ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ ബില്‍. ഇതില്‍ രാഷ്‌ട്രീയമില്ല രാജ്യ താത്പ്പര്യമാണെന്ന് ബിജപി വര്‍ക്കിങ് പ്രസിഡന്റ ജെ.പി. നദ്ദ. പൗരത്വ ബില്‍ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടയിലാണ് ഇക്കാര്യം അറിയിച്ചത്.
ബില്ലിനെ ഒരിക്കലും രാഷ്‌ട്രീയ വത്കരിക്കരുത്. സ്വന്തം രാജ്യത്ത് പീഡനത്തിനിരയായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഭരണഘടനയിലെ സമത്വം എന്ന ആശയത്തെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെടുത്തിയാണ് ബില്ലില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇത് പാസാകുന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പൗരത്വ ബില്ലിനെതിരെ വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബില്ലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ല. നിലവിലുള്ള എല്ലാ അവകാശങ്ങളും തുടര്‍ന്നും ലഭിക്കുന്നതാണ്. ഇതില്‍ രാഷ്‌ട്രീയ താത്പ്പര്യങ്ങളൊന്നുമില്ല. രാജ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ബംഗ്ലാദേശിലടക്കം അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതിന്റെ
മാനുഷികവശത്തെക്കുറിച്ച് 2003-ല്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രസ്താവന നടത്തിയിരുന്നു. 2003ല്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും നദ്ദ അറിയിച്ചു.
രാഷ്‌ട്രവിഭജനകാലത്ത് ആ പ്രവൃത്തിക്ക് നേതൃത്വം വഹിച്ചവര്‍ ആഗ്രഹിച്ചത് രണ്ട് രാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ലഭിക്കണം എന്നാണ് ധാരണയില്‍ എത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവും ലിയാഖത്ത് അലിയും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാവേണ്ടിയിരുന്നു. 1950-ല്‍ പുതിയൊരു ഭരണഘടന സ്ഥാപിച്ച് ഇന്ത്യയെ ഒരു ജനാധിപത്യ മതേതര റിപബ്ലിക് ആക്കി മാറ്റി നമ്മുടെ മുന്‍ഗാമികള്‍ വാക്കുപാലിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്‌ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
പാക്കിസ്ഥാനിലേയോ ബംഗ്ലാദേശിലേയോ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് ഹിന്ദു അഭയാര്‍ത്ഥികള്‍ അവിടെ നേരിടുന്ന പീഡനങ്ങള്‍ കണ്ടാല്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ നിങ്ങള്‍ തന്നെ മുന്‍കൈയ്യെടുക്കുമെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.
















