ഈ കേരള രാജ്യം നിങ്ങള്‍ കരുതും പോലെ മറ്റാരെങ്കിലും നിയന്ത്രിച്ചു കൊണ്ടു പോകുന്നയിടമല്ല. ഇത് നമ്മളുടെ സ്വന്തം രാജ്യമാകുന്നു. എന്നു വെച്ചാല്‍ നമ്മള് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളേ ഇവിടെ നടക്കൂ. പരസ്യക്കാരന് പറഞ്ഞതായാലും ദൈവത്തിന്റെ സ്വന്തം നാടെന്ന് കേള്‍ക്കുമ്പോള്‍ ഒരുള്‍പ്പുളകം നമ്മില്‍ കത്തിപ്പടരുന്നതും അതിനാലാണ്. വളരെ ജാഗ്രതയോടെ, സമാധാനപൂര്‍വം ഒന്നാലോചിച്ചു നോക്കിയാല്‍ ആര്‍ക്കും അറിയാവുന്നതേയുള്ളു ഇക്കാര്യം.
ആയതിനാല്‍ നമ്മളുടെ സ്വന്തം ദൈവരാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന് പറഞ്ഞതത്രേ ശരി. ഇന്നാട്ടില് നോം പറയുന്നതാണ് നടക്കുക, നടപ്പാക്കുക. മറ്റുനിയമങ്ങള്‍ ഉള്‍പ്പെടെയുള്ള ഏടാകൂടങ്ങളുമായി ‘യാരും ഇന്തമണ്ണിലേക്ക് വരപ്പോകാത്. കേരള രാജ്യത്തിന്റെ പൊന്നുതമ്പുരാന് ഭരണം എന്നൊക്കെപ്പറഞ്ഞാല് സോ സിമ്പിള്‍. ആയതിനാല്‍ ഫെഡറല്‍ സംവിധാനം, ഭരണഘടന തുടങ്ങിയവയൊക്കെ ബൂര്‍ഷ്വാസി ഏര്‍പ്പാടുകളാണ്.
കേന്ദ്രത്തില്‍ നടക്കുന്നത് ഭരണമല്ലെന്ന സുചിന്തിത അഭിപ്രായമാണ് പൊന്നുതമ്പുരാനുള്ളത്. കേന്ദ്രീയര്‍ക്ക് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനുള്ള ഏതോ കൊടിയ നിയമക്കുരുക്കാണ് അടുത്തിടെ ഉണ്ടാക്കിയതെന്ന് പിബി മുതല്‍ ബിസി വരെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. നമ്മുടെ കിത്താബില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ആ കിത്താബില്‍ ആകെയുള്ളത് എങ്ങനെ ഭരണം പിടിക്കാമെന്നും അതെങ്ങനെ നിലനിര്‍ത്തിപ്പോരാമെന്നുമാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ‘മൂലധന’ത്തെ ഇഴകീറി പരിശോധിക്കാം.
കേന്ദ്രന് ഇങ്ങനെ പല പല മാരണ നിയമങ്ങളും കൊണ്ടുവരുമെന്ന് മാര്‍ക്സ് മുത്തപ്പന് വളരെ മുന്നെ അറിയാമായിരുന്നു. ആ വെളിപാടിന്റെ വെളിച്ചത്തിലാണ് കിത്താബ് എഴുതിയതും. ഇങ്ങനെയുള്ള കേന്ദ്ര നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയ്ക്ക് ഒരു മഹത്തായ ആശയം വെള്ളക്കാരന്റെ കൈപ്പുസ്തകത്തില്‍ ചേര്‍ക്കാന്‍ കൊടുത്തിരുന്നു. ഇന്ത്യാ മഹാരാജ്യത്തെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ സകലതും സ്മൂത്തായി പോയേനെ.
