പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് അടക്കം മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ അനില്‍കുമാര്‍ മരിച്ചത്. ഇതോടെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. കേസില്‍ ഇവര്‍ മൂന്നുപേരെ കൂടാതെ നിരവധി പേര്‍ വേറെയുമുണ്ടെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അടക്കം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
















