ജാർഖണ്ഡ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. സമൂഹം നല്‍കുന്ന സംഭാവനകളിലൂടെയാണ് ക്ഷേത്രം യാഥാർത്ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയില്‍ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ക്ഷേത്രത്തിൽ ദളിതരെന്നോ സ്ത്രീകളെന്നോ യുവാക്കളെന്നോ തുടങ്ങി യാതൊരു തരത്തിലുള്ള വിവേചനങ്ങളും ഉണ്ടാകില്ല. സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നത്.
സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നത്. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ശില ( ഇഷ്ടിക)യും സംഭാവന നല്‍കാന്‍ ഞാന്‍ അപേക്ഷിക്കുന്നു- യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നവംബര്‍ 9നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും ഉത്തരവായി.
