ഇരുപത്തേഴ് ഖണ്ഡമാക്കി ഈ മഹാരാജ്യത്തെ മാറ്റിത്തരണമേ എന്നായിരുന്നു പൊന്നുതമ്പുരാന്റെ കാരണവന്മാര് അന്ന് വെള്ളക്കാരുടെ മുമ്പില്‍ മുട്ടിപ്പായി അപേക്ഷിച്ചത്. പണ്ട് കശ്മീരില്‍ ഒരു പ്രധാനമന്ത്രി സ്ഥാനമുണ്ടായിരുന്നതുപോലെ ഇരുപത്തേഴ് ഖണ്ഡത്തിനും ഓരോരോ പ്രധാനമന്ത്രിയുണ്ടായിരുന്നെങ്കില്‍ ശിവ ശിവ എന്തായിരുന്നു സുഖം. നാടെങ്ങും പറന്നു നടന്ന് കാഴ്ചകളും കാര്യങ്ങളും കണ്ടു കൂടായിരുന്നോ ! ആരോടെങ്കിലും അനുവാദം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ? ഇതാണ് നല്ലത് പറഞ്ഞാല്‍ വെള്ളക്കാരന് മനസ്സിലാവില്ലെന്ന് പറയുന്നത്.
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കേന്ദ്രന് കൊണ്ടുവന്ന പൗരത്വ നിയമം അറബിക്കടലിലെറിഞ്ഞ് ദഫ്മുട്ട് ആസ്വദിക്കാമായിരുന്നു. എല്ലാ ഫെഡറലിസവും ഭരണഘടനയും തകര്‍ത്ത് ഇമ്മാതിരി ബൂര്‍ഷ്വാ പിന്തിരിപ്പന് സംവിധാനങ്ങള്‍ വലിച്ചെറിയാന്‍ ജനശക്തി ഉണരുക തന്നെ വേണം. പൊന്നുതമ്പുരാന്റെ ഈ കാഴ്ചപ്പാടിനൊപ്പം തന്നെ ചെന്നിത്തലച്ചേകോരും കച്ചമുറുക്കിയ സ്ഥിതിക്ക് മാമാങ്കത്തിന് വീറും വാശിയും കൂടാനാണ് സാധ്യത. ദൈവരാജ്യം ഭരിച്ച് പ്രജകളെ ഒന്നൊന്നായി പാതാളത്തിലേക്കയക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ന്യായാധിപന്മാര് പലതും പറയുന്നതൊന്നും അത്ര കണക്കിലെടുക്കണ്ട. എല്ലാം ശരിയാക്കാന്‍ തന്നെയാണ് നോക്കുന്നത്. പക്ഷേ, ശരിയാവുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു തിട്ടവുമില്ല.
‘കണ്ണന് വരുമ്പോള്‍ എഴുന്നേറ്റു പോയാല്‍ കര്‍ണാ നിനക്കും കനക്കേടു തട്ടും’ എന്നു പറഞ്ഞ വിദ്വാനും കണ്ണന് വന്നപ്പോള്‍ എഴുന്നേറ്റു പോയി എന്നല്ലേ കവി പാടിയിരിക്കുന്നത്. ഇവിടെ കേരള രാജ്യത്തമ്പുരാന്‍ കണ്ണന്റെ പൈലറ്റ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ വിറച്ച് വിറച്ച് എഴുന്നേല്ക്കാന് തുടങ്ങിയെന്നാണ് പാണന്മാര് കൊട്ടിപ്പാടി നടക്കുന്നത്. ഇക്കാര്യം ഗവര്‍ണറണ്ണന്‍ സംശയലേശമെന്യേ പറഞ്ഞതും പാണന്മാര് നല്ലയീണത്തില്‍ പാടുന്നുണ്ട്. എന്തു ചെയ്യാം മാര്‍ക്സ് മുത്തപ്പാ, ഭരിച്ചു തുടങ്ങിയില്ലേ അനുഭവിക്യ, അനുഭവിപ്പിക്യ.
അങ്ങനെ തന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: