കൊച്ചി: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വണ്ടിതിരിച്ച യുവാവ് ബൈക്കില്‍നിന്ന് വീണ്, വാട്ടര്‍ ടാങ്കര്‍ലോറി കയറി മരിച്ചു. കൂനമ്മാവ് സ്വദേശി കെ.എല്‍. യദുലാലാണ് (23) കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്‌റ്റേഷനു ചേര്‍ന്ന സ്ഥലത്തെ അപകടത്തില്‍ മരിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിക്കായിരുന്നു അപകടം. പൊതുമരാമത്ത് വകുപ്പിന്റെ തിരക്കേറിയ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പൈപ്പ് പൊട്ടി ചെറിയകുഴിയുണ്ടായി. വാട്ടര്‍ അതോറിറ്റിയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അത് വലിയ കുഴിയായി ഒറ്റവരി റോഡിന്റെ പകുതിയോളമെത്തി. ബൈക്കില്‍ പോയ യദുലാല്‍ കുഴിയും തള്ളി നില്‍ക്കുന്ന ബോര്‍ഡും കണ്ട് ബൈക്ക് തിരിക്കുമ്പോള്‍ ബോര്‍ഡില്‍ തട്ടി തെറിച്ചു വീണു. തുടര്‍ന്ന് പിന്നില്‍ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
ചെറിയപ്പിള്ളി മഡോണ ടെയ്ലേഴ്‌സ് ഉടമ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മൂത്ത മകനാണ് യദുലാല്‍. നിഷ ലാലാണ് അമ്മ. നന്ദുലാല്‍ ഏക സഹോദരന്‍. പരിക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെട്രോ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് കഴിഞ്ഞയാഴ്ച ടാര്‍ ചെയ്തതാണ്. അപ്പോഴും പൈപ്പ് ചോര്‍ച്ച അടയ്‌ക്കാഞ്ഞതിനാല്‍ ഈ കുഴി മൂടിയില്ല. പൊതുമരാമത്ത് വിഭാഗമാണ് കുഴി അടയ്‌ക്കേണ്ടിയിരുന്നതെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. പൊട്ടിയ പൈപ്പ് ശരിയാക്കാഞ്ഞതിനാലാണ് ടാര്‍ ചെയ്യാത്തതെന്ന് പൊതുമരാമത്ത് വകുപ്പും. ഇവര്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. വാട്ടര്‍ അതോറിറ്റി സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ജലവിഭവ വകുപ്പ് നിര്‍ദേശം നല്‍കി. അപകടത്തില്‍ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു.
യദുലാലിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാലാരിവട്ടം പോലീസ് കേസെടുത്തു.
















