കേരളത്തില്‍ മാത്രമല്ല ഭാരതത്തിലെങ്ങുമുള്ള ലക്ഷക്കണക്കിന് സംഘകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ജ്യേഷ്ഠ സഹോദരനാണ് നവതി പിന്നിട്ട ഹരിയേട്ടനെന്ന ആര്. ഹരിയെന്ന രംഗഹരി. തൊണ്ണൂറു കൊല്ലക്കാലത്തെ സംഘജീവിതത്തിലെ എട്ടുപതിറ്റാണ്ടുകളും അദ്ദേഹം സംഘപ്രാംഗണമായ സംഘസ്ഥാനില്‍ ചെലവഴിച്ചുവെന്ന് നമുക്ക് പറയാനാവും. കഴിഞ്ഞ ആഴ്ചയില്‍ നവതി ദിനത്തില്‍ സാധാരണ ദിവസങ്ങളില്‍നിന്നു വിശേഷവിധിയായി ഒരു ക്ഷേത്രദര്‍ശനവും, താന്‍ തന്നെ ചുമതലയേറ്റ് കെട്ടിയുയര്‍ത്തിയ മാധവനിവാസ് എന്ന പ്രാന്തകാര്യാലയത്തിലെ ഊട്ടുപുരയില്‍ മറ്റു സ്വയംസേവകരോടൊപ്പം ഭക്ഷണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷവേളയില്‍ ഒപ്പം കൂടാന്‍ കഴിയാത്തതിന്റെ മനോവിഷമം വിട്ടുമാറുമെന്നു തോന്നുന്നില്ല. എന്നാല്‍ മുമ്പത്തെ വെള്ളിയാഴ്ച ഡിസംബര്‍ ആറിന് പ്രാന്തകാര്യകാരി ബൈഠക്കിന് പോയപ്പോള്‍ മാധവനിവാസിലെ അദ്ദേഹത്തിന്റെ മുറിയിലിരുന്ന് ഏറെ നേരം സംസാരിക്കാന്‍ ലഭിച്ച അവസരം അനുസ്മരിച്ചുകൊണ്ട് ആ കുണ്ഠിതം മറികടന്നു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിലെ നന്ദകുമാറും സഹധര്‍മ്മിണിയും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഹരിയേട്ടനുമായുള്ള സഹവാസവും സംഭാഷണവും അമൂല്യമായ ഒരു വിദ്യാഭ്യാസം തന്നെയാണ്. അതില്‍ കടന്നുവരുന്ന വിഷയങ്ങള്‍ക്ക് പരിമിതിയില്ല. പ്രാചീന കശ്മീര കവിയും രാജ്യതന്ത്രകുശലനുമായിരുന്ന കല്‍ഹണന്റെ രാജതരംഗിണി എന്ന പ്രഖ്യാതമായ ചരിത്രകാവ്യത്തെക്കുറിച്ച് നന്ദകുമാറുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഞാന്‍ അവിടെയെത്തിയത്. ഇന്നത്തെ രാജനീതിയിലും പ്രസക്തവും സാധാരണവുമായി കുതന്ത്രങ്ങളുടെയും കുടിലതകളുടെയും കാര്യത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പത്തെ കശ്മീരവും സമൃദ്ധമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു.
നന്ദകുമാറിനെ എന്തോ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയശേഷം ഞങ്ങള്‍ തമ്മിലായി സംസാരം. 1921 ലെ മാപ്പിളലഹളയുടെ നൂറ്റാണ്ട് സമീപിച്ചിരിക്കെ, ലഹളയെ മഹത്വവല്‍ക്കരിക്കുന്നവരുടെ ഭാഗത്തു വസിച്ച ആഘോഷാചരണങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്ന കാര്യം സ്വാഭാവികമായും സംഭാഷണ വിഷയമായി. ആര്യസമാജമായിരുന്നല്ലൊ ആ ലഹളയുടെ ഫലമായി അവര്‍ണനീയമായ പീഡനങ്ങളും വംശഹത്യകളും വസ്തുനാശവും കൂട്ടമാര്ക്കംകൂട്ടലുകളും നേരിടേണ്ടി വന്ന ലക്ഷക്കണക്കിന് ഹിന്ദു സഹോദരങ്ങള്‍ക്ക് ആശ്വാസമായി എത്തിയത്. അന്ന് ആര്യസമാജത്തിന്റെ ആസ്ഥാനമായിരുന്ന ലാഹോറില്‍നിന്നും, പെഷവാര്‍, ബലൂചിസ്ഥാന്‍ മുതലായ സ്ഥലങ്ങളില്‍ നിന്നുമെത്തിയ ആര്യസമാജ മിഷനറിമാരായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മാര്ക്കംകൂട്ടപ്പെട്ടവരെ ശുദ്ധികര്‍മം വഴി ഹിന്ദുത്വത്തിലേക്കു വീണ്ടെടുക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്. അതിന് മുന്നില്‍നിന്ന പണ്ഡിത് ഋഷിറാമിന്റെ സഹായിയായിരുന്ന വേദബന്ധുവെന്ന കൊട്ടാരക്കരക്കാരന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന ചെങ്ങന്നൂരിലെ ആര്‍ഷനാദം മാസികയുടെ നവംബര്‍ ലക്കം ഹരിയേട്ടന് എനിക്കു സമ്മാനിച്ചു. കൂടാതെ മുതിര്‍ന്ന സംഘചുമതലയുള്ളവര്ക്കായി നടത്തപ്പെട്ട പഞ്ചദിന പരിശീലന ശിബിരത്തില്‍ ഹരിയേട്ടന്റെ ബൗദ്ധിക്കുകളുടെ സമാഹാരമായ ‘പഥിക് ഔര്‍ പാഥേയ്’ എന്ന പുസ്തകവും തന്നു. അതദ്ദേഹം എനിക്കു തന്ന നവതി പുരസ്കാരമായി കരുതി ഞാന്‍ കോള്‍മയിര്‍കൊണ്ടു.
‘1921 ലെ മാപ്പിള ലഹള’ എന്ന പേരില്‍, മലബാര്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന സി. ഗോപാലന് നായര്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കാന്‍ വെള്ളിനേഴിയിലെ ആദ്യ സമാജ ഘടകം താല്‍പ്പര്യപ്പെടുകയും, അതു തയാറാക്കിക്കൊടുത്തത് അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത വിവരവും ഹരിയേട്ടനെ അറിയിച്ചു.
സമ്പന്നമായ ഒരു മണിക്കൂര്‍ സമയംകൊണ്ട് ചാര്‍ജ് ചെയ്യപ്പെട്ടാണന്നു മടങ്ങിയത്. ഹരിയേട്ടനുമായി പരിചയപ്പെട്ട് എത്രനാളായി എന്നു ചിന്തിച്ചപ്പോള്‍ ഏഴുപതിറ്റാണ്ടുകള്‍ തികയാറാകുന്നുവെന്നു ബോധ്യം വന്നു. 1953 ആദ്യം തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയിലാണ് ഹരിയേട്ടന്, ജ്യേഷ്ഠന് പുരുഷോത്തമന്, കൂട്ടുകാരന് മിന്റായ് എന്നുവിളിച്ചിരുന്ന ടി.എം.വി. ഷേണായി എന്നിവരുമായി പരിചയപ്പെട്ടത്. അവര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കൊല്ലം ശ്രീനാരായണ കോളജില്‍ നടന്ന ഹേമന്ത ശിബിരത്തിലെ ശിക്ഷകരായുണ്ടായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലും കന്യാകുമാരിയിലും മറ്റും ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു അവര്‍. പരിചയപ്പെടുന്നതിനിടയില്‍ ഞാന്‍ തൊടുപുഴക്കാരനാണെന്നറിഞ്ഞപ്പോള്‍ മേല്‍വിലാസം വാങ്ങി. അടുത്ത അവധിക്കാലത്ത് ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ഹരിയേട്ടന്റെ കാര്‍ഡ്. മാ. അണ്ണാജി ആലുവയില്‍ എത്തുന്നു. കഴിയുമെങ്കില്‍ എത്തുക. വിവരമറിയിക്കാന്‍ വിലാസവും: ആര്.ഹരി, കെ. സദാനന്ദന്‍പിള്ള, ആനന്ദമന്ദിരം, തോട്ടയ്ക്കാട്ടുകര, ആലുവ.
ഇവര്‍ മൂന്നുപേരും പുരുഷോത്തമനും ടിഎംവിയും, സദാനന്ദന്‍പിള്ള(കൊച്ചണ്ണന്)യും പിന്നീട് എത്രത്തോളം അടുപ്പത്തില്‍ വന്നുവെന്നത് അവിസ്മരണീയമാണ്. ടിഎംവിയാണ് സംഘപ്രസ്ഥാനത്തിന്റെ പത്രപ്രവര്‍ത്തനരംഗത്തിന് താങ്ങായിനിന്നത്. ആദ്യം രാഷ്ട്ര വാര്‍ത്തയുടെയും പിന്നീട് ജന്മഭൂമിയുടെയും നങ്കൂരമെന്നതുപോലെ ആയിരുന്നു ടി.എം.വി. ഷേണായി. ജന്മഭൂമിയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്മരിക്കുന്നുണ്ടാകും. കൊച്ചണ്ണന്റെ വീട്ടിലെത്തിയതു ഹരിയേട്ടന്റെ കത്തുകിട്ടി പിന്നെയും നാലുവര്‍ഷമെങ്കിലും കഴിഞ്ഞായിരുന്നു. കാലടിയില്‍ നടന്ന ഒരു ബാലശിബിരം കഴിഞ്ഞ് പരമേശ്വര്‍ജിയും ആലുവായിലെ സ്വയംസേവകരുമൊരുമിച്ച് ദേശം കടവു കടന്ന് നടന്ന് തോട്ടക്കാട്ടുകരയിലെ കൊച്ചണ്ണന്റെ വീട്ടിലെത്തി. അവിടെ കുളി കഴിഞ്ഞു നില്ക്കുമ്പോള് എന്റെ ദേഹത്ത് ഏതാനും കുമിളകള്‍ കണ്ടു. അപ്പോള്‍ത്തന്നെ പരമേശ്വര്‍ജി എന്നെ എറണാകുളം കാര്യാലയത്തില്‍ കൊണ്ടുപോയി. ‘ദേവി വിളയാട്ടം’ ഉറപ്പിച്ചു. ഹരിയേട്ടന്റെ ജ്യേഷ്ഠന് ശുശ്രൂഷ ഏറ്റെടുത്തു. ഈ കഥ ഈ പംക്തികളില്‍ മുന്‍പ് വിവരിച്ചിട്ടുണ്ട്.
ഗുരുവായൂരില്‍ പ്രചാരകനായിരുന്ന കാലത്ത് ഹരിയേട്ടന് പാലക്കാട്, തൃശൂര്‍ ഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു. അപ്പോഴേ ഞങ്ങള്‍ക്ക് അടുപ്പമുണ്ടായി വന്നുള്ളൂ. ഓരോ കൂടിക്കാഴ്ചയും സഹവാസവും പ്രത്യേകം വിജ്ഞാന സമ്പാദനാവസരംപോലെയായിരുന്നു അനുഭവപ്പെട്ടത്. സംഘചരിത്രം, സംഘപാരമ്പര്യത്തിന്റെ ഉള്ളറകള്‍, സവിശേഷതകള്‍, ഓരോ പരിതസ്ഥിതിയിലും സംഘം പ്രതികരിക്കുന്ന രീതി, അങ്ങനെയായതെന്തുകൊണ്ട് മുതലായ നിരവധി സംഗതികള്‍ നമുക്ക് സഹജമായി മനസ്സിലാക്കാന്‍ പറ്റുന്നവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ബോധനം. ഒരുമിച്ചുള്ള യാത്രകളില്‍ സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതും സവിശേഷമായവിധത്തിലായിരുന്നു.
അതില്‍ ഏറ്റവും അപ്രതീക്ഷിതമായത് 1966 ല്‍ ഇടുക്കിയിലേക്കു പോയതായിരുന്നു. ഇടുക്കി പദ്ധതിയുടെ വിശദമായ സര്‍വേ നടത്തിയ ‘സര്‍വേ ഓഫ് ഇന്ത്യ’ സംഘത്തിലെ ഒരു പ്രമുഖാംഗമായിരുന്നു ബാംഗ്ലൂര്‍ സ്വയംസേവകന് സമ്പത്ത് കുമാര്‍, സംഘശിക്ഷാ വര്‍ഗുകള്‍ മൂന്നിലും ഞാന്‍ ഉള്‍പ്പെട്ട ഗണയിലായിരുന്നു. അദ്ദേഹം ഇടുക്കി നദീതടത്തെക്കുറിച്ചു നല്കിയ ഉദ്വേഗജനകമായ വിവരണം അവിടം കാണാന്‍ പ്രേരണയായി എന്നുപറയാം. ഒരു സായാഹ്നത്തില്‍ മുന്‍ നിശ്ചയമനുസരിച്ച് ഹരിയേട്ടനെയും കൂട്ടി എന്റെ വീട്ടില്‍ എത്തി, പിറ്റേന്നു രാവിലത്തെ ബസ്സില്‍ പുറപ്പെട്ടു. വിചാരിച്ചതിനെക്കാള്‍ കഠിനമായിരുന്നു യാത്ര. ബസ് മാറിയാണ് മുകളിലെത്തിയത്. അണക്കെട്ടിന്റെ പണി ആരംഭിച്ചിട്ടില്ല. വഴിക്കു ഞങ്ങള്‍ കാഴ്ച കണ്ടു നടക്കവേ ഹരിയേട്ടനെ ആരോ കൊങ്കണി ഭാഷയില്‍ വിളിച്ചു. അവിടെയെത്തിയപ്പോള്‍ അദ്ദേഹത്തിനു പരിചിതനായ പഴയ സ്വയംസേവക സുഹൃത്ത്. അവരുമായി കുറേ സമയം സംസാരിച്ച് ആതിഥ്യം സ്വീകരിച്ച് അടുത്ത ബസ്സില്‍ ഇടുക്കിയിലേക്കു പുറപ്പെട്ടു. ഇടുക്കി അണക്കെട്ട് ഇന്നു സ്ഥിതിചെയ്യുന്ന ഇടുക്കിയില്‍ പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒട്ടേറെ ജാക്ക്ഹാമറുകളും കല്ലു നീക്കുന്ന യന്ത്രങ്ങളും അണക്കെട്ട് നിര്‍മ്മിക്കേണ്ട സ്ഥലത്തുനിന്നും പുഴയുടെ ഒഴുക്കു തിരിച്ചുവിടാന്‍ രണ്ടു തുരങ്കങ്ങള്‍ ഉണ്ടാക്കി അതിലൂടെ വെള്ളം ഒഴുകുന്നു. മറുഭാഗത്ത് വിശാലമായ പെരിയാര്‍ ചുരുങ്ങി ഞെരുങ്ങി ആ തുരങ്കത്തിലേക്കു പ്രവേശിക്കുന്നു. ഞങ്ങള്‍ക്കു മടങ്ങിപ്പോകാനുള്ള എറണാകുളം ഫാസ്റ്റ് അപ്പോഴേക്കും പെരിയാര്‍ സ്റ്റോപ്പിലെത്തി. അവിടത്തെ കടയില്‍നിന്നു ഒരു ചായയും നേന്ത്രപ്പഴവും വീതം കഴിച്ച് കയറി (ചായ പത്തു പൈസ, പഴം പത്തു പൈസ) മടങ്ങി.
അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖായിരുന്നപ്പോള്‍ ഹരിയേട്ടന് വിദേശവിഭാഗിന്റെ ചുമതല ലഭിച്ചു. ആദ്യത്തെ യാത്ര മ്യാന്‍മറിലേക്കായിരുന്നു. ബര്‍മ എന്നായിരുന്നല്ലൊ ആ രാജ്യത്തിന് ബ്രിട്ടീഷു ഭരണകാലത്ത് അവര്‍ നല്കിയ പേര്. ബുദ്ധമതമാണവിടത്തുകാരുടെ ധര്‍മം. അതേപോലെ സനാതന ധര്‍മവും അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. ഭാരതീയര്‍ ആ രാജ്യത്തെ ബ്രഹ്മദേശം എന്നു പറഞ്ഞുവന്നു. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ ആ രാജ്യവുമായുള്ള ഭാരതത്തിന്റെ ബന്ധത്തിന്റെ ചാന്തുകൂട്ടായിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ സഹായിച്ച ബഹാദൂര്‍ ഷാ എന്ന അവസാന മുഗള്‍ ചക്രവര്‍ത്തിയെ ബ്രിട്ടീഷുകാര്‍ അങ്ങോട്ടാണ് നാടുകടത്തിയത്. ലോകമാന്യ തിലകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അയച്ചത് മാണ്ഡലേയിലെ ജയിലിലേക്കായിരുന്നു. കേരള പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍റാവു ജനിച്ചതും ആ രാജ്യത്തായിരുന്നല്ലോ. ബ്രിട്ടീഷ് വാഴ്ച അവസാനിച്ചപ്പോള്‍ ആ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന റംഗൂണില്‍ സംഘപ്രവര്ത്തനമുണ്ടായിരുന്നു. നല്ല നിലയ്ക്കുള്ള ശാഖകള്‍ അവിടെയുണ്ടായിരുന്നു. പൂജനീയ ഗുരുജിയുടെ 51-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വലിയൊരു സ്വീകരണ പരിപാടി അവിടത്തെ സ്വയംസേവകര്‍ ആസൂത്രണം ചെയ്തു. ബര്‍മാ സര്‍ക്കാരിനും അതില്‍ എതിര്‍പ്പുണ്ടായില്ല. എന്നാല്‍ പണ്ഡിത് നെഹ്റുവിന്റെ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന്റെ വിദേശയാത്രക്ക് അനുമതി നല്‍കിയില്ല.
മ്യാന്മറിലെ സന്ദര്ശനത്തെക്കുറിച്ചറിഞ്ഞപ്പോള് അതിന്റെ ഒരു അനുസ്മരണം ജന്മഭൂമിക്ക് നല്‍കണമെന്ന് താല്പര്യപ്പെട്ടു. അദ്ദേഹം സസന്തോഷം അതു അയച്ചുതന്നു. ജന്മഭൂമി ഏതാനും ലക്കങ്ങളിലായി അതു പ്രസിദ്ധീകരിച്ചിരുന്നു. ആ രാജ്യത്തെ യാത്രയ്ക്കിടയിലും, ഭാരതത്തിലെപോലെതന്നെ അവിടത്തെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും, സംസ്കാരത്തിന്റെ തനിമയെ അറിയാനും ഹരിയേട്ടന് ശ്രമിച്ചു. അവിടത്തെ വിഹാരങ്ങളും ഹിന്ദുക്ഷേത്രങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണത്തിനു പാത്രമായി. മറ്റനേകം ലോകരാജ്യങ്ങളിലെ സന്ദര്‍ശനങ്ങളില്‍നിന്ന് അദ്ദേഹം ഉള്‍ക്കൊണ്ട സംഗതികള്‍ തീര്‍ച്ചയായും മാനവസമൂഹത്തെക്കുറിച്ചുള്ള സംഘവീക്ഷണം ദൃഢമാകാന്‍ സഹായിച്ചിരിക്കും. പ്രാങ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ ആഗോള സമാഗമത്തിലും അദ്ദേഹം ഭാരത പ്രതിനിധിയായിരുന്നു. സെമിറ്റിക് മതങ്ങളുടെ വിനാശകരമായ ആക്രമണങ്ങളെ അതിജീവിച്ച ആ വിഭാഗക്കാര്‍ ഇന്നും പാശ്ചാത്യ രാജ്യങ്ങളില്‍ ഗതികിട്ടാതെ കഴിയുന്നുണ്ടല്ലൊ. ഐഎസുകാരുടെ പ്രത്യേകാക്രമണത്തിന് അവര്‍ ലക്ഷ്യമായിരുന്നു.
