സംഗീതം പൊഴിക്കുന്ന ക്ഷേത്ര വാദ്യോപകര ണങ്ങളില്‍ കൊമ്പിനേറെ പ്രാധാന്യമുണ്ട്. ഈ വാദ്യം ഉപയോഗിക്കാത്തത് നാഗസ്വരത്തിന് മാത്രമാണ്. അല്ലാതെ എഴുന്നള്ളിപ്പിന് കൊമ്പ് നിര്‍ബന്ധംതന്നെയാണ്. പ്രാണവായുവിനെ നിയന്ത്രണവിന്യാസത്തോടെ കടത്തിവിട്ടാണ് കൊമ്പ് വായിക്കുന്നത്. ഈ വാദ്യം വഴി വിവിധതരം ശബ്ദം പുറപ്പെടുവിക്കാം. പഞ്ചാരിയും പാണ്ടിയും ഉള്‍പ്പെടുന്ന മേളത്തിലും പഞ്ചവാദ്യത്തിനെയും മാറ്റുകൂട്ടുന്നതിന് കൊമ്പിന് വലിയ സ്ഥാനമുണ്ട്.
കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊമ്പ് വിദഗ്ധരുണ്ട്. മധ്യകേരളത്തില്‍ മച്ചാട്, പേരാമംഗലം, നായത്തോട് എന്നീ ഗ്രാമങ്ങളില്‍ ഒരുകാലത്ത് കൊമ്പ് വിദഗ്ധര്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പാരമ്പര്യ കലയായി സ്വീകരിച്ചവര്‍ കാലത്തിന്റെ മാറ്റത്തില്‍ ചുരുങ്ങി. എങ്കിലും ഈ കലയുടെ സാധ്യതകള്‍ തേടി നിരവധി വിദ്യാര്‍ത്ഥികള്‍ പ്രായഭേദമെന്യേ പഠിക്കാനൊരുങ്ങിയിട്ടുണ്ട്. നായത്തോടന്‍ ശൈലിയെ സ്വീകരിച്ച ഒരു ദേശമാണ് പെരുമ്പാവൂരിനടുത്ത ഓടക്കാലി ഗ്രാമം. നായത്തോടുനിന്ന് കാര്‍ഷിക വിളഭൂമിയായ ഈ ഭൂപ്രദേശം തേടിയെത്തിയതാവാം ഈ കലാകാരന്മാര്.
ഉത്സവം കൊട്ടിത്തീര്‍ന്നാല്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ഇവരൊന്നടങ്കം കൃഷിയിലേക്ക് തിരിയും. പുരുഷോത്തമന് നായരെന്ന കൊമ്പ്വാദകന്റെ മകനാണ് ഓടക്കാലി മുരളി. മുരളിയുടെ നൂറുകണക്കിന് ശിഷ്യര്‍ ഈ രംഗത്ത് നിറഞ്ഞുനില്ക്കുന്നു. മുരളിയുടെ കൊമ്പിന്റെ നാദം പ്രധാന ഉല്‍സവനഗരികളില്‍ അലയടിച്ചു വരുന്നു. കൊമ്പ് വായനയുടെ വിവിധ തലങ്ങള്‍ കണ്ടെത്തി അതുവഴി ആസ്വാദകരെ സൃഷ്ടിച്ച മുരളി ഗിന്നസ് ബുക്കില്‍വരെ ഇടം പിടിച്ചു. 2013 ജനുവരിയില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആനന്ദോത്സവ വേദിയില്‍ 443 കൊമ്പ് വാദകര്‍ മുരളിക്കൊപ്പം നിന്ന് ചെമ്പടതാളത്തില്‍ കൊമ്പ് വായിച്ചു.
കൊമ്പ് പറ്റ് ഒരു ചടങ്ങ് എന്നതിനപ്പുറം പ്രയോഗ സാദ്ധ്യതയുള്ള ഒന്നാണെന്ന് മച്ചാട് അപ്പനായരാണ് തിരിച്ചറിഞ്ഞത്. വിവിധ താളത്തില്‍ നെയ്തെടുത്ത പറ്റൂതല്‍ ഒരു കല തന്നെയായി. ചെങ്ങമനാട് അപ്പു വാശാനാണ് നായത്തോടന്‍ ശൈലിയില്‍ പറ്റൂതല്‍ പരിഷ്കരിച്ചത്. മുരളിയുടെ കാലത്ത് അതില്‍ ഗമ സാധ്യതകള്‍ നിറച്ചു. പില്ക്കാല ചിന്തകള്‍ പറ്റിനെ സംഗീത കച്ചേരി കണക്കില്‍ മിനുക്കുകയായിരുന്നു. ഒരു സ്റ്റേജ് കലയായി കൊമ്പ് പറ്റിനെ വളര്‍ത്തിയതും മുരളിയുടെ ചിന്തയാലായിരുന്നു. കൊമ്പിന്റെ മനോഹാരിതയറിഞ്ഞ പഴയ തലമുറയിലെ വിദ്വാന്മാര് എഴുതി ചേര്‍ത്ത അദ്ധ്യായങ്ങള്‍ പുതിയ തലം കണ്ടെത്തി വരുന്നു:ഈശ്വരനെ എഴുന്നള്ളിച്ച് നില്ക്കുന്ന മേളത്തിനും പഞ്ചവാദ്യത്തിനും പൊലിമ പകരുവാന്‍ കൊമ്പുവാദകരുടെ നിര നിര്‍ബന്ധമാണ്. മേളത്തിന്റെയും പഞ്ചവാദ്യത്തിന്റേയും വായനയ്ക്ക് നില്ക്കുമ്പോള് ദേവനഭിമുഖമായാണ് നില്ക്കുക. എന്നാല്‍ മേളത്തിന് സ്ഥാനം എവിടെയായാലും കൊമ്പിന്റെ ചുവട്ടില്‍ നിന്ന് ആസ്വദിക്കുന്നവര്‍ കുറവല്ല. കൊമ്പില്‍ നിന്നൊഴുകുന്ന കവിതയാല്‍ ഓടക്കാലി മുരളി വേറിട്ടു നില്ക്കുന്നു. മികച്ച കര്‍ഷകനായും കലാകാരനായും അച്ഛന്റെ പാത പിന്തുടരുന്നതില് അഭിമാനിക്കുന്നവനാണ് മുരളി. വളര്‍ന്നുവരുന്നതിനിടയില്‍ ഒരുപറ്റം ശിഷ്യരുടെ ഗുരുസ്ഥാനം നേടിയത് ഈശ്വരാനുഗ്രഹത്താല്‍.
ഒരുകാലത്ത് കൊമ്പ് വിളിക്കുന്നവര്‍ക്ക് വലിയസ്ഥാനമുണ്ടായിരുന്നില്ല. കാലാന്തരത്തില്‍ ആസ്വാദകര്‍ ഇവരെയും വളര്‍ത്തി. ബഹുമാനിക്കുന്നവിധം കല ഇവരില്‍ നൂറുമേനി വിളയിക്കാന്‍ ഇടവന്നത് കാരണവന്മാരുടെ സുകൃതം. കാലം ചെല്ലുംതോറും ഉപകരണത്തിന്റെ സാധ്യതകളെ കണ്ടെത്താതിരിക്കുകയില്ല. കാലം അറിഞ്ഞ് എന്തിനും വളര്‍ച്ചയുണ്ടാവും. ഇതാണ് ആധുനിക യുഗത്തിന്റെ സംഭാവന. ഇതുവഴി നാം വലിയ സ്ഥാനം കരസ്ഥമാക്കും എന്നതില്‍ സംശയിക്കാന്‍ ഇടയില്ല. കഴിവും കലയും കാലവും സ്വാധീനമായാല്‍ നാം അറിയാതെതന്നെ എവിടെയോ എത്തിച്ചേരും. ആസ്വാദകരും ശിഷ്യരും ഒരുമിച്ച് മുരളിയെ വീരശൃംഖല അണിയിക്കുകയാണ് ഓടക്കാലി എന്ന പിറന്ന മണ്ണില്‍വച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: