തൃശൂര്‍: പെരുമ്പാമ്പിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ഫോറസ്റ്റ് വാച്ചറുടെ വിഡിയോ വൈറലാകുന്നു. പാമ്പ് കിണറ്റില്‍ വീണു കിടക്കുന്നെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ പേരാവണ്ണം സ്വദേശിയും ഫോറസ്റ്റ് വാച്ചറുമായ ഷഗല്‍ കിണറ്റിലിറങ്ങുന്നത്. പാമ്പിനെ കിണറ്റില്‍ നിന്ന് എടുത്ത് കയറില്‍ തൂങ്ങി മുകളിലേക്കു കയറുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചിരിക്കുന്നത്. പാമ്പ്, ഷഗലിനെ വരിഞ്ഞു മുറുക്കുന്നതും വിഡിയോയില്‍ കാണാം.
പാമ്പിനെ കൈയിലെടുത്ത് മുകളിലെത്തിയപ്പോള്‍ ഷഗലിനെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്ന് വഴുതി താഴേക്കു വീഴുന്നുണ്ട്. ഇത് മറ്റൊരു രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഷഗലിന് അപകടം പറ്റിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
അപകടം നിറഞ്ഞ പ്രവൃത്തിയാണ് ചെയ്തതെന്ന് നാട്ടുകാരും കൂട്ടുകാരും ശകാരിക്കുമ്പോഴും ഇത് തന്റെ ജോലിയാണെന്ന് ഷഗല്‍ വ്യക്തമാക്കുന്നു. മുന്‍പ് കിണറ്റില്‍ അകപ്പെട്ട ഒരു രാജവെമ്പാലയെയും ഷഗല്‍ ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മാന്‍, പന്നി, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
















