കൊച്ചി: കൈവെട്ടു കേസിലെയും വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെയും പ്രതികള്‍ക്ക് സാക്ഷി മൊഴികളുടെ പകര്‍പ്പുകള്‍ മാത്രം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇരു കേസിലെയും സംരക്ഷിത സാക്ഷികളെ (വ്യക്തി വിവരങ്ങള്‍ രഹസ്യമാക്കിയ സാക്ഷികള്‍) തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ മറച്ചു മാത്രമേ മൊഴി പകര്‍പ്പുകള്‍ നല്‍കാവൂയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ചോദ്യപേപ്പര്‍ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ നേരത്തെ എന്‍ഐഐ കോടതി വിധി പറഞ്ഞിരുന്നു. പിന്നീടു പിടിയിലായ പ്രതികളുടെ വിചാരണ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
സാക്ഷിമൊഴിയുടെ പകര്‍പ്പ് വേണമെന്ന ഈ പ്രതികളുടെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയും വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്ക് സാക്ഷി മൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ വിചാരണക്കോടതി ഉത്തരവിട്ടതിനെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജിയുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കൈവെട്ടു കേസില്‍ പത്ത് സംരക്ഷിത സാക്ഷികളും വളപട്ടണം കേസില്‍ 12 സംരക്ഷിത സാക്ഷികളുമാണു
ള്ളത്. ഇവരുടെ വിവരങ്ങള്‍ മറച്ചു വയ്‌ക്കുന്നതിനൊപ്പം മറ്റു സാക്ഷികളുടെ രഹസ്യ മൊഴിയുടെ പകര്‍പ്പും നല്‍കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൈവെട്ടു കേസിലെ അന്തിമ റിപ്പോര്‍ട്ടിന്റെയും പിന്നീടു നല്‍കിയ രണ്ട് അനുബന്ധ കുറ്റപത്രങ്ങളുടെയും പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കണം.
പ്രതികള്‍ക്കു നല്‍കാനുള്ള പകര്‍പ്പുകള്‍ എന്‍ഐഎ രണ്ടാഴ്ചയ്‌ക്കുള്ളില്‍ തയാറാക്കി വിചാരണക്കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐഎസിനു വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മിഥിലാജ്, അബ്ദുള്‍ റസാഖ്, ഹംസ എന്നീ പ്രതികളും കൈവെട്ടു കേസില്‍ ടി.പി. സുബൈര്‍, അയൂബ്, നൗഷാദ് എന്നിവരുമാണ് വിചാരണ നേരിടുന്നത്.
