അറിവിന്റെയും കാഴ്ചപ്പാടിന്റെയും കാര്യത്തില്‍ ഹരിയേട്ടന് ഒരു മഹാമേരുവോ മഹാസാഗരമോ പോലെയാണ്. ആര്‍ക്കും അവിടെ സമീപിക്കാം. ആവശ്യമുള്ളത്രയും കോരിയെടുക്കാം, കുടിക്കാം, കുളിക്കാം, ആറാടാം; ‘ആകാരോഹ്രസ്വ’ എന്ന് കാക്കശ്ശേരിയെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികള്‍ ആക്ഷേപിച്ചുവെങ്കില്‍ ‘ആകാരോഹ്രസ്വ ആകാരോ ദീര്‍ഘഃ’ എന്ന ദ്വയാര്ത്ഥപ്രയോഗത്തിന് ആ സവ്യസാചിക്കു ഒരു മടിയുമില്ല, അതില്ലാതെ ആര്‍ക്കും സംഗതി മനസ്സിലാകുകയും ചെയ്യും.
ശ്രീ. വി.എം. കൊറാത്ത് ജന്മഭൂമിയുടെ മുഖ്യപത്രാധിപത്യം ഒഴിഞ്ഞ് മടങ്ങിയപ്പോള്‍, ആ സ്ഥാനം വഹിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. അതിനു മുന്‍പ് ഏതാനും വര്‍ഷക്കാലത്തേക്ക് ഞങ്ങള്‍ നേരിട്ട് ബന്ധപ്പെടാറുണ്ടായിരുന്നില്ല. അദ്ദേഹം അഖിലഭാരതീയ ബൗദ്ധിക് പ്രമുഖന്റെ ചുമതലയില്‍ രാജ്യമെമ്പാടും സഞ്ചരിക്കുകയായിരുന്നു. ഒരു ദിവസം ജന്മഭൂമിയിലെത്തി, അഭിനന്ദനംകൊണ്ട് പൊതിഞ്ഞു. പുതുവസ്ത്രം, ഭഗവദ്ഗീതയുടെ ഗീതാപ്രസ് വ്യാഖ്യാനത്തോടുകൂടിയ ബൃഹത് വാല്യം ഇവയൊക്കെ തന്ന് ഹൃദയം കുളിര്ക്കുമാറ് അനുഗ്രഹിച്ചു.
പൂജനീയ ഗുരുജിയുടെ സംപൂര്‍ണ വാങ്മയം തയ്യാറാക്കി അതിനെ പന്ത്രണ്ട് വാല്യങ്ങളിലാക്കി വര്‍ഗീകരിച്ചു പ്രസിദ്ധീകരിച്ച പ്രയത്നത്തിന്റെ സാരഥ്യം അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ടു. അത്, എല്ലാ ഭാരതീയ ഭാഷകളിലും ഒരേസമയം പ്രസിദ്ധീകരിക്കുന്നതിന്റെ ആളും അര്‍ത്ഥവും സ്വരൂപിച്ചതിന്റെ നായകത്വംകൂടി വഹിക്കുകയും, പൂജനീയ ഗുരുജിയുടെ ജീവിതപഠനം സ്വയം തയ്യാറാക്കുകയുംകൂടി ചെയ്ത മഹാപ്രതിഭ ഒരന്വയാലങ്കാരംതന്നെയാണ്. ”ഗഗനം ഗഗനാകാരം സാഗരം സാഗരോപമം. രാമരാവണയുദ്ധത്തിനു സമം രാമരാവണയുദ്ധമൊഴിഞ്ഞില്ല” (അധ്യാത്മരാമായണം).എളമക്കരയിലെ മാധവനിവാസിലെ കൊച്ചുമുറിയില്‍ കഴിയുന്ന മഹാമനീഷി നമ്മെ നയിക്കാന്‍ ഇനിയും ഏറെക്കാലം ഉണ്ടായിരിക്കണേ എന്നു മാത്രമേ പ്രാര്ഥിക്കാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: