തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും വിദേശത്തേക്ക്. വിദേശവിദ്യാര്‍ത്ഥികളെ കോളേജുകളിലേക്ക് ആകര്‍ഷിക്കാന്‍ മാലദ്വീപിലേക്കാണ് മന്ത്രിയുടെ യാത്ര.
ജലീലിന് പുറമെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ഡോ. എ.പി.ജെ. അബ്ദുള്‍കലാം സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ അയൂബ്, എഐസിടിഇ ഡയറക്ടര്‍ രമേഷ് ഉണ്ണികൃഷ്ണന്‍, കമ്യൂണിറ്റി സ്‌കില്‍സ് ഡയറക്ടര്‍ ടി.വി. വിനോദ് എന്നിവരാണ് സംഘത്തിലുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും ഫോണ്‍ ബില്ലടയ്‌ക്കാനും വരെ പണമില്ലാതെ സര്‍ക്കാര്‍ വലയുമ്പോഴാണ് മന്ത്രിയുടെ ഈ വിദേശയാത്ര.
മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോണ്‍, നെറ്റ് എന്നിവയ്‌ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവരാണ് കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് നല്‍കുന്നത്. വിദേശ സന്ദര്‍ശനത്തിന് പ്രതിദിനം 60 അമേരിക്കന്‍ ഡോളര്‍ അലവന്‍സ്, മാലദ്വീപില്‍ ഇന്ത്യന്‍ എംബസിക്ക് ചെലവാകുന്ന തുക എന്നിവയും സര്‍ക്കാര്‍ വഹിക്കും.
കേരളത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടെങ്കിലും വളരെക്കുറച്ചു പേര്‍ മാത്രമാണ് പഠിക്കാനെത്തുന്നത്. വിദേശ വിദ്യാര്‍ഥികളെ കിട്ടിയാല്‍ കോളജുകളുടെ റാങ്കിങ് ഉയരാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ യാത്ര വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെയാണ് മന്ത്രി ജലീലും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ നാലുദിവസത്തേക്കാണ് സന്ദര്‍ശനം.
















