ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങള്‍ക്ക് പുതിയ ജന്മം നല്‍കി, ദല്‍ഹിയിലെ മഞ്ചു കാ തില പ്രദേശത്ത് താമസിക്കുന്ന ഹിന്ദു അഭയാര്‍ഥിയായ സ്ത്രീ ഇതു പറയുമ്പോള്‍ കരയുകയായിരുന്നു. പൗരത്വബില്‍ രാജ്യസഭയും പാസാക്കിയതിന്റെ സന്തോഷത്തില്‍ മഞ്ചു കാ തിലയില്‍ താമസിക്കുന്ന ഹിന്ദു അഭയാര്‍ഥികള്‍ ഇന്നലെയും വലിയ ആഹ്ലാദപ്രകടനമാണ് സംഘടിപ്പിച്ചത്. ആഹ്ലാദസൂചകമായി ഒരമ്മ മകള്‍ക്ക് പേരിട്ടു, നാഗരികത. പൗരത്വം എന്നര്‍ഥമുള്ള വാക്കാണിത്. പാക്കിസ്ഥാനില്‍ നിന്ന് അഭയം തേടി ഇന്ത്യയിലെത്തിയ ഹിന്ദു സ്ത്രീയാണ് രണ്ടു വയസ്സുള്ള മകള്‍ക്ക് നാഗരികത എന്നു പേരിട്ടത്. പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ താമസിക്കുന്ന ദല്‍ഹിയിലെ മഞ്ചു കാ തില പ്രദേശത്താണ് ഇവരും താമസം.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന വിധത്തില്‍ ഭേദഗതി ചെയ്ത ബില്‍ ലോക്‌സഭയ്‌ക്കു പിന്നാലെ കഴിഞ്ഞ ദിവസം രാജ്യസഭയും പാസാക്കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി അഭയാര്‍ഥികള്‍ക്കാണ് ബില്‍ ആശ്വാസമായത്. ഇവര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഏറെക്കാലമായുള്ള ഇവരുടെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ഭാരത് മാതാ കീ ജയ് വിളിച്ച് തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നി
ശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചു. മധുരം വിതരണം ചെയ്തു. ഞങ്ങളുടെ കഴിഞ്ഞ തലമുറയുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമാവുന്നത്. അവര്‍ കൊടിയ പീഡനങ്ങളും വേദനയും സഹിച്ചാണ് മറ്റു രാജ്യങ്ങളില്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും എപ്പോഴും പ്രധാനമന്ത്രിക്കൊപ്പമുണ്ട്, അഭയാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. മോദി ഞങ്ങള്‍ക്ക് പുതിയ ജന്മം നല്‍കിയെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇത്രയും ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രിയെ ഒരിക്കലും മറക്കില്ല. പാക്കിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് വന്ന് ഈ ആഹ്ലാദത്തില്‍ പങ്കുചേരണം എന്നാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടത്.
















