തിരുവനന്തപുരം: പാര്‍ലമെന്റും പാസാക്കി രാഷ്ട്രപതി ഒപ്പിടുകയും ചെയ്ത് നിയമമായ പൗരത്വ ബില്ലിനെതിരെ കീരിയും പാമ്പും ഒന്നായിരിക്കുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം മതവിഭാഗത്തെ ഭീഷണിയിലാക്കി വരുതിയിലാക്കുനുള്ള സംഘടിത ശ്രമം തുടങ്ങി.
ഒറ്റയ്ക്കൊറ്റക്കല്ല ഒരു കൊടിക്കീഴില്‍ അവര്‍ പ്രക്ഷോഭത്തിനിറങ്ങി. ഇന്ന് തിരുവനന്തപുരത്തെ പാളയം പള്ളിക്കടുത്ത് അവര്‍ ഒരുമിച്ച് കേന്ദ്രഭരണത്തിനെതിരെ സമരമിരിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും നേതാക്കളും ഒരുമിച്ചിരിക്കും. മുസ്ലീങ്ങളെ നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന് ഒരേ സ്വരത്തില്‍ അവര്‍ പറയും. മുസ്ലീങ്ങളെ സംഹരിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും വരുന്നേ എന്നാകും അവര്‍ ആവര്‍ത്തിക്കുക. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് മന്മോഹന് സിങ്ങിനോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. ഏഴു വര്‍ഷം മുന്‍പുള്ള നിലപാടുമാറ്റം വിചിത്രമാണ്.
ഇന്ത്യയിലെ ഒരു മുസല്‍മാനും ഭയപ്പെടേണ്ടതല്ല ഇപ്പോഴത്തെ നിയമം. അന്യരാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞുകയറുന്നവരെ തടയാനുള്ള നിയമം മതപരമായി വ്യാഖ്യാനിച്ചുള്ള പ്രക്ഷോഭം നയിക്കുന്നവര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃതമായെത്തുന്ന മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമോ? അങ്ങനെയെങ്കില്‍ ആദ്യം തസ്ലീമാ നസ്റീന് പൗരത്വം നല്‍കേണ്ടതല്ലെ? കാല് നൂറ്റാണ്ടായി അവര്‍ ബംഗ്ലാദേശിന് പുറത്താണ്. കറകളഞ്ഞ ഇസ്ലാമാണ് അവര്‍. ഗൈനക്കോളജിസ്റ്റായ തസ്ലീമ ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതോടെയാണവര്‍ ബംഗ്ലാദേശിലെ മതവര്‍ഗീയവാദികളുടെ കണ്ണിലെ കരടായത്. പിന്നീട് സ്വീഡിഷ് പൗരത്വമെടുത്ത അവര്‍ ഇന്ത്യയില്‍ തങ്ങാനാണ് താത്പര്യമെടുത്തത്. പക്ഷേ, കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അവരെ ഇന്ത്യയ്ക്ക് വേണ്ടെന്ന നിലപാടെടുത്തു. മുസ്ലിം മതമൗലികവാദികളുടെ പ്രീതിനേടാനായിരുന്നു അങ്ങനെയൊരു നിലപാട്. 2004 ല്‍ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ അവര്‍ക്ക് അഭയം നല്കി. കൊല്‍ക്കത്തയില്‍ തങ്ങിയ അവരെ മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യയുടെ കാലത്ത് കൊല്‍ക്കത്ത വിടാന്‍ ആജ്ഞാപിച്ചു. മത തീവ്രവാദികളുടെ താത്പര്യപ്രകാരമായിരിന്നു അത്. അങ്ങനെ ദല്‍ഹിയില്‍ എത്തിയ അവര്‍ക്ക് 2020 ജൂലായ് വരെ വിസ നീട്ടി നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാറാണ്.
ഇന്ത്യയില്‍ അവര്‍ക്ക് പൗരത്വം ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. തസ്ലീമയ്ക്ക് അത് ലഭിക്കണമെന്ന ആഗ്രഹം സഫലമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമോ? സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ആവശ്യപ്പെടുമോ? മതം ഒന്നാമത് ബാക്കിയെല്ലാം അതിന് ശേഷമെന്ന പ്രഖ്യാപിത നിലപാടുള്ള മുസ്ലിം ലീഗ് ആവശ്യപ്പെടുമോ?
പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് നിയമം അറിയുന്നവര്‍ മാത്രമല്ല അരിയാഹാരം കഴിക്കുന്ന ആര്‍ക്കും പറയാനാകില്ല. എന്നിട്ടുമെന്തേ പ്രക്ഷോഭത്തിന്റെ പാത എന്ന ചോദ്യത്തിന് ഉത്തരം നല്കാന് ആര്‍ക്കുമാകില്ല. ആദ്യം തെറ്റിദ്ധരിച്ച പലരും ഇപ്പോള്‍ പിന്നോട്ടടിക്കുന്നു. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍നിന്ന് വിവിധ സംഘടനകള്‍ പിന്തിരിയുകയാണ്. സമസ്ത എന്ന പ്രബല സംഘടന അതില്‍പ്പെടുന്നു. കാന്തപുരം മുസ്ല്യാരും ഹര്‍ത്താലിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാര്യവിവരമുള്ള ആരും നിയമത്തിനെതിരായ പ്രക്ഷോഭത്തിനില്ലെന്ന് വ്യക്തമാവുകയാണ്.
അധികാരം നഷ്ടപ്പെട്ട് അഴിമതികളില്‍ ജാമ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിറളിക്ക് ജനം കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമാവുകയാണ്. പൗരത്വനിയമം സോണിയയ്ക്കും മക്കള്‍ക്കും ഒടുവില്‍ വിനയാകുമോ എന്ന വേവലാതിയിലാണ് കോണ്‍ഗ്രസ് തലപ്പത്തുള്ളവര്‍. ജനസംഖ്യാനിയന്ത്രണത്തിന് നിയമവും നിര്‍ബന്ധവും നടപ്പാക്കിയവര്‍ അന്യരാജ്യത്തുള്ളവരെ കൂട്ടത്തോടെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാറാലി നടത്തുമ്പോള്‍ അത് ഇരട്ടത്താപ്പാണ്. അതിനെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അണികള്‍ പോലും അംഗീകരിക്കില്ല. അത് ബോധ്യമായതിനാല്‍ തന്നെയാണ് ഹര്‍ത്താലിനില്ലെന്ന് തീരുമാനിക്കാന്‍ സിപിഎമ്മിനെയും പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: